പാട്ടുകൾ പൊതുവേ ഹൃദയങ്ങളിലാണ് ഇണങ്ങിച്ചേരുന്നത്. ഓർമകളും അനുഭൂതികളും വികാരങ്ങളും ഇഴനെയ്ത് അവ തിളങ്ങിക്കൊണ്ടിരിക്കും.
ഇതാ, നാലായിരത്തോളം ഹൃദയങ്ങളിൽ തിളങ്ങുന്നത് ഒരു ഗായികയുടെ പേരാണ്. അവർ പാടിയ പാട്ടുകൾ ആ ഹൃദയങ്ങളുടെ ഉടമകൾ ഒരുപക്ഷേ കേട്ടിരിക്കില്ല. അതിനേക്കാൾ മനോഹരമാണല്ലോ സ്നേഹമെന്ന ഗാനം!
ഇൻഡോറിൽനിന്നുള്ള പാലക് മുച്ഛൽ ആണ് ആ ഗായിക. ഹിന്ദിയിലെ സുന്ദരശബ്ദവും ഭാവമധുരിമയുമുള്ള അറിയപ്പെടുന്ന പാട്ടുകാരിയാണ്.
സാന്പത്തികഭദ്രതയില്ലാത്ത കുടുംബങ്ങളിലെ 3,800ലേറെ കുട്ടികളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയതിന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിൽ ഇടംനേടിയിരിക്കുന്നു.
പാലക് പലാഷ് ചാരിറ്റബിൾ ഫൗണ്ടേഷൻ വഴിയാണ് അവർ ഈ ദൗത്യം തുടരുന്നത്.
യാത്രയുടെ തുടക്കം
കുട്ടിക്കാലത്ത് നടത്തിയ ഒരു ട്രെയിൻയാത്രയാണ് പാലകിന്റെ മനസിനെ കരുണയുടെ പാതയിലേക്കു വഴിതിരിച്ചുവിട്ടത്. ഭക്ഷണത്തിനും വസ്ത്രത്തിനും വകയില്ലാത്ത ഒട്ടേറെ കുട്ടികളെ ആ യാത്രയിൽ ഉടനീളം കണ്ടു.
അന്നുതന്നെ പാലക് ഒരു പ്രതിജ്ഞയെടുത്തു- "എന്നെങ്കിലുമൊരിക്കൽ ഞാൻ ഇവർക്ക് സഹായമെത്തിക്കും.' ആ പ്രതിജ്ഞതന്നെയാണ് വർഷങ്ങൾക്കിപ്പുറം ചാരിറ്റബിൾ ഫൗണ്ടേഷൻ രൂപീകരിക്കാൻ പ്രചോദനമായതും.
ഓരോ സംഗീതപരിപാടികളിൽനിന്നും ലഭിക്കുന്ന പ്രതിഫലത്തിന്റെ ഒരുഭാഗം ആശ്രയമില്ലാത്തവർക്കായി മാറ്റിവച്ചുതുടങ്ങി. ചാരിറ്റിക്കു മാത്രമായി ഷോകൾ നടത്തി. ഗുരുതര രോഗാവസ്ഥയിലുള്ള കുട്ടികൾക്കായാണ് കൂടുതലും സഹായമെത്തിക്കുന്നത്.
കാർഗിലിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഗുജറാത്ത് ഭൂകന്പ ദുരിതബാധിതർക്കും സാന്പത്തിക പിന്തുണ നൽകി.
പ്രയാസമനുഭവിക്കുന്നവരെക്കുറിച്ച് നിരന്തരം ചിന്തിക്കുകയും അവർക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു എന്നതാണ് പാലകിന്റെ ഒരു പ്രത്യേകത.
പാലകിനെ അറിയാത്തവർക്ക്
പതിനഞ്ചുവർഷത്തോളമായി പാലക് ഹിന്ദി ചലച്ചിത്രസംഗീത രംഗത്തുണ്ട്. ഗായികയും ഗാനരചയിതാവുമാണ്. ഇൻഡോറിൽ 1992 മാർച്ച് 30നു ജനിച്ച പാലകിന്റെ മാതാപിതാക്കൾക്ക് പറയത്തക്ക സംഗീതപാരന്പര്യമൊന്നുമില്ല.
ഇളയസഹോദരൻ പലാഷ് മുച്ഛൽ സംഗീതകാരനും സംവിധായകനുമാണ്. പലാഷും ചാരിറ്റബിൾ ഫൗണ്ടേഷന്റെ ഭാഗമായി പ്രവർത്തിക്കുന്നു.
വൃക്കരോഗബാധിതരായ കുട്ടികൾക്കാണ് അദ്ദേഹം തന്റെ ഷോകളിൽനിന്നുള്ള വരുമാനത്തിന്റെ പങ്കു നൽകുന്നത്.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥാനയുമായി പലാഷിന്റെ വിവാഹം ഉടനെ നടക്കാനിരിക്കുന്നുവെന്ന വിശേഷവുമുണ്ട്. ഇരുവരും ദീർഘകാലമായി സുഹൃത്തുക്കളാണ്.
