Movies
അൻസിബ ഹസൻ ടിനി ടോമിനും ലക്ഷ്മിപ്രിയയ്ക്കും എതിരെ നൽകിയ പരാതികളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചകളെക്കുറിച്ച് തുറന്നുപറഞ്ഞ് അൻസിബയുടെ അഭിഭാഷകൻ അഡ്വ. ഫിർദോസ്.
അൻസിബയുടെ പരാതികൾ ആദ്യം തള്ളിക്കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും എന്നാൽ ശക്തമായ നിയമപോരാട്ടത്തിനൊടുവിൽ ടിനി ടോമിനെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷ്മിപ്രിയയ്ക്കൊപ്പം ശ്വേത മേനോനും മറ്റൊരു പ്രമുഖ രാഷ്ട്രീയ നേതാവായ സിനിമ നടൻ കൂടിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘‘നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസ് എടുക്കാൻ ഇപ്പോൾ കോടതി നിർദേശം നൽകിയിട്ടുണ്ട്. യഥാർഥത്തിൽ ടിനി ടോമിനെതിരായി പോലീസ് സ്റ്റേഷനിൽ അൻസിബ നൽകിയ കേസ് പോലീസ് കഴമ്പില്ല എന്നുപറഞ്ഞ് തള്ളിക്കളഞ്ഞതായിരുന്നു.
അൻസിബയെയും ടിനി ടോമിനെയും മറ്റു പലരെയും വിളിച്ച് മൊഴി എടുത്തിരുന്നു. എന്നിട്ടും ഒരു എഫ് ഐ ആർ പോലും റജിസ്റ്റർ ചെയ്യാതെ കേസ് തള്ളിക്കളയുകയായിരുന്നു.
അന്വേഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് കഴമ്പില്ല എന്ന് മനസ്സിലാകുന്നത്. അതിനുശേഷമാണ് ഞങ്ങൾ കോടതിയെ സമീപിച്ചത്. ഇപ്പോൾ കേസിൽ എഫ്.ഐ.ആർ റജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. കടവന്ത്ര പോലീസ് സ്റ്റേഷനിലാണ് ഇനി എഫ്.ഐ.ആർ ഇടേണ്ടത്. അവിടെയായിരിക്കും തുടർനടപടികൾ.
യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും അനാവശ്യവും മോശവുമായ കാര്യങ്ങൾ പറഞ്ഞതിനെതിരെയും ലക്ഷ്മിപ്രിയയ്ക്ക് എതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
അൻസിബയുടെ പരാതിക്ക് മറുപടിയായി കമ്മിഷണർ ഇപ്പോൾ ഒരു അറിയിപ്പ് തന്നിട്ടുണ്ട്. അതായത്, എറണാകുളം സെൻട്രൽ എ.സി.പിക്ക് ഈ പരാതി ഫോർവേഡ് ചെയ്തിട്ടുണ്ട് എന്ന്.
മുൻപ് പാലാരിവട്ടം സ്റ്റേഷനിലായിരുന്ന അന്വേഷണം അവിടുന്ന് മാറ്റി ഇപ്പോൾ എ.സി.പിക്ക് കൈമാറിയിരിക്കുകയാണ്. അതിന്റെ മെയിൽ കോപ്പി ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഞങ്ങൾ പരാതി കൊടുത്തിട്ടും അവർ ആ വീഡിയോ പോസ്റ്റ് ചെയ്യുകയാണുണ്ടായത്. ഇപ്പോൾ പാലാരിവട്ടം സ്റ്റേഷനിൽ നിന്നും മാറ്റി എറണാകുളം എ.സി.പിയുടെ പരിധിയിലേക്ക് അത് വന്നിട്ടുണ്ട്. ഇനിയിപ്പോൾ അവിടെയായിരിക്കും തുടർനടപടികൾ. അവർ കേസ് എടുക്കുമോ ഇല്ലയോ എന്ന് കണ്ടറിയണം.
ലക്ഷ്മിപ്രിയയ്ക്കും വനിതാ എസ് ഐക്കും എതിരെ നൽകിയ പരാതിയിൽ ശനിയാഴ്ചത്തേക്ക് അൻസിബയുടെ സ്റ്റേറ്റ്മെന്റ് എടുക്കാൻ വച്ചിരിക്കുകയാണ്. നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വളരെ പോസിറ്റീവായ ഒരു സമീപനമാണ് കോടതിയുടെ ഭാഗത്തുനിന്നുള്ളത്.
എന്തിരുന്നാലും അതിലൊരു പബ്ലിക് സർവന്റ് (പോലീസുകാരി) കൂടി പ്രതിയായിട്ടുള്ളതുകൊണ്ട്, അതിന്റെ ഭാഗമായിട്ടായിരിക്കാം കോടതി കൃത്യത . എന്താണ് പ്രൊസീഡിംഗ്സ് വരുന്നത് എന്ന് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.
അൻസിബ നൽകുന്ന പരാതികളൊക്കെ പോലീസ് തള്ളിക്കളയുന്നതിനു പിന്നിൽ വ്യക്തമായ ഒരു സംഘപരിവാർ രാഷ്ട്രീയം കളിക്കുന്നുണ്ട്. ടിനി ടോം അങ്ങനെയുള്ള ആളല്ലെന്ന് നമുക്കറിയാം, പക്ഷേ അയാൾ ഇവിടെയൊരു ടൂൾ മാത്രമാണ്.
എഫ്ഐആർ പോലും ഇടാൻ അവർ തയാറാകുന്നില്ല. കാരണം എഫ്.ഐ.ആർ ഇട്ടാൽ നമുക്ക് ചോദ്യം ചെയ്യാൻ പറ്റും. ഇതിന് പിന്നിൽ ശ്വേത മേനോൻ, രാഷ്ട്രീയ പ്രമുഖനുമായ സൂപ്പർ നടൻ തുടങ്ങിയ വലിയൊരു ടീം തന്നെയുണ്ട്.
വരും ദിവസങ്ങളിൽ പല രഹസ്യങ്ങളും പുറത്തുവരും. ഇവർക്കു വേണ്ടിയാണ് ഇവരൊക്കെ സംസാരിക്കുന്നത്. ടിനി ടോമും ലക്ഷ്മിപ്രിയയും രണ്ട് രാഷ്ട്രീയ ചേരിയിലുള്ളവരാണ്. ലക്ഷ്മിപ്രിയയെ എന്തിനാണ് പൊലീസ് സംരക്ഷിക്കുന്നത്? അതിന് പിന്നിൽ വ്യക്തമായ താല്പര്യങ്ങളുണ്ട്
പലരും വിചാരിക്കുന്നത് ഇത് കോൺഗ്രസിന്റെ പോലീസാണെന്നോ അല്ലെങ്കിൽ ഭരിക്കുന്ന ആഭ്യന്തര വകുപ്പിന്റെ പോലീസാണെന്നോ ഒക്കെയാണ്. മുൻപ് പിണറായി വിജയൻ ഭരിച്ചിരുന്ന സമയത്തും എനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണിത്. ഞാൻ 'കേരള സ്റ്റോറി' സിനിമക്കെതിരെ പരാതി നൽകാൻ കമ്മിഷണർ ഓഫിസിൽ പോയപ്പോൾ, അവിടെയിരുന്ന ഒരു വനിതാ പോലീസുകാരി എന്നോട് ചോദിച്ചത് 'ആ സിനിമയിൽ എന്താണ് തെറ്റ്, അതല്ലേ ഇവിടെ നടക്കുന്നത്' എന്നാണ്. അന്ന് ഭരിക്കുന്നത് പിണറായിയാണ്, പക്ഷേ അതേ ഓഫിസാണ് ഇപ്പോഴും റൺ ചെയ്യുന്നത്.
പാലാരിവട്ടത്ത് പരാതി നൽകിയ സമയത്ത് അൻസിബ നേരിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിളിച്ച് സംസാരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ ആ റീൽ ഇറങ്ങിയ ഉടനെയായിരുന്നു അത്.
യൂട്യൂബിൽ വിഡിയോ അടുത്ത ദിവസം വൈകിട്ട് നാല് മണിക്ക് റിലീസ് ചെയ്യാൻ ഷെഡ്യൂൾ ചെയ്തു വെച്ചിരിക്കുകയാണെന്നും അത് വലിയ ദോഷം ചെയ്യുമെന്നും ചെന്നിത്തലയോട് അൻസിബ പറഞ്ഞു.
