‘എന്റെ ജീവിതത്തില്‍ നിന്ന് ചിത്രരചന ഒരിക്കലും വിട്ടുപോയിട്ടില്ല; അതിന് അതിന്റെ സമയമെത്താനുള്ള കാത്തിരിപ്പിലായിരുന്നു ഞാന്‍...' - ചായക്കൂട്ടുകള്‍ കൊണ്ട് കാന്‍വാസില്‍ മനോഹരമായ ചിത്രം വരയ്ക്കുന്നതിനിടെ ലോലിത നായര്‍ പറഞ്ഞു.
അതേ, വാക്കുകള്‍ അര്‍ഥവത്താക്കുന്നതാണ് അവര്‍ വരച്ച ഓരോ ചിത്രങ്ങളും. ജീവിത തിരക്കുകള്‍ അല്പമൊന്നു കുറയുമ്പോള്‍, ഉള്ളിലെ സര്‍ഗാത്മകത കൂടുതല്‍ വര്ണപ്പകിട്ടേറുമെന്നതിന്റെ ഉത്തമോദാഹരണമാണ് ചിത്രകാരി ലോലിത നായര്‍.
കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് കാര്‍ഷിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍, 25 വര്‍ഷത്തെ സേവനത്തിനു ശേഷം സംസ്ഥാന കൃഷിവകുപ്പില്‍ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായിട്ടാണ് വിരമിച്ചത്. വിശ്രമ ജീവിതം ചിത്രകലയ്ക്കായി മാറ്റിവച്ചിരിക്കുകയാണ് ഇവര്‍.
ചിത്രരചനയെ സ്നേഹിച്ച ബാല്യം
കുട്ടിക്കാലം മുതല്‍ ലോലിതയ്ക്ക് ചിത്രരചനയോട് താല്പര്യമായിരുന്നു. പേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ഉടന്‍ അതില്‍ എന്തെങ്കിലുമൊക്കെ വരയ്ക്കും. സൂര്യനും വയലേലകളും പുഴയും പൂമ്പാറ്റയുമൊക്കെ ആ കുഞ്ഞുവരകളില്‍ നിറഞ്ഞു.
പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ചിത്രരചനയെ താല്‍ക്കാലികമായി ഉപേക്ഷിച്ചു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥയായതോടെ ശാസ്ത്രം, ഭരണനിര്‍വഹണം, ഗ്രാമീണ വികസനം എന്നിവയിലായിരുന്നു അവരുടെ ഔദ്യോഗിക ജീവിതം കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ തനിക്ക് ഏറെ പ്രിയപ്പെട്ട ചിത്രരചനയെ അവര്‍ കൈവിട്ടില്ല.
അതിന്റെ പൂര്ണാവിഷ്കാരത്തിനുള്ള സാവകാശത്തിനായി അവര്‍ ക്ഷമയോടെ കാത്തിരുന്നു. 2019 ജൂലൈയില്‍ ജോലിയില്‍ നിന്ന് വിരമിച്ചു. അതിനുശേഷമാണ് അവര്‍ ദീര്‍ഘകാലമായി ഹൃദയത്തില്‍ സൂക്ഷിച്ചിരുന്ന ചിത്രരചനയിലേക്കു പൂര്‍ണമായി തിരിഞ്ഞത്.

ശാസ്ത്രീയ പഠനം
ആറു വര്‍ഷം മുമ്പ് ലോലിത നായര്‍ എറണാകുളത്തെ പ്രഷ്യന്‍ ബ്ലൂ ആര്‍ട്ട് ഹബിലെ ചിത്രകാരന് ടി.ആര്. സുരേഷിന്റെ ശിക്ഷണത്തില്‍ ചിത്രരചന ശാസ്ത്രീയമായി പഠിച്ചു തുടങ്ങി. ഓയില്‍, അക്രിലിക്, വാട്ടര്‍കളര്‍ തുടങ്ങി വിവിധ മാധ്യമങ്ങളില്‍ മനോഹരമായ ചിത്രങ്ങള്‍ അവരുടെ സൃഷ്ടികളായി.
വരകളിലേറെയും പ്രകൃതിയുമായി ബന്ധപ്പെട്ടതാണ്. ഭൂപ്രകൃതികള്‍, പക്ഷികള്‍, മൃഗങ്ങള്‍, മനുഷ്യരുടെ ക്ഷണിക വികാരങ്ങള്‍—ഇവയെല്ലാം തന്നെ നിറത്തിന്റെയും രൂപത്തിന്റെയും സൂക്ഷ്മമായ വിന്യാസത്തിലൂടെ അവരുടെ കാന്‍വാസുകളിലേക്ക് ആവാഹിച്ചു.
"വികാരങ്ങളെ നിറങ്ങളാക്കി മാറ്റുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്,. 'ചിലപ്പോള്‍ അത് ഒരു ഓര്‍മയായിരിക്കും, ചിലപ്പോള്‍ ഒരു നിമിഷത്തെ മനോഭാവം, അല്ലെങ്കില്‍ പരിചിതമായ ഒരു ദൃശ്യത്തില്‍ പതിയുന്ന വെളിച്ചത്തിന്റെ കളി. ഞാന്‍ എവിടെയെത്തിയാലും, എന്റെ നിറങ്ങളും കൂടെ യാത്ര ചെയ്യുന്നു'- ലോലിത നായര്‍ പറയുന്നു. യാത്രകളില്‍ കണ്ടുമറയുന്ന ദൃശ്യങ്ങളും മുഖങ്ങളുമെല്ലാം അവര്‍ വരകളിലൂടെ മനോഹരമാക്കി.
കടല്‍ കടന്ന ചിത്രം
ഇതുവരെ ഏകദേശം 25 കലാപ്രദര്‍ശനങ്ങള്‍, ആര്‍ട്ട് കാമ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയില്‍ ലോലിത നായര്‍ പങ്കെടുത്തു. തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ലളിത കലാ അക്കാദമി കേന്ദ്രങ്ങള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ഗാലറികള്‍ എന്നിവിടങ്ങളില്‍ അവരുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ദര്‍ബാര്‍ ഹാളില്‍ നടത്തിയ പ്രദര്‍ശനത്തിലെ കാപ്പി തോട്ടത്തിന്റെ ചിത്രം ന്യൂസിലാന്‍ഡില്‍ നിന്നെത്തിയ വനിത സ്വന്തമാക്കുകയുണ്ടായി.
കൃഷി എന്ന മേഖലയില്‍ നിന്നു കലയുടെ ലോകത്തേക്കുള്ള ലോലിത നായരുടെ മാറ്റം, സമതുലിതത്വത്തിന്റെയും ക്ഷമയുടെയും പുനരാവിഷ്കാരത്തിന്റെയും സന്ദേശമാണ് നല്‍കുന്നത്.
കൃഷിപോലെ തന്നെ ചിത്രരചനയ്ക്കും പരിചരണം, നിരീക്ഷണം, പ്രകൃതിയുടെ താളങ്ങളോടുള്ള ആദരം എന്നിവ അനിവാര്യമാണ്. ഇവിടെ ആകര്‍ഷിക്കാന്‍ ഉള്ള ആകുലതയില്ല, ചട്ടങ്ങള്‍ക്കനുസരിച്ച് മാറാനുള്ള തിടുക്കമില്ല
- നിറത്തോടും വികാരത്തോടും കാന്വാസിനോടുമുള്ള സത്യസന്ധമായ ഒരു സംവാദം മാത്രമേയുള്ളൂവെന്ന് ചിത്രകാരി പറയുന്നു.

കുടുംബത്തിന്റെ പിന്തുണ
ചീഫ് ടൗണ്‍ പ്ലാനറായി വിരമിച്ച ഭര്‍ത്താവ് അജയകുമാറും നന്നായി കാരിക്കേച്ചറുകള്‍ വരയ്ക്കും. അമേരിക്കയില്‍ മൈക്രോ സോഫ്ട് ജീവനക്കാരിയായ മകള്‍ രഞ്ജന അജയകുമാറും ഭര്‍ത്താവ് അനൂപ് ഹരിന്ദ്രനാഥും അടങ്ങുന്നതാണ് കുടുംബം.
കുടുംബത്തിന്റെ പൂര്‍ണ പിന്തുണയാണ് തന്റെ വിജയരഹസ്യമെന്ന് ലോലിത നായര്‍ പറയുന്നു.
Tags : Special News