മുംബൈ: ഇന്ത്യാ മുന്നണി ഘടകകക്ഷിയായ ശിവസേന ഉദ്ധവ് വിഭാഗത്തിൽ പിളർപ്പ് ആസന്നം. പാർട്ടിയുടെ ഒന്പത് എംപിമാരിൽ ആറുപേർ ശിവസേന ഷിൻഡെ പക്ഷത്ത് ചേരുമെന്ന് ഉറപ്പായി.
ഉദ്ധവ് പക്ഷത്ത് അവശേഷിക്കുന്നത് മൂന്നു പേരാണ്. ഏതാനും നാളുകളായി ഉദ്ധവ് പക്ഷത്തെ പിളർത്താൻ ബിജെപിയുടെ ഒത്താശയോടെ ഷിൻഡെ പക്ഷം ശ്രമിച്ചുവരികയാണ്. കൂറുമാറ്റപ്രകാരമുള്ള അയോഗ്യത ഒഴിവാകണമെങ്കിൽ ഷിൻഡെ പക്ഷത്തിന് ആറുപേരുടെ പിന്തുണ വേണം.
ഇന്നു ന്യൂഡൽഹിയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എംപിമാർക്ക് ശിവസേന (ഉദ്ധവ്) വിപ്പ് നൽകി. വിപ്പ് ലംഘിക്കുന്നവർക്കെതിരേ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഉദ്ധവ് പക്ഷം അറിയിച്ചു. താൻ ഉദ്ധവ് പക്ഷത്ത് ഉറച്ചുനിൽക്കുമെന്ന് നാസിക് എംപി രാജാഭാവു വാജെ അറിയിച്ചു. ഞായറാഴ്ച ഉദ്ധവ് താക്കറെ വിളിച്ചുചേർത്ത യോഗത്തിൽ നേരിട്ട് പങ്കെടുത്തയാളാണു വാജെ.
അരവിന്ദ് സാവന്ത്, അനിൽ ദേശായി, സഞ്ജയ് പാട്ടീൽ എന്നിവരാണു യോഗത്തിൽ നേരിട്ടു പങ്കെടുത്ത മറ്റ് എംപിമാർ. വിമതപക്ഷത്തിന് അംഗീകാരം നൽകരുതെന്ന് അരവിന്ദ് സാവന്ത് ലോക്സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.
Tags : Shiv Sena Uddhav Shiv Sena Uddhav faction splits