പ്രതീകാത്മക ചിത്രം
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തില്‍ ഭൂരിഭാഗം തെരുവുവിളക്കുകളും പ്രവര്‍ത്തന രഹിതമെന്ന് ആരോപണം. പഞ്ചായത്ത് പരിധിയിലെ ഭൂരിപക്ഷം തെരുവ് വിളക്കുകളും പ്രവര്‍ത്തനരഹിതമായിട്ടും അറ്റകുറ്റപ്പണികള്‍ നടത്താന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. തെരുവുവിളക്കുകള്‍ പ്രവര്‍ത്തിക്കാത്തതിന്റെ ഉത്തരവാദിത്തം കെഎസ്ഇബിയുടെ മേല്‍ ചുമത്തി കൈകഴുകാനാണ് ജനപ്രതിനിധികളുടെ നീക്കമെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ ഉത്തരവ് പ്രകാരം തെരുവ് വിളക്കുകളുടെ പരിപാലനം, അറ്റകുറ്റപണി, വിളക്കുകള്‍ മാറ്റി സ്ഥാപിക്കല്‍ എന്നിവയുടെ ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. എന്നിട്ടും കരുവാരകുണ്ട് പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ തുടരുകയാണെന്നാണ് ആക്ഷേപം.
തെരുവുവിളക്കുകള്‍ മാസങ്ങളായി പ്രകാശിക്കാത്തത് കാരണം പലയിടത്തും രാത്രിയാത്ര ദുഷ്കരമാണ്. അപകടകാരികളായ വന്യമൃഗങ്ങളും ഇഴജന്തുക്കളും അടക്കമുള്ളവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് പതിവായ സാഹചര്യത്തില്‍ തെരുവുവിളക്കുകള്‍ അടിയന്തരമായി പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം: ആര്‍ജെഡി
കരുവാരകുണ്ട്: തെരുവുവിളക്ക് പ്രശ്നത്തില്‍ പഞ്ചായത്ത് അധികൃതര്‍ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് ആര്‍ജെഡി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയത്തില്‍ അനാസ്ഥ തുടരുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് ആര്‍ജെഡി പഞ്ചായത്ത് ഭാരവാഹികള്‍ വ്യക്തമാക്കി. യോഗം ജില്ലാ സെക്രട്ടറി ഒ.പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനില്‍ ജേക്കബ് കടമപ്പുഴ അധ്യക്ഷത വഹിച്ചു. മാനുവല്‍ കുട്ടി മണിമല, ജയപാലന് കണ്ണത്ത്, ടി.ബാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Streetlights NattuVishasham DistrictNews