"എന്റെ മകന്റെ അമ്പതാം പിറന്നാളായിരുന്നു ഇക്കഴിഞ്ഞ 19ന്. അര നൂറ്റാണ്ട് പിന്നിടുമ്പോഴും അവന് എനിക്കൊപ്പം ഏഴു വയസുവരെ മാത്രമേ ഉണ്ടായിരുന്നു. ആ ഏഴു വയസുകാരനെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണ് എന്നും എന്റെ മനസിലുള്ളത്.
ഒരു ഏഴു വയസുകാരന് എന്റെ കൂടെ നടക്കുന്നതും വരച്ച ചിത്രങ്ങള്‍ കാണിക്കുന്നതും ഞാന്‍ അവന് കഥകളും പാട്ടുമൊക്കെ പറഞ്ഞുകൊടുക്കുന്നതും എല്ലാം ഇന്നും മനസില്‍ കൊണ്ടു നടക്കുന്നൊരു അമ്മ. അവനെ 50കാരനായി കാണാന്‍ എന്റെ മനസ് ഇപ്പോഴും പാകപ്പെട്ടിട്ടില്ല.
എങ്കിലും 50 വയസില്‍ താഴെയുള്ള ചെറുപ്പക്കാരെ കാണുമ്പോള്‍ അറിയാതെ ഞാന്‍ അവരില്‍ എന്റെ ക്ലിന്റിനെ കാണാറുണ്ട്. എന്റെ മകന് ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ എന്റെ കൂടെ നടക്കുമായിരുന്നില്ലേന്ന്...' സ്വീകരണമുറിയില്‍ വച്ചിരിക്കുന്ന എഡ്മണ്ട് തോമസ് ക്ലിന്റ് എന്ന മകന്റെ പ്രതിമയില്‍ തലോടിക്കൊണ്ട് ഇതുപറയുമ്പോള്‍ ചിന്നമ്മ ജോസഫ് എന്ന അമ്മയുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു.
ഏഴു വര്‍ഷം മാത്രം നീണ്ട ജീവിതത്തില്‍ കാല് ലക്ഷത്തിലേറെ ചിത്രങ്ങള്‍ വരച്ചു ലോകത്തെ അദ്ഭുതപ്പെടുത്തി കടന്നുപോയ ക്ലിന്റ് എന്ന ബാലപ്രതിഭയുടെ അമ്മയായ ചിന്നമ്മ ഇന്നും മകന്റെ ഓര്‍മകളില്‍ ജീവിക്കുകയാണ്.
ആറു വര്‍ഷം മുമ്പ് ഭര്‍ത്താവ് സിഫ്ട് ഉദ്യോഗസ്ഥനായിരുന്ന എം.ടി. ജോസഫും ജീവിതത്തില്‍ നിന്ന് പറന്ന് അകന്നതോടെ ഈ അമ്മ ഇന്ന് തികച്ചും ഒറ്റയ്ക്കാണ്. കലൂര്‍ ജഡ്ജസ് അവന്യൂ റോഡിലെ ക്ലിന്റ് ് എന്ന വീട്ടില്‍ തന്റെ മകന്റെ ചിത്രങ്ങളുടെ ശേഖരം നിധിപോലെ ഇന്നും ചിന്നമ്മ സൂക്ഷിക്കുന്നു. ആ അമ്മ മനസ് വായിക്കാം...
ക്ലിന്റ് എന്ന അദ്ഭുത പ്രതിഭ
1976 മേയ് 19ന് എറണാകുളം മാര്‍ക്കറ്റ് റോഡ് മുല്ലപ്പറമ്പില്‍ എം.ടി ജോസഫിന്റെയും ചിന്നമ്മയുടേയും മകനായിട്ടായിരുന്നു ക്ലിന്റിന്റെ ജനനം. ഇന്ന് ആ കുഞ്ഞ് ഉണ്ടായിരുന്നെങ്കില്‍ മേയ് 19 ന് 50ാം പിറന്നാള്‍ ആഘോഷിക്കുമായിരുന്നു. ബാസ്കറ്റ് ബോള്‍ താരമായിരുന്നു ചിന്നമ്മ. ഗുസ്തിയിലൊക്കെ കഴിവു തെളിയിച്ചയാളാണ് ജോസഫ്.
