Movies
ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിനു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പിന്തുണ പ്രഖ്യാപിച്ച നടിയും മോഹൻലാലിന്റെ മകളുമായ വിസ്മയ മോഹൻലാലിനു നേരെ സൈബർ ആക്രമണം.
വിസ്മയയുടെ പ്രതികരണത്തിന് പിന്നാലെ വിവിധ സാമൂഹ്യ മാധ്യമ പേജുകളിലും മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലും വിവിധ പോസ്റ്റുകൾക്ക് താഴെയുമായാണ് അധിക്ഷേപ കമന്റുകൾ പ്രത്യക്ഷപ്പെട്ടത്.
പൃഥ്വിരാജിന്റെ ഗതി എന്താണെന്ന് അച്ഛനോട് ചോദിച്ചാൽ പറഞ്ഞു തരും, പെട്ടെന്നൊരു പൗരബോധം!, സിനിമയ്ക്ക് ആളെ കൂട്ടാൻ ചില പ്രതികരണങ്ങൾ നടത്തിയാൽ മതിയെന്ന് ആരെങ്കിലും ഉപദേശിച്ചിരുന്നോ?,
പഹൽഗാമിൽ മതം ചോദിച്ച് പാവം മനുഷ്യരെ കൊന്നപ്പോൾ മിണ്ടാട്ടം മുട്ടിയവർക്ക് ഇപ്പോൾ സംസാരിക്കാൻ കഴിവ് കിട്ടിയതിൽ സന്തോഷം, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ, ഇനി ഞാനും എന്റെ കുടുംബവും തിയറ്ററിലേക്ക് ഇല്ല... എന്നിങ്ങനെ പോകുന്നു കമന്റുകൾ.
‘സ്വന്തം പൗരന്മാരോട് ഒരു ജനാധിപത്യ രാജ്യം പ്രതികരിക്കേണ്ടത് ഇങ്ങനെയാണോ? പൗരന്മാർ ശബ്ദമുയർത്തുമ്പോൾ അതിനുള്ള മറുപടി ചർച്ചകൾക്ക് പകരം അതിശക്തമായ അടിച്ചമർത്തലാണെങ്കിൽ, നമ്മൾ ഏതുതരം ജനാധിപത്യത്തിലേക്കാണ് പോകുന്നതെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു’ എന്നാണ് വിസ്മയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
Kerala
മൂവാറ്റുപുഴ: മാറാടി പഞ്ചായത്തിലെ അഞ്ചാം വാർഡായ അവറാച്ചൻ ഉന്നതിയിൽ പുതിയ കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് കത്തയച്ച് അഞ്ചാം ക്ലാസുകാരി. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ഇവാനിയ മരിയ സജേഷാണ് നാട്ടുകാരുടെ ജനകീയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന് കത്തെഴുതിയത്.
അന്പതിലധികം കുട്ടികൾ വൈകുന്നേരങ്ങളിൽ ഓടിക്കളിച്ചു വളരുന്ന പ്രദേശത്താണ് ഇപ്പോൾ കള്ളുഷാപ്പ് തുടങ്ങാൻ അധികൃതർ അനുമതി നൽകിയിരിക്കുന്നതെന്ന് ഇവാനിയ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഷാപ്പിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശവാസികളും കുട്ടികളുടെ മാതാപിതാക്കളും ചേർന്ന് വലിയ സമരത്തിലാണ്. കഴിഞ്ഞ ദിവസം സ്കൂളിൽ ക്ലാസില്ലാതിരുന്നതിനാൽ തങ്ങളും സമരപ്പന്തലിൽ പോയിരുന്നുവെന്ന് കത്തിൽ പറയുന്നു.
എന്നാൽ അവിടെ പോലീസും കള്ളുഷാപ്പുകാരുടെ ആളുകളും നാട്ടുകാരും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. ഇത് കണ്ട് തങ്ങളെല്ലാം വല്ലാതെ ഭയന്നുപോയെന്നും കുട്ടി മുഖ്യമന്ത്രിയെ അറിയിച്ചു.
'സർ, കള്ളുഷാപ്പ് ഇവിടെനിന്നും മാറ്റിത്തരുവാൻ വേണ്ട നടപടികൾ ചെയ്യണമെന്ന് അപേക്ഷിക്കുകയാണ്. അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ സഹായിക്കാൻ കഴിയൂ എന്ന് വിശ്വസിച്ചുകൊണ്ടാണ് കത്ത് എഴുതുന്നത്.
അങ്ങ് ഇതിനൊരു പരിഹാരം ഉണ്ടാക്കിത്തരുമെന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു," എന്ന വൈകാരികമായ വരികളോടെയാണ് ഇവാനിയ കത്ത് അവസാനിപ്പിക്കുന്നത്. പ്രദേശത്ത് ജനകീയ സമിതിയുടെ സമരം ശക്തമായി തുടരുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അഞ്ചാം ക്ലാസുകാരി കത്തയച്ചത്.
National
ഭോപ്പാൽ: മധ്യപ്രദേശ് സെഹോർ ജില്ലയിലെ വിഐടി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം അക്രമാസക്തമായി. മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർഥികൾ മരിച്ചതിനെത്തുടർന്നായിരുന്നു പ്രതിഷേധം. അഞ്ചു വിദ്യാർഥികൾ മരിച്ചതായാണു റിപ്പോർട്ട്.
ഒട്ടേറെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനമാണിത്. അക്രമാസക്തരായ വിദ്യാർഥികൾ കാമ്പസിലെ വാഹനങ്ങൾക്ക് തീയിട്ടു. സെഹോർ ജില്ലയിലെ വിഐടി കാന്പസിലായിരുന്നു സംഭവം. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയുടെ (വിഐടി) സെഹോർ കാന്പസിൽ നാലായിരത്തോളം വിദ്യാർഥികളാണ് പ്രതിഷേധിച്ചത്.
ഹോസ്റ്റലിലെ മോശം ഭക്ഷണവും വെള്ളവുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് വിദ്യാർഥികളുടെ ആരോപണം.
രോഷാകുലരായ വിദ്യാർഥികൾ യൂണിവേഴ്സിറ്റി കെട്ടിടത്തിന്റെ ജനാലകളും വാതിലുകളും ഉപകരണങ്ങളും വെള്ളം ശുചീകരിക്കുന്ന ആർഒ പ്ലാന്റും തകർത്തു. ബസും രണ്ട് കാറുകളും ആംബുലൻലും ബൈക്കും അഗ്നിക്കിരയാക്കി.
ചൊവ്വാഴ്ച രാത്രിയോടെയാണ് പ്രതിഷേധം അക്രമാസക്തമായത്. ഭക്ഷ്യവിഷബാധയെത്തുടർന്ന് നിരവധി വിദ്യാർഥികൾ ആശുപത്രിയിലായി. ഇവരിൽ പലർക്കും മഞ്ഞപ്പിത്തം ബാധിക്കുകയും ചിലർ മരിക്കുകയും ചെയ്തതായി വിദ്യാർഥികൾ ആരോപിക്കുന്നു.
തങ്ങളുടെ പരാതി ഹോസ്റ്റൽ വാർഡൻമാരും സുരക്ഷാ ജീവനക്കാരും അവഗണിക്കുകയും ആക്രമിക്കുകയും ചെയ്തതോടെയാണ് പ്രതിഷേധിക്കാൻ തീരുമാനിച്ചതെന്ന് വിദ്യാർഥികൾ പറയുന്നു.
സംഭവത്തെ തുടർന്ന് കാമ്പസിൽ പോലീസിനെ വിന്യസിച്ചു. വിദ്യാർഥികളുമായി ചർച്ച നടത്തിയതായും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടികൾ ഉറപ്പുനൽകിയതായും അഷ്ഠ സബ് ഡിവിഷണൽ പോലീസ് ഓഫീസർ ആകാശ് അമാൽകർ പറഞ്ഞു.
അതേസമയം, കോളജിന് മാനേജ്മെന്റ് 30 വരെ അവധി പ്രഖ്യാപിച്ചു. നിലവിൽ സ്ഥിതി ശാന്തമാണെന്നു സെഹോർ പോലീസ് സൂപ്രണ്ട് ദീപക് ശുക്ല അറിയിച്ചു.