തിരുവനന്തപുരം: മലേറിയയ്ക്കെതിരേ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ആർട്ടെമിസിനിനെ മലേറിയ പാരസൈറ്റുകൾ അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട മെക്കാനിസത്തെക്കുറിച്ചുള്ള കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ(ബ്രിക്ആർജിസിബി) ശാസ്ത്രജ്ഞർ. ഭാവിയിൽ മലേറിയ ചികിത്സകൾക്കു പ്രയോജനപ്രദമാകുന്ന സുപ്രധാന കണ്ടെത്തലാണിത്.
ആർജിസിബിയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിന്റെ റിപ്പോർട്ട് ദ ജേണൽ ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിൽ എഡിറ്റേഴ്സ് ചോയ്സ് ലേഖനമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
റെറ്റിക്യുലോസൈറ്റുകൾ എന്നറിയപ്പെടുന്ന പുതുതായി രൂപംകൊള്ളുന്ന ചുവന്ന രക്താണുക്കൾ സൃഷ്ടിക്കുന്ന സംരക്ഷിത ബയോകെമിക്കൽ അന്തരീക്ഷം കാരണം മലേറിയ പാരസൈറ്റുകൾക്ക് ഈ മരുന്നിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണു കണ്ടെത്തൽ. ചികിത്സ നൽകിയിട്ടും ചിലരിൽ മലേറിയ അണുബാധ ഭേദമാക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നു വിശദീകരിക്കാൻ ഈ കണ്ടെത്തലുകൾ സഹായകമാകുമെന്ന് ബ്രിക്ആർജിസിബി ഡയറക്ടർ ഡോ. ബീന പിള്ള പറഞ്ഞു.
തിരുവനന്തപുരം ഐസർ, തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രി, പൂനയിലെ സിഎസ്ഐആർ നാഷണൽ കെമിക്കൽ ലബോറട്ടറി (എൻസിഎൽ) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ബ്രിക്ആർജിസിബിയിൽ ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയത്.
ആർജിസിബിയിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ. രാജേഷ് ചന്ദ്രമോഹനദാസ്, ക്രിസ്റ്റീൻ ഡേവിസ്, ലക്ഷ്മി എന്നിവരടങ്ങുന്ന ഗവേഷക സംഘമാണു പഠനം നടത്തിയത്.
Tags : Malaria BRIC ArgCB Research Group BRIC RGCB