തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ധാർഷ് ട്യവും പദപ്രയോഗങ്ങളും പ്രധാന കാരണമായെന്ന് സിപിഐ.
രണ്ടാം ഇടതുപക്ഷ സർക്കാരിൽ പിണറായി വിജയന്റെ വണ്മാൻ ഷോയായിരുന്നു. സിപിഎമ്മും പിണറായി വിജയനും പറയുന്നതായിരുന്നു സർക്കാരിന്റെ നയം.
ഇടതുമുന്നണി യോഗത്തിൽ പോയി പാർട്ടി നേതാക്കൾ വെറുതെ സമയം കളയുന്നതല്ലാതെ സിപിഎമ്മിനെ തിരുത്താനോ സർക്കാരിനെ നേരായ വഴിയിൽ കൊണ്ടുപോകാനോ കഴിയുന്ന ഒരു വർത്തമാനവും പറയാറില്ല.
സിപിഎം പറയുന്നതു ശരിയെന്നു മൂളി തിരിച്ചുവരുന്ന പണി മാത്രമേ പാർട്ടി നേതാക്കൾക്ക് ഉണ്ടായിരുന്നൂള്ളൂവെന്നും ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന കൗണ്‍സിലിൽ ശക്തമായ വിമർശനമുയർന്നു.
നിയമസഭാ തെരഞ്ഞെടുപ്പു തോൽവിയിൽ സിപിഎമ്മിനെ മാത്രം കുറ്റപ്പെടുത്തി സിപിഐക്കു മാറിനിൽക്കാനാകില്ല. തോൽവിയിൽ കൂട്ടുത്തരവാദിത്തമുണ്ട്. പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടതു പോലും പാർട്ടിയുടെ മന്ത്രിമാർ അറിഞ്ഞില്ല. മാധ്യമങ്ങൾ വാർത്തയാക്കിയപ്പോൾ മാത്രമാണു പുറംലോകം സംഭവമറിയുന്നത്. പിന്നീടാണു സിപിഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതു പാർട്ടിക്കു വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും ഇതിൽനിന്ന് പാർട്ടി നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും വിമർശനമുണ്ടായി.
തെരഞ്ഞെടുപ്പിൽ ജില്ലാ കൗണ്‍സിലുകൾ നൽകിയ സ്ഥാനാർഥിപ്പട്ടികയിൽനിന്നും ജയസാധ്യതയുള്ളവരെ സംസ്ഥാന നേതൃത്വം ഇടപെട്ട് ഒഴിവാക്കി. ഇതുകൊണ്ടു മാത്രമാണു ചടയമംഗലത്തും ചാത്തന്നൂരും സിപിഐ പരാജയപ്പെട്ടത്.
പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ യും വിമർശനമുയർന്നു. ഇപ്പോൾ പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ടത് അനവസരത്തിലായിരുന്നു. പാർട്ടിയുടെ ഘടകങ്ങളിലോ ഇടതുമുന്നണിയിലോ ചർച്ച ചെയ്യാതെ ഇക്കാര്യം പാർട്ടി സെക്രട്ടറി പരസ്യമായി ആവശ്യപ്പെട്ടതു തെറ്റായിപ്പോയെന്നും നേതാക്കൾ പറഞ്ഞു.
ഇനി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിച്ചില്ലെങ്കിൽ സിപിഐക്കതു നാണക്കേടാണെന്നും അതിന്റെ ഉത്തരവാദിത്തം ബിനോയ് വിശ്വത്തിനു മാത്രമായിരിക്കുമെന്നും സംസ്ഥാന കൗണ്‍സിലിലെ ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞു.
രണ്ടു ദിവസങ്ങളിൽ ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചർച്ച ചെയ്തു തയാറാക്കിയ തെരഞ്ഞെടുപ്പു റിവ്യൂ റിപ്പോർട്ടാണ് ഇന്നലെ സംസ്ഥാന കൗണ്‍സിൽ ചർച്ച ചെയ്തത്. ഇന്നും സംസ്ഥാന കൗണ്‍സിൽ ചേരും.
Tags : Pinarayi one-man show arrogance backfired CPI