അറസ്റ്റിലായ പ്രതികൾ
അഹമ്മദാബാദ്: 1.20 കോടി രൂപയുടെ വിദേശമദ്യവുമായി രണ്ട് യുവാക്കളെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ബനാസ്കാൻത ജില്ലയിൽ ദേശീയപാത 27-ൽ നടത്തിയ പരിശോധനയിലാണ് രാജസ്ഥാൻ സ്വദേശികളായ ട്രക്ക് ഡ്രൈവർ ഓംപ്രകാശ് കാകൽ, ക്ലീനർ ജിതേന്ദ്രകുമാർ കാകൽ എന്നിവർ പിടിയിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മദ്യം കടത്തുകയായിരുന്ന ട്രക്ക് പോലീസ് സംഘം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. മദ്യക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനും പ്രതികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.ഗുജറാത്തിൽ നിരോധിത മദ്യത്തിന്റെ കടത്ത് തടയുന്നതിന്റെ ഭാഗമായി പരിശോധനകളും റെയ്ഡുകളും ശക്തമാക്കിയിട്ടുണ്ട്.
ജൂണിൽ ദേവ്ഗാമിൽ നടത്തിയ പരിശോധനയിൽ 16.72 ലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യവും ഒരു എസ്യുവിയും പിടികൂടി ആറുപേർക്കെതിരെ കേസെടുത്തിരുന്നു. ജൂലൈയിൽ ഗാന്ധിനഗർ ജില്ലയിൽ നടത്തിയ മറ്റൊരു റെയ്ഡിൽ 6.28 ലക്ഷം രൂപ വിലമതിക്കുന്ന വിദേശമദ്യവും പിടികൂടിയിരുന്നു.