‘‘ഞാൻ വിളിച്ച് പറയാം, എഫ്.ഐ.ആർ ഇടാനുള്ള കാര്യങ്ങൾ ചെയ്യാം’’എന്ന് അദ്ദേഹം ഉറപ്പുനൽകി. അദ്ദേഹം വിളിച്ച് പറഞ്ഞതിന് പിന്നാലെ 10 മിനിറ്റിനുള്ളിൽ എസ്.എച്ച്.ഒ അൻസിബയെ തിരിച്ചുവിളിച്ച് കേസെടുക്കുന്നുണ്ട് എന്ന് അറിയിക്കുകയും ഒരു പേപ്പർ അയച്ചു നൽകുകയും ചെയ്തു.
പക്ഷേ പിന്നീട് അവർ കളി മാറ്റി, ഇത് പ്രാഥമിക അന്വേഷണം ആണ് 14 ദിവസം കഴിഞ്ഞിട്ടേ തീരുമാനമെടുക്കൂ എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോയി.
ഇതിനിടയിൽ ബി. ഉണ്ണികൃഷ്ണൻ എസിപിയെ വിളിച്ച് സംസാരിച്ചു, നടൻ സിദ്ദീഖ് വിളിച്ച് സംസാരിച്ചു. ഇവരൊക്കെ ഇടപെട്ടപ്പോഴും പൊലീസ് പ്രാഥമിക അന്വേഷണത്തിന്റെ പേരിൽ ഒതുക്കാൻ നോക്കുകയാണ്. വിസിബിൾ ആയ ഒരു ഒഫൻസ് നടന്നിട്ടും പോലീസ് പ്രാഥമിക അന്വേഷണം എന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ശുദ്ധമായ രാഷ്ട്രീയക്കളിയാണ്.
എന്ത് പ്രാഥമിക അന്വേഷണമാണ് നടത്തേണ്ടത്? രമേശ് ചെന്നിത്തലയോ മറ്റുള്ളവരോ വിളിച്ച് പറഞ്ഞിട്ടും കേസ് മുന്നോട്ട് പോകാത്തത് പോലീസിന്റെ രാഷ്ട്രീയ മനോഭാവം കൊണ്ടാണ്. ഇതിനെതിരെ അൻസിബ മീഡിയയിൽ നൽകിയ അഭിമുഖങ്ങളിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്, പരാതിയുമായി വരുന്ന സ്ത്രീകളുടെ ജാതിയും മതവും നോക്കിയല്ല പോലീസ് കേസ് എടുക്കേണ്ടത്, ആഭ്യന്തര വകുപ്പ് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സാധാരണഗതിയിൽ കോടതി നിർദേശിച്ചാൽ 24 മണിക്കൂറിനുള്ളിൽ എഫ്.ഐ.ആർ ഇട്ട് കോടതിയിൽ സമർപ്പിക്കണം, അതാണ് നിയമം. ചിലപ്പോൾ പോലീസ് രണ്ടു മൂന്നു ദിവസം വൈകിച്ചേക്കാം. പരാതിക്കാർ വീണ്ടും പരാതിയുമായി പോകില്ലെന്ന ധാരണയിലാണ് പോലീസ് പലപ്പോഴും ഇങ്ങനെ ചെയ്യുന്നത്.
പോലീസിന്റെ അന്വേഷണത്തിലും നമ്മൾ വലിയ നീതി പ്രതീക്ഷിക്കുന്നില്ല. പോലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ റിപ്പോർട്ട് സമർപ്പിച്ചു കഴിഞ്ഞാൽ ഞങ്ങൾ നേരിട്ട് കോടതിയിൽ പ്രൈവറ്റ് കേസ് ഫയൽ ചെയ്യും. കോടതി നേരിട്ട് അന്വേഷിക്കുന്നതിലാണ് ഞങ്ങൾക്ക് വലിയ പ്രതീക്ഷയും ഹോപ്പുമുള്ളത്. അത് എങ്ങനെ കൊണ്ടുപോകണമെന്ന് ഞങ്ങൾക്ക് നന്നായറിയാം.
ഇത്രയും വലിയ മീഡിയ പബ്ലിസിറ്റിയുള്ള ഒരു കേസിൽ പോലും ഇവർ ഇത്രയും ധൈര്യം കാണിച്ച് നീതി നിഷേധിക്കുമ്പോൾ, ഒരു സാധാരണ പെൺകുട്ടിയുടെ അവസ്ഥ എന്തായിരിക്കും? അവർ എന്ത് ധൈര്യത്തിൽ പോലീസ് സ്റ്റേഷനിൽ കയറിച്ചെല്ലും?