ആൽബങ്ങളിലൂടെ സിനിമയിൽ
ഒന്പതാം വയസിൽ ചൈൽഡ് ഫോർ ചിൽഡ്രൻ എന്ന ആൽബത്തിലൂടെയാണ് പാലക് സംഗീതരംഗത്തെത്തിയത്. സിനിമയിൽ അവസരംതേടി 2006ൽ മുംബൈയിലെത്തി. ദമാദം എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്.
ഏക് ഥാ ടൈഗർ, ആഷിഖി 2, എം.എസ്. ധോണി: ദ അണ്ടോൾഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയയായി. കോണ് തുജ്ഹേ എന്ന പാട്ട് സൂപ്പർഹിറ്റായി.
ട്രെയിനിൽ ദരിദ്രരായ കുട്ടികളെ കണ്ടു മനസുപിടഞ്ഞുനിന്ന അതേ കാലത്താണ് ഇൻഡോറിലെ നിധി ബാൽ വിനയ് മന്ദിർ സ്കൂളിലെ അധ്യാപകർ ഹൃദ്രോഗിയായ ഒരു കുട്ടിയുടെ ശസ്ത്രക്രിയയ്ക്ക് സഹായം നൽകാൻ ഒരു ചാരിറ്റി ഷോ ചെയ്യാമോ എന്ന അഭ്യർഥനയുമായി സമീപിച്ചത്.
2000 മാർച്ചിൽ അങ്ങനെ ആദ്യത്തെ ഷോ നടത്തി. ഒരു വഴിയോരക്കച്ചവടക്കാരന്റെ വണ്ടിയാണ് സ്റ്റേജാക്കിയത്. അന്ന് അരലക്ഷത്തിലേറെ രൂപ ശസ്ത്രക്രിയയ്ക്കായി സ്വരൂപിച്ചു.
ഈ വിവരമറിഞ്ഞ് ബംഗളൂരുവിലെ വിഖ്യാത കാർഡിയോളജിസ്റ്റ് ദേവി പ്രസാദ് ഷെട്ടി ആ ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുത്തു.
തുടർന്നിങ്ങോട്ട് രാജ്യത്തും വിദേങ്ങളിലുമായി പാലക് ഒട്ടേറെ ഷോകൾ ചെയ്തു. സഹായങ്ങളുമായി ഒട്ടേറെ പ്രമുഖരും അവർക്കൊപ്പം ചേർന്നു.
"ദിൽ സേ ദിൽ തക്' (ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്) എന്ന പേരിലാണ് ഷോകൾ നടത്തിയിരുന്നത്. പാട്ടിനും സന്നദ്ധപ്രവർത്തനങ്ങൾക്കുമായി ഒട്ടേറെ പുരസ്കാരങ്ങൾ പാലകിനെ തേടിയെത്തിയിട്ടുണ്ട്.
കംപോസർ മിഥുൻ ആണ് പാലകിന്റെ ജീവിതപങ്കാളി. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്കും അദ്ദേഹം ഒപ്പമുണ്ട്. പാട്ടുകളും സംഗീതപരിപാടികളും ഇല്ലെങ്കിലും, ഒരു വരുമാനവുമില്ലെങ്കിലും ഒരു കുട്ടിയുടെപോലും ശസ്ത്രക്രിയ മുടങ്ങില്ല എന്നാണ് മിഥുൻ നൽകുന്ന ഉറപ്പ്.
ഒരു ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നതിന് ഇതിലും വലിയ തെളിവെന്ത്!
.jpeg1763640286.jpg)
തൃശൂരിലെ റെക്കോർഡിംഗ്
ആദ്യത്തെ ആൽബങ്ങളിലൊന്നിന്റെ റെക്കോർഡിംഗിനായി തൃശൂരിലെ ചേതന സൗണ്ട് സ്റ്റുഡിയോസിൽ എത്തിയ എട്ടുവയസുകാരിയെ ഫേസ്ബുക്ക് കുറിപ്പിൽ ഓർമിക്കുകയാണ് പ്രശസ്ത സൗണ്ട് എൻജിനീയർ സജി ആർ. ദിലീപ് ബോസ് സംഗീതവും ജെർസൻ ആന്റണി ഓർക്കസ്ട്രേഷനും നിർവഹിച്ച പാട്ടുകൾ അന്ന് അഡാറ്റ് മാഗ്നറ്റിക് ടേപ്പിലാണ് റെക്കോർഡ് ചെയ്യുന്നത്.
ബിജിഎം ഉൾപ്പെടെ അപ്പോൾതന്നെ തയാറാക്കുന്നതിനാൽ ഒരാൾ ട്രാക്ക് പാടിയതിനുശേഷം കേട്ടുപഠിച്ച് പാടുന്നതാണ് രീതി. എന്നാൽ പാട്ടുമുഴുവൻ ബിജിഎം റിഹേഴ്സലിൽ മനഃപാഠമാക്കി ഒറ്റയടിക്ക് തെറ്റില്ലാതെ പാടി പൂർത്തിയാക്കി പാലക് എല്ലാവരെയും ഞെട്ടിച്ചുവെന്ന് സജി ഓർമിക്കുന്നു.
അക്കാലത്തുതന്നെ നൂറുകണക്കിനു കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയകൾക്കു സഹായം നൽകിയ മിടുക്കിയാണെന്ന് പിന്നീടാണ് അറിയുന്നതെന്നും സജി എഴുതുന്നു.
Tags : Special News