തങ്ങള്‍ക്കൊരു കുഞ്ഞുണ്ടായപ്പോള്‍ എവറസ്റ്റ് കീഴടക്കിയ എഡ്മണ്ട് ഹിലരിയുടെയും ഹോളിവുഡ് താരം ക്ലിന്റ് ഈസ്റ്റ്വുഡിന്റെയും പേരുകളെ മുത്തച്ഛന്റെ പേരുമായി കോര്‍ത്തിണക്കിയ 'എഡ്മണ്ട് തോമസ് ക്ലിന്റ്' എന്ന പേര് മകനിട്ടു.
കഥകള്‍ കേള്‍ക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന് ചിന്നമ്മ കഥകള്‍ പറഞ്ഞുകൊടുക്കുമായിരുന്നു. ആറ് മാസം പ്രായമുള്ള കൈയില്‍ കിട്ടിയ കല്ലുകഷണംകൊണ്ട് അവന് ഭിത്തിയില്‍ വൃത്തം വരച്ച് മാതാപിതാക്കളെ അദ്ഭുതപ്പെടുത്തി.
പിന്നീടങ്ങോട്ട് പക്ഷികളും മൃഗങ്ങളും ഉത്സവങ്ങളുമെല്ലാം ആ വരകളില്‍ നിറഞ്ഞു. അമ്മ പറയുന്ന പുരാണങ്ങളിലെ കഥാപാത്രങ്ങളെല്ലാം ക്ലിന്റിന്റെ ഭാവനയിലൂടെ വരകളായി പുനര്‍ജനിച്ചു. ഗണപതിയുടെയും ഭദ്രകാളിയുടെയും വിവിധ ഭാവങ്ങള്‍ മികവാര്‍ന്ന ചിത്രങ്ങളായി പിറവിയെടുത്തു.
ഭഗവാന്റെ വിശ്വരൂപം മുതല്‍ ശരശയ്യവരെ ഉള്‍പ്പെടെ ആ കൈവിരലുകള്‍കൊണ്ട് ആ കുരുന്ന് മനോഹരമാക്കി. എവിടെ ചിത്രരചന മത്സരമുണ്ടെങ്കിലും ചിന്നമ്മയും ജോസഫും മകനെ അവിടെകൊണ്ടുപോകും. ഒന്നാം സമ്മാനവുമായിട്ടായിരിക്കും ക്ലിന്റിന്റെ മടക്കം.

ചായക്കൂട്ടുകള്‍ തട്ടിത്തെറിപ്പിച്ച്...
2,522 ദിവസങ്ങള്‍ മാത്രമാണ് ക്ലിന്റ് ഈ ഭൂമിയില്‍ ജീവിച്ചത്. മൂന്നാം വയസില്‍ പനിക്കു മാറിനല്‍കിയ മരുന്നാണു മകനെ വൃക്കരോഗിയാക്കിയതെന്നും പിന്നീടു മരണത്തിലേക്കു നയിച്ചതെന്നും ചിന്നമ്മ ഓര്‍ക്കുന്നു. "ഏഴു വയസുകഴിഞ്ഞാല്പ്പിന്നെ പേടിക്കേണ്ടതില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു.
എന്നാലതിനു കാത്തുനില്‍ക്കാതെ ഏഴാംപിറന്നാളിന് ഒരു മാസം മുന്നേ ക്ലിന്റ് ഞങ്ങളെ വിട്ടകന്നു'- ചിന്നമ്മ പറഞ്ഞു. 1983 ഏപ്രില്‍ 15ന് നിറമുള്ള ഓര്‍മകള്‍ ബാക്കിയാക്കി ഏഴാം വയസിലാണ് ക്ലിന്റ് ഈ ലോകത്തോട് വിടപറഞ്ഞത്. എന്നാല്‍ ആ ചെറിയ കാലയളവില്‍ ക്ലിന്റ് വരച്ച് തീര്‍ത്തത് 25,000 ചിത്രങ്ങളായിരുന്നു.