അതുകൊണ്ട് തന്നെയാണ് അൻസിബ വിട്ടുകൊടുക്കാതെ ഈ പോരാട്ടം തുടരുന്നത്. ഈ പോരാട്ടം അൻസിബയ്ക്ക് വേണ്ടി മാത്രമല്ല, നാളെ ഒരു പോലീസ് സ്റ്റേഷനിലും ഒരു സ്ത്രീക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല, എല്ലാ പെൺകുട്ടികൾക്കും വേണ്ടിയാണ് ഈ പോരാട്ടം.’’
Kerala
കൊച്ചി: വ്യക്തിയധിക്ഷേപവും അപകീർത്തികരവുമായ പരാമർശവും നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. പോലീസിന്റെ വാദങ്ങൾ തള്ളിക്കൊണ്ട് എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിർണായക നിർദേശം നൽകിയത്.
ടിനി ടോം തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് കാണിച്ച് അൻസിബ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയും, തുടർന്ന് അന്വേഷണം നടത്താൻ എസിപിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടവന്ത്ര പോലീസ് ഇരുവരുടെയും മൊഴിയെടുത്ത് പ്രാഥമിക പരിശോധന നടത്തിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.
പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോകാൻ ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് എസിപിക്ക് റിപ്പോർട്ടും സമർപ്പിച്ചു. പോലീസ് നടപടിയെടുക്കാൻ വിസമ്മതിച്ചതോടെയാണ് അൻസിബ ഹസൻ നേരിട്ട് കോടതിയെ സമീപിച്ചത്. അൻസിബയുടെ ഹർജി പരിഗണിച്ച കോടതി പോലീസിനോട് റിപ്പോർട്ട് തേടിയിരുന്നു. തുടർന്ന് ലഭ്യമായ വിവരങ്ങളും ഹർജിയിലെ വാദങ്ങളും പരിശോധിച്ച ശേഷമാണ്, കേസെടുക്കാനാവില്ലെന്ന പോലീസിന്റെ റിപ്പോർട്ട് തള്ളി ടിനി ടോമിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
Kerala
കൊച്ചി: വർഗീയ അധിക്ഷേപം നടത്തിയെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പോലീസിന്റെ കണ്ടെത്തൽ തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടപെടൽ.
നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അനുകൂല നിലപാടല്ല ഉണ്ടായത്. തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചതും സ്വകാര്യ അന്യായം ഫയൽ ചെയ്തതും. കോടതി നിർദേശപ്രകാരം കേസെടുത്താലും മുൻപ് ഇതേ കേസിൽ ടിനി ടോമിന് അനുകൂലമായി റിപ്പോർട്ട് നൽകിയ പോലീസ് തന്നെയാണ് കേസ് അന്വേഷിക്കുക.
ഇതിൽ ആശങ്കയുണ്ടെന്ന് അൻസിബയുടെ അഭിഭാഷകൻ പറഞ്ഞു. പോലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ ടിനി ടോമിനെ സഹായിക്കാൻ സാധ്യതയുണ്ട്. എന്നാൽ അതുകൊണ്ടൊന്നും കേസ് അവസാനിക്കാൻ പോകുന്നില്ലെന്നും അഭിഭാഷകൻ വ്യക്തമാക്കി. നീതി ലഭിക്കുന്നത് വരെ പോരാടുമെന്നാണ് അൻസിബ അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അൻസിബയുടെ പരാതിയുമായി ബന്ധപ്പെട്ടു കടവന്ത്ര പോലീസ് ടിനിയുടെ മൊഴിയെടുത്തിരുന്നു. അമ്മ മുൻ പ്രസിഡന്റ് ശ്വേത മേനോൻ, എക്സിക്യൂട്ടീവ് അംഗം നീന കുറുപ്പ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. ടിനി തനിക്കെതിരെ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയെന്നും ജിഹാദി എന്നു വിളിച്ച് ആക്ഷേപിച്ചു എന്നുമാണ് അൻസിബയുടെ ആരോപണം.
Kerala
കൊച്ചി: ടിനി ടോമിനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് നടി നീന കുറുപ്പ്. താരസംഘടനയായ അമ്മയില്‍ ഭരണസമിതി കൂട്ടരാജിയിലേക്ക് പോകാനുണ്ടായ വിഷയങ്ങളിലൊന്ന് എക്സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായ തര്‍ക്കങ്ങളും താരങ്ങള്‍ ചേരി തിരിഞ്ഞ് പോരിന് ഇറങ്ങിയതുമാണ്. നടന് ടിനി ടോമിനെതിരെ അന്‍സിബ ഹസനും പിന്നാലെ നീന കുറുപ്പും രംഗത്തെത്തിയിരുന്നു.
ടിനി ടോമിനെതിരെ നീന കുറുപ്പ് പരാതി നല്കി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ ടിനി ടോം തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് പരാതി നല്കി എന്ന വിവരമായിരുന്നു പുറത്തുവന്നത്.
എന്നാല്‍ താന്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് നീന കുറുപ്പ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. അത് ഉള്ളിലുള്ള കാര്യം മാത്രമാണ്, പുറത്തൊന്നും പരാതി പറഞ്ഞിട്ടില്ല എന്ന് നീന കുറുപ്പ് പറഞ്ഞു.
അതേസമയം, ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ നീന കുറുപ്പ് വിസമ്മതിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ലക്ഷ്മിപ്രിയക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥനും രംഗത്തെത്തിയിരുന്നു. ലക്ഷ്മിപ്രിയ രാജി വച്ചതിനെതിരെ ആയിരുന്നു നീന പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും സംസാരിക്കാന്‍ താല്പര്യമില്ല എന്നാണ് നീന കുറുപ്പിന്റെ മറുപടി.
എനിക്ക് എന്താണെങ്കിലും സന്തോഷമായി. പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്. അതുകൊണ്ട് അവള് രാജിവച്ചു. ആ പേര് പോലും പറയാന്‍ ഇഷ്ടമില്ല.
അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്‍. 39 വര്‍ഷമായി ഇന്റസ്ട്രിയില്‍ ഉള്ള ആളാണ് ഞാന്‍. ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാന്‍ നിങ്ങള്‍ക്ക് ഞാന്‍ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ. എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത് എന്നായിരുന്നു നീന കുറുപ്പ് ഞായറാഴ്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
Kerala
കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്.
തനിക്കെതിരെ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തള്ളിയതാണ്. എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.
കത്തിന്റെ പൂര്‍ണരൂപം:
ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ. അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്സിക്യൂട്ടീവില്‍ ലാലേട്ടന്റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.
അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്.
ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന് Tiny Tom , thank u and god bless you all.
അതേസമയം, അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.
തന്റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞു.
Kerala
കൊച്ചി: തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന് കോടതിയെ സമീപിച്ചു. അന്‍സിബ നല്കിയ പരാതിയില്‍ കടവന്ത്ര പോലീസിന്റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്ര പോലീസ് ടിനി ടോമിന്റെയും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴി എടുത്തിരുന്നു. ടിനി ടോം വര്‍ഗീയമായി അധിക്ഷേപിക്കുന്നതോ ജിഹാദി എന്ന് വിളിക്കുന്നതോ കേട്ടിട്ടില്ല എന്നാണ് ശ്വേത മൊഴി നല്‍കിയത്.
വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിയെന്നും അടിസ്ഥാനഹരിതമാണ് എന്നുമാണ് ടിനി ടോം മൊഴി നല്‍കിയത്. അന്‍സിബ മതം മാറ്റിയെന്ന് ആരോപിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
ടിനി ടോം അധിക്ഷേപിക്കുന്നത് അന്‍സിബ നേരിട്ട് കേട്ടിട്ടില്ല, സംഘടനയിലുള്ളവര്‍ പറഞ്ഞുവെന്നാണ് നടിയുടെ മൊഴി. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാം എന്ന തീരുമാനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: നടി അൻസിബ ഹസൻ ടിനി ടോമിനെതിരെ നൽകിയ പരാതിയിൽ കൊച്ചി എസിപി തുടർ നടപടി സ്വീകരിക്കും. കടവന്ത്ര പോലീസ് അന്വേഷണ റിപ്പോർട്ട് ഉടൻ എസിപിക്ക് കൈമാറും.
ടിനി ടോം തനിക്കെതിരെ വർഗീയ പ്രചരണം നടത്തിയെന്നായിരുന്നു അൻസിബയുടെ പരാതി. ടിനി ടോമിന്റെയും അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെയും മൊഴി പോലീസ് എടുത്തിരുന്നു. അൻസിബയുടെ ആരോപണം നിഷേധിച്ചാണ് ഇരുവരും മൊഴി നൽകിയത്.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന് ടിനി ടോമിന്റെ മൊഴി രേഖപ്പെടുത്തി കടവന്ത്ര പോലീസ്. ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. എന്നാല്‍ അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈര്യാഗത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ടിനി ടോം മൊഴി നല്കി.
അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സ്റ്റേജ് ഷോയ്ക്കിടെ താനും നീന കുറുപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി, അതിന് പിന്നാലെയാണ് അന്‍സിബ പരാതിയുമായി വരുന്നത്. ഇത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് എന്നാണ് ടിനി ടോമിന്റെ മൊഴി.
താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ശ്വേത മേനോന്റെ മൊഴിയും കടവന്ത്ര പോലീസ് എടുത്തിരുന്നു. ടിനി ടോം അത്തരത്തില്‍ വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നല്കിയ മൊഴി.
നീന കുറുപ്പിന്റെയും അന്‍സിബയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്‍സിബ മതം മാറ്റി എന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ നല്കിയ പരാതി തൃക്കാക്കര പോലീസ് തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ല എന്നായിരുന്നു പോലീസിന്റെ റിപ്പോര്‍ട്ട്.
Movies
നടൻ ടിനി ടോമിനെതിരായ പരാതിയിൽ പോലീസ് കേസെടുത്തിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി അൻസിബ ഹസൻ. കടവന്ത്ര പോലീസ് സ്റ്റേഷനിൽ എത്തി താരം വിശദമായി മൊഴി നൽകിയിരുന്നു. അൻസിബയുടെ പരാതിയിൽ തുടർ നടപടികൾ എടുക്കുന്നത് മേലുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമായിരിക്കുമെന്ന് പോലീസ് പറഞ്ഞു. അന്‍സിബയുടെ മൊഴി എസിപിക്കും ഡിസിപിക്കും കൈമാറി. നീനാ കുറുപ്പിന്റെ മൊഴിയെടുക്കുന്നതിലും മേലുദ്യോഗസ്ഥരുടെ അനുമതി തേടും.
ടിനി സൈബർ അധിക്ഷേപം നടത്തുന്നുവെന്നും വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അൻസിബയുടെ പരാതിയിലുണ്ട്.
Movies
നടന് ടിനി ടോം തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയെന്നും മത തീവ്രവാദിയാക്കാന്‍ ശ്രമിച്ചുവെന്നും ചൂണ്ടിക്കാട്ടി നടി അന്‍സിബ ഹസന്റെ പരാതി.
ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. അമ്മ സംഘടനയിലെ പ്രശ്നങ്ങളെ തുടര്‍ന്ന് അന്‍സിബ നല്കുന്ന രണ്ടാമത്തെ പരാതിയാണിത്.
നേരത്തെ നടി ലക്ഷ്മിപ്രിയക്കെതിരെയും തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐയ്ക്കെതിരെയും അന്‍സിബ പരാതി നല്‍കിയിരുന്നു. തുടര്‍ച്ചയായി സൈബര്‍ ആക്രമണം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു, വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി എന്നൊക്കെയാണ് ടിനി ടോമിനെതിരെയുള്ള പരാതിയില്‍ പറയുന്നത്.
തന്നെയും കുടുംബത്തെയും ടിനി ടോം തുടര്‍ച്ചയായി അധിക്ഷേപിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു, മതതീവ്രവാദിയാക്കാന്‍ ശ്രമിച്ചു, ഒരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെയും മകനെയും മതപരിവര്‍ത്തനം നടത്തിയെന്ന് ടിനി ടോം ആക്ഷേപിച്ചു എന്നതടക്കമാണ് ടിനി ടോമിനെതിരെയുള്ള അന്‍സിബയുടെ ആരോപണങ്ങള്‍.
അമ്മ സംഘടനയുടെ ഗ്രൂപ്പിലടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി. ജിഹാദി എന്നു വിളിച്ചുവെന്നും ഇത് തന്നെ ബാധിച്ചുവെന്നും സംഘടനയിലെ മറ്റ് അംഗങ്ങള്‍ തന്നെ സംശയത്തോടെ കണ്ടുവെന്നും പരാതിയില്‍ അന്‍സിബ പറയുന്നുണ്ട്.
Movies
താരസംഘടനയായ 'അമ്മ'യില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെ നടി അന്‍സിബ ഹസന് നല്കിയ പരാതിയില്‍ ആഭ്യന്തര വകുപ്പ് തുടര്‍നടപടി എടുത്തേക്കും. നടി ലക്ഷ്മിപ്രിയ നല്കിