District News
എരുമേലി: അഞ്ച് വർഷം മുമ്പ് കരിമ്പിൻതോട് ജംഗ്ഷനിൽ സ്ഥാപിച്ച സൗരോർജ വഴിവിളക്കുകൾ മൂന്നര വർഷമായി പ്രകാശിക്കുന്നില്ല. താലൂക്കിലെ ടൗണുകളിൽ ഇതേ അവസ്ഥ പലയിടത്തും കാണാം. എംപി, എംഎൽഎ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുകളിലാണ് ഹൈമാസ്റ്റ് വിളക്കുകൾ അനുവദിക്കുന്നത്. ഇവ സ്ഥാപിച്ചു കഴിയുന്നതോടെ പ്രവർത്തനം, പരിപാലനം എന്നിവ അതാതു പഞ്ചായത്തുകളുടെ ചുമതലയിലേക്ക് മാറുകയാണ്. ചുരുക്കത്തിൽ ഇവ അതാതു സ്ഥലങ്ങളിലെ പഞ്ചായത്ത് ആസ്തി ആയി മാറുകയാണ്.
ഓരോ വിളക്കുകൾക്കും മൂന്ന് വർഷം വാറന്റി കാലാവധിയോടെയാണ് സ്ഥാപിക്കുന്നത്. ഈ മൂന്ന് വർഷ വാറന്റി കാലയളവിൽ വിളക്കുകൾ പ്രവർത്തനരഹിതമായാൽ വിളക്കുകൾ വച്ച സ്ഥാപനങ്ങളെ അറിയിച്ചാൽ സൗജന്യമായി തകരാറുകൾ പരിഹരിക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, തകരാറുകൾ കൃത്യമായി അറിയിക്കുന്നില്ല. വാറന്റി കാലാവധി കഴിയുന്നതോടെ തകരാർ പരിഹരിക്കൽ അതാത് പഞ്ചായത്ത് അധികൃതർ ഫണ്ടും പദ്ധതിയും ആവിഷ്കരിച്ച് അനുമതി നേടിയാലാണ് സാധ്യമാവുക. എന്നാൽ ഇത് ഉണ്ടാകാറില്ല. ഇതോടെ കേടായ ലൈറ്റുകൾ കാഴ്ച വസ്തുക്കളായി മാറുന്നു. ഇതേ സ്ഥലത്ത് വീണ്ടും ഹൈമാസ്റ്റ് ലൈറ്റുകൾ വീണ്ടും സ്ഥാപിക്കുന്ന പ്രവണതയുമുണ്ട്.
പലതിനും ബാറ്ററി, ബൾബ് തകരാറുകളാണ് പ്രവർത്തനം നിലയ്ക്കുന്ന തുടക്കകാലത്ത് ഉണ്ടാകുന്നത്. ഇത് അപ്പോൾ തന്നെ അറിയിച്ചാൽ വാറന്റി കാലയളവിൽ പഞ്ചായത്തുകൾക്ക് ചെലവില്ലാതെ ലൈറ്റുകൾ വച്ച അംഗീകൃത സ്ഥാപനങ്ങൾ പരിഹരിക്കും. എന്നാൽ, ലൈറ്റുകൾ സ്ഥാപിച്ചശേഷം ആറ് മാസത്തിൽ ഒരിക്കൽ പോലും പഞ്ചായത്തുകൾ പരിശോധന നടത്തുന്നില്ല.
2020-21 സാമ്പത്തിക വർഷം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലാണ് കരിമ്പിൻതോട് ജംഗ്ഷനിൽ സൗര വിളക്ക് സ്ഥാപിച്ചത്. ഒന്നര വർഷത്തോളം ഇത് പ്രകാശിച്ചു. പിന്നെ പ്രവർത്തനം നിലച്ചു. ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞു. ലൈറ്റ് പ്രകാശിപ്പിക്കാൻ ഇതിനിടെ നടപടികൾ ഒന്നുമുണ്ടായില്ല. നിലവിൽ എത്ര സോളാർ ലൈറ്റുകൾ ഉണ്ടെന്നും പ്രവർത്തനം ഇല്ലാത്തവ ഏതൊക്കെ ആണെന്നും തകരാർ പരിഹരിക്കാൻ എന്താണ് വേണ്ടതെന്ന് അന്വേഷണം നടത്തുകയും മൊത്തത്തിൽ തകരാർ പരിഹരിക്കാൻ പദ്ധതിയും ഫണ്ടും ഇതോടൊപ്പം രൂപീകരിക്കുകയും ചെയ്താൽ വഴിവിളക്കുകൾ എപ്പോഴും പ്രവർത്തനത്തിൽ ആകുമെന്ന് പൊതുപ്രവർത്തകർ പറയുന്നു.
District News
കോടിക്കുളം: പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുള്ള തെരുവു വിളക്കുകള്‍ തെളിയാതായിട്ട് നാളുകളായെങ്കിലും ഇതു തെളിക്കുന്നതിന് നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമാകുന്നു. സര്‍ക്കാരിന്റെ നിലാവ് പദ്ധതി പ്രകാരം കഴിഞ്ഞ രണ്ടു വര്‍ഷമായി പഞ്ചായത്തില്‍ എഴുന്നൂറിലധികം തെരുവു വിളക്കുകളാണ് സ്ഥാപിച്ചത്. എന്നാല്‍, രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ എത്ര ബള്‍ബുകള്‍ തെളിയുന്നുണ്ട് എന്ന കാര്യത്തില്‍ പഞ്ചായത്തിനോ കരാറുകാരനോ നിശ്ചയമില്ലാത്ത സാഹചര്യമാണ്.
മഴക്കാലമായതോടെ നിരവധി ബള്‍ബുകളാണ് പ്രവര്‍ത്തന രഹിതമായത്. മാനുവല്‍, ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ടു തരത്തിലുള്ള തെരുവ് വിളക്കുകളാണ് പദ്ധതിയുടെ ഭാഗമായി വിവിധ ഇലക്ട്രിക് പോസ്റ്റുകളില്‍ സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ബള്ബുകൂടെ സെന്‍സര്‍ അടിക്കടി തകരാറിലാകുന്നതും പതിവാണ്. അതിനാല്‍ ബള്‍ബുകള്‍ രാത്രികാലങ്ങളില്‍ തെളിയുന്നില്ല. ഇതിനു പുറമേ വിവിധ ഇടങ്ങളില്‍ നിരവധി ബള്‍ബുകളാണ് ദിവസങ്ങളോളം പകല്‍ സമയങ്ങളിലും തെളിഞ്ഞുനില്ക്കുന്നത്.
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇപ്രകാരം വൈദുതി പാഴായിപ്പോകുന്നത്. വൈദ്യുതി ചാര്‍ജിനത്തില്‍ പഞ്ചായത്തിന് വലിയ നഷ്ടത്തിനും ഇത് ഇടയാക്കുന്നു. പഞ്ചായത്തില്‍ പരാതി പറഞ്ഞാല്‍ ഉടനെ ശരിയാക്കാം എന്ന സ്ഥിരം മറുപടിയാണ് ലഭിക്കുന്നത്. പലപ്പോഴും പരാതിപ്പെട്ട് മാസങ്ങള്‍ കഴിഞ്ഞു മാത്രമാണ് പരാതികള്‍ പരിഹരിക്കുന്നത്.
വൈദ്യുതി ബോര്‍ഡ് നിലവിലെ പല ലൈനുകളും ഇന്‍സുലേറ്റഡ് കേബിളാക്കി മാറ്റിവരികയാണ്. മുന്‍പ് ഈ ലൈനുകളില്‍ സ്ഥാപിച്ചിരുന്ന തെരുവു വിളക്കുകള്‍ അഴിച്ചുമാറ്റിയത് പുനഃസ്ഥാപിക്കാനും നടപടിയില്ല. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി മൂലം പുരയിടങ്ങള്‍ കാട് വെട്ടിത്തെളിക്കാത്തതിനാല്‍ ഇഴജന്തുക്കളുടെയും ക്ഷുദ്രജീവികളുടേയും വിഹാരകേന്ദ്രങ്ങളാണ്. ഇവ നേരം ഇരുട്ടിയാല്‍ റോഡിലേക്ക് ഇറങ്ങുന്നത് പതിവാണ്. ഈ സാഹചര്യത്തില്‍ തെരുവു വിളക്കുകള്‍ അടിയന്തരമായി തെളിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
വൈത്തിരി: അത്തിമൂല, വയനാംകുന്ന് പ്രദേശങ്ങളിലുള്ള പല തെരുവ് വിളക്കുകളും കത്താത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു.
ഗ്രാമീണ മേഖലയിലെ പ്രധാന റോഡുകളിലും ഇടവഴികളിലും സന്ധ്യ മയങ്ങുന്നതോടെ ഇരുട്ട് പടരുന്നത് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുകയാണ്. മാസങ്ങളായി വിളിപ്പാടകലെ വെളിച്ചമില്ലാതെ കിടക്കുന്ന തെരുവ് വിളക്കുകൾ നന്നാക്കാൻ അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
വെളിച്ചമില്ലാത്തത് കാരണം കുഴികളിലും മറ്റും വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്. പ്രദേശത്ത് കാട്ടുപന്നികളുടെയും തെരുവ് നായ്ക്കളുടെയും ശല്യവും രൂക്ഷമായി. സാമൂഹിക വിരുദ്ധരുടെ ശല്യവും ലഹരി സംഘങ്ങളും വർധിക്കുന്നതായി പരാതിയുണ്ട്.
പ്രദേശവാസികൾ പഞ്ചായത്ത് അധികൃതർക്കും കെഎസ്ഇബിക്കും പലതവണ പരാതി നൽകിയെങ്കിലും ഇതുവരെ ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ല. പുതിയ ബൾബുകൾ സ്ഥാപിക്കാനോ കേടായവ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തെരുവ് വിളക്കുകൾ കത്തിക്കുന്നതിനായി മാറ്റിവയ്ക്കുന്ന ഫണ്ട് കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. തെരുവ് വിളക്കുകൾ തെളിക്കാൻ ആവശ്യമായ നടപടിയില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
District News
ചങ്ങനാശേരി: ഓണത്തിനുമുമ്പ് നഗരത്തിലെ വഴിവിളക്കുകള്‍ തെളിക്കാന്‍ തീരുമാനം. വിവിധ വാര്‍ഡുകളിലെ എഴുനൂറോളം വഴിവിളക്കുകള്‍ തെളിക്കാനാണ് നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം. ഇതിനായി നഗരസഭ രണ്ട് രക്ഷം രൂപ ഓണ്‍ഫണ്ട് വിനിയിയോഗിക്കും. ഓരോ വാര്‍ഡുകളിലും ഇരുപതിനും മുപ്പതിനും ഇടയില്‍ വഴിവിളക്കുകളാണ് പ്രവര്‍ത്തിക്കാത്തത്. അറ്റകുറ്റ പണികള്‍ നടത്തി ഇരുപത് വാട്ട് എല്‍ഇഡി വിളക്കുകളാണ് സ്ഥാപിക്കുന്നത്.
മുന്‍ വര്‍ഷത്തെ സ്പില്‍ഓവര്‍ ഫണ്ട് 15 ലക്ഷവും പുതിയ വര്‍ഷം പത്തുലക്ഷവും വഴിവിളക്കിനായി നഗരസഭ മാറ്റിവച്ചിട്ടുണ്ട്. ഡിപിസി ചേരാത്തതുമൂലം ഫണ്ട് വിനിയോഗിക്കാന്‍ അംഗീകാരം ലഭിക്കുന്നില്ല. ഇതുമൂലം മറ്റ് പദ്ധതികള്‍ക്ക് അംഗീകാരം ലഭിക്കാത്തതുപോലെ തന്നെ വഴിവിഴക്ക് തെളിക്കാനുള്ള പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഓണ്‍ ഫണ്ട് ഉപയോഗിച്ച് വഴിവിളക്കുകള്‍ തെളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. വഴിവിളക്ക് തെളിക്കുന്നതിനുള്ള ഓട്ടോമാറ്റിക് കണ്ട്രോള് ഫ്യൂസുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്ന ജോലികള്‍ കെഎസ്ഇബി നടത്തി വരുകയാണ്. കേടായ വഴിവിളക്കുകള്‍ മാറ്റി പുതിയ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഈ ആഴ്ച ആരംഭിക്കും. ഓണത്തിനുമുമ്പ് വിളക്കുകള്‍ തെളിക്കും എന്ന് മുൻസിപ്പൽ ചെയർമാൻ ജോമി ജോസഫ് പറഞ്ഞു.
District News
മൂവാറ്റുപുഴ: നഗരവികസനത്തിന്റെ ഭാഗമായി മീഡിയനുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു തുടങ്ങി. കച്ചേരിത്താഴം മുതല്‍ പിഒ ജംഗ്ഷന് വരെയുള്ള ഭാഗത്താണ് ലൈറ്റുകള്‍ സ്ഥാപിക്കുന്നത്. കെല്‍ട്രോണിനാണ് നിര്‍മാണ ചുമതല. 44 പോസ്റ്റുകളില്‍ 88 ലൈറ്റുകളാണ് സ്ഥാപിക്കുന്നതെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.
പുഴയോര നടപ്പാതയില്‍ വെള്ളപ്പൊക്കത്തിലും, സാമൂഹ്യവിരുദ്ധരുടെ അതിക്രമങ്ങളിലും തകരാറിലായ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് നഗരസഭയും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി നിലവിലുള്ള വിളക്കുതൂണുകളുടെ ഉയരം ആറടിയോളം വര്‍ധിപ്പിക്കുന്ന പ്രവൃത്തികള്‍ നടക്കുകയാണ്. പ്രവര്‍ത്തനങ്ങള്‍ ഓരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും.
ഏറെ നാളുകളായി ഇരുട്ടിലായിരുന്ന പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറിയിരുന്നു. ഇതേത്തുതുടര്ന്നാണ് നഗരസഭ വഴിവിളക്കുകള്‍ സ്ഥാപിച്ചുതുടങ്ങിയതെന്ന് ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി അറിയിച്ചു.
District News
അടൂർ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ ഏനാത്ത് പകൽ സമയത്തും തെരുവ് വിളക്കുകൾ അണയാതെ കത്തുന്നു. കഴിഞ്ഞ ദിവസവും ഒരു പകൽ മുഴുവൻ തെരുവ് വിളക്കുകൾ കത്തിക്കിടക്കുകയായിരുന്നു.
രാത്രിയിൽ തെളിയിക്കുന്ന വിളക്കുകൾ രാവിലെ തന്നെ ഓഫ് ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയുണ്ടാകണം.
അല്ലാത്തപക്ഷം, ആർക്കും ഒരു പ്രയോജനവുമില്ലാതെ പകൽ വെളിച്ചത്തിൽ വിളക്കുകൾ കത്തുന്നത് വലിയതോതിൽ വൈദ്യുതി പാഴാകാൻ കാരണമാകുന്നു.
ഏനാത്ത് കവലയെയും ഇളംഗമംഗലത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാതയിലും ഏനാത്ത് ജംഗ്ഷനിലുമൊക്കെയുള്ള തെരുവ് വിളക്കുകളാണ് പകലും അണയാതെ കിടന്നത്. വിളക്കുകൾ കൃത്യസമയത്ത് ഓഫ് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കെഎസ്.ബി ഏനാത്ത് സെക്ഷൻ ഓഫീസിലെ ജീവനക്കാരും അധികൃതരും ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.