ഒടുവില്‍ വരച്ചത് മുച്ചിലോട്ടു ഭഗവതിത്തെയ്യം
ക്ലിന്റ് അവസാനം വരച്ച ജലച്ചായ ചിത്രം മുച്ചിലോട്ടു ഭഗവതിയുടേതായിരുന്നു. പപ്പുവെന്ന് ക്ലിന്റ് വിളിച്ചിരുന്ന പിതാവ് ജോസഫുമൊത്ത് കോഴിക്കോട്ട് നിന്ന് കൊയിലാണ്ടിയിലേക്കുള്ള യാത്രയ്ക്കിടെ വഴിവക്കില്‍ കണ്ട തെയ്യത്തിന്റെ കാഴ്ചയായിരുന്നു അത്.
ട്രാഫിക് ബ്ലോക്കില്‍ അല്പനേരം കിടന്നപ്പോള്‍ കണ്ട ആ ദൃശ്യം ക്ലിന്റ് മനോഹരച്ചിത്രമാക്കുകയായിരുന്നു. ക്ലിന്റിന്റെ മരണശേഷം തിരുവനന്തപുരം കനകക്കുന്നില്‍ നടത്തിയ പ്രദര്‍ശനത്തില്‍ ഈ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.
ഈ ചിത്രം കണ്ട മുതിര്‍ന്നൊരു തെയ്യംകലാകാരന്‍– "ചിത്രം വരച്ചയാളെ വിളിക്കാമോ' എന്ന് ക്ലിന്റിന്റെ മാതാപിതാക്കളോടു ചോദിച്ചു. ചിത്രകാരന് ജീവിച്ചിരിപ്പുണ്ടോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. അതിന്റെ കാരണവും അദ്ദേഹംതന്നെ വെളിപ്പെടുത്തി.
തെയ്യംകെട്ടുമ്പോള്‍ പോലും മുച്ചിലോട്ടു ഭഗവതിയുടെ രൂപം അതിന്റെ സമ്പൂര്ണതയില് അവര്‍ കെട്ടാറില്ലത്രേ. അങ്ങനെ ചെയ്താല്‍ മരണമായിരിക്കും ഫലം. എന്നാല്‍ ക്ലിന്റിന്റെ ചിത്രം അത്രമേല്‍ പൂര്‍ണമായിരുന്നുവെന്ന്.
ക്ലിന്റിനായൊരു മുറി
കലൂരിലെ വീട്ടിലെ മുകളിലത്തെ നിലയില്‍ ചിന്നമ്മ ഒരു മുറി ക്ലിന്റിനായി ഒരുക്കിയിട്ടുണ്ട്. ക്ലിന്റ് വരച്ച 25,000ലധികം ചിത്രങ്ങള്‍ മൂന്ന് പെട്ടികളിലായി ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ക്ലിന്റ് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സൈക്കിള്‍, ക്രിക്കറ്റ് ബാറ്റ്, ഷട്ടില്‍ ബാറ്റ്, മത്സരങ്ങളിലെ വിജയങ്ങളില്‍ ലഭിച്ച ട്രോഫികള്‍ ഇതെല്ലാം ചിന്നമ്മ ആ മുറിയില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
ചിത്രങ്ങളുടെ സംരക്ഷണത്തിനായി ക്ലിന്റ് ഫൗണ്ടേഷന് എന്ന പേരില്‍ ഒരു ട്രസ്റ്റും രൂപീകരിച്ചിട്ടുണ്ട്. ക്ലിന്റ് കഴുത്തില്‍ അണിഞ്ഞിരുന്ന മാല ഇപ്പോഴും ക്ലിന്റിന്റെ ശില്പത്തില് ചിന്നമ്മ ചാര്‍ത്തിയിട്ടുണ്ട്. പൂക്കളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ക്ലിന്റിന്റെ ഫോട്ടോയ്ക്കു മുന്നില്‍ ചിന്നമ്മ എന്നും പുഷ്പങ്ങള്‍ ചാര്‍ത്തും.

വിശ്വസിച്ചവര്‍ പോലും വഞ്ചകരായി
താനും ഭര്‍ത്താവും ഏറെ വിശ്വസിച്ചിരുന്ന ഒരു ബന്ധു മൂന്നു ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കാര്യം പറഞ്ഞപ്പോള്‍ ചിന്നമ്മയുടെ ശബ്ദം ഇടറി. ' 2019 ലായിരുന്നു ഭര്‍ത്താവിന്റെ മരണം. അതുവരെ ഞങ്ങള്‍ക്കൊപ്പം നിന്നിരുന്ന ഒരു ബന്ധു മൂന്നു ലക്ഷത്തിലധികം രൂപ ഞങ്ങളില്‍ നിന്ന് തട്ടിയെടുത്തു.
ഇനിയും അത് തന്ന് തീര്‍ത്തിട്ടില്ല.അതുകൊണ്ട് ആരെയും എനിക്കിപ്പോള്‍ വിശ്വാസമില്ല. പ്രായാധിക്യം മൂലമുള്ള അവശതകളുണ്ട്. ജോലിക്കാരെ വീട്ടില്‍ നിര്‍ത്താന്‍പോലും എനിക്ക് ഭയമാണ്. എന്റെ മകന്റെ ചിത്രങ്ങള്‍ നിധിപോലെയാണ് ഞാന്‍ സൂക്ഷിക്കുന്നത്. മറ്റൊരാള്‍ വന്നാല്‍ അതില്‍ വല്ലതും നഷ്ടമാകുമോയെന്ന് വല്ലാതെ ഭയമുണ്ട്' ചിന്നമ്മ പറഞ്ഞു.
ചിന്നമ്മയുടെ 34-ാം വയസിലാണ് മകനെ നഷ്ടമായത്. ക്ലിന്റിന്റെ മരണശേഷം ലക്ഷ്മിക്കുട്ടി എന്ന തത്തയും കണ്ണന് എന്ന് പേരിട്ടു വിളിച്ച അണ്ണാനും ഇവരുടെ ജീവിതത്തിന് കുറച്ചുകാലം നിറം നല്‍കിയിരുന്നു.
ക്ലിന്റ് ആര്‍ട്ട് ഗാലറി
ക്ലിന്റിന്റെ സ്മാരകമായി കൊച്ചിയില്‍ ജിസിഡിഎ ആസ്ഥാന മന്ദിരത്തിനു പിന്നിലെ ഗാന്ധിനഗര്‍ ഷോപ്പിങ് കോംപ്ലക്സിന്റെ ഒന്നാം നിലയില്‍ 3,500 ചതുരശ്രയടിയില്‍ ആര്‍ട് ഗ്യാലറിയുണ്ട്. ക്ലിന്റ് വരച്ചതില്‍ ഏറ്റവും മികച്ച 101 ചിത്രങ്ങളുടെ പകര്‍പ്പാണു ഫ്രെയിം ചെയ്തു ഗാലറിയില്‍ വച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ വരച്ചതിനെ കുറിച്ച് ചിന്നമ്മ പറഞ്ഞ അനുഭവങ്ങളും ഇവയെ കുറിച്ചുള്ള ലഘു വിവരണങ്ങളും വായിക്കാനും കാണാം ആസ്വദിക്കാനുമാകും വിധം മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്.
"എന്റെ കാര്യങ്ങള്‍ ഞാന്‍ തനിച്ച് തന്നെയാണ് ചെയ്യുന്നത്. മുമ്പ് ഭര്‍ത്താവിന്റെ നിഴല്‍പ്പറ്റി നടന്നിരുന്ന ഞാനിന്ന് എല്ലാം സ്വന്തമായി ചെയ്യാന്‍ ശീലിച്ചു. എനിക്ക് സങ്കടമില്ല. കാരണം അച്ഛനും മകനും ഒന്നിച്ചുണ്ടല്ലോ. മുമ്പ് ക്ലിന്റ് തനിച്ചായിരുന്നു. ഇപ്പോള്‍ അവന് പപ്പു അവനൊപ്പമുണ്ട്.
ഏതുലോകത്തായാലും അവര്‍ രണ്ടാളും ഹാപ്പിയായിട്ട് ഇരിക്കുന്നുണ്ടാകും. ഇനി ഞാന്‍ അങ്ങോട്ട് ചെന്നാല്‍ മതിയല്ലോ... മകന്റെയും ഭര്‍ത്താവിന്റെയും ഓര്‍മകളില്‍ 73കാരിയായ ചിന്നമ്മ പറഞ്ഞു നിര്‍ത്തുന്നു.
ചിത്രങ്ങള്‍: ബ്രില്യന് ചാള്‍സ്