എവിയന്‍-ലെ-ബെയ്ന്‍സ് (ഫ്രാന്‍സ്): വ്യാപാരവും കണക്ടിവിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ആഗോള ചട്ടക്കൂട് (‘ഇംപാക്ട്’) രൂപവത്കരിക്കാനുള്ള നിര്‍ദേശം മുന്നോട്ടുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിയുടെ ഔട്ട്റീച്ച് സമ്മേളനത്തില്‍ സംസാരിക്കവേയാണ് ജി7 രാജ്യങ്ങള്‍, ഇന്ത്യ, ഗ്ലോബല്‍ സൗത്ത് രാജ്യങ്ങള്‍ എന്നിവയുടെ കരുത്ത് ഒന്നിപ്പിച്ചുകൊണ്ടുള്ള ‘ഇംപാക്ട്’ എന്ന പുതിയ പങ്കാളിത്ത പദ്ധതി പ്രധാനമന്ത്രി മുന്നോട്ടു വച്ചത്. ‘എല്ലാവര്ക്കും സന്തുലിതവും പങ്കിട്ടതുമായ സുസ്ഥിര സാമ്പത്തിക വളര്‍ച്ച ഉറപ്പാക്കല്‍’എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോര്‍ (ഐഎംഇസി) മാതൃകയില്‍ ഈ പുതിയ ചട്ടക്കൂട് രൂപവത്കരിക്കാമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസനത്തെക്കുറിച്ചുള്ള ചോദ്യം കേവലം ജിഡിപിയിലോ വ്യാപാരക്കണക്കുകളിലോ ഒതുങ്ങരുതെന്നും, ‘വളര്‍ച്ച ആര്‍ക്കുവേണ്ടി, ആര്‍ക്കൊപ്പം, ഏത് ദിശയില്‍?’ എന്നതായിരിക്കണം യഥാര്‍ഥ ചോദ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2023ല്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയുടെ അനുബന്ധമായാണ് ഐഎംഇസി പദ്ധതിക്ക് രൂപം നല്‍കിയത്. സൗദി അറേബ്യ, ഇന്ത്യ, അമേരിക്ക, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ്, റെയില്‍വേ, ഷിപ്പിംഗ് ശൃംഖലയാണ് ഇത് വിഭാവനം ചെയ്യുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികള്‍ കാരണം പദ്ധതി യാഥാര്‍ഥ്യമായിട്ടില്ല.
Tags : Modi's impact G7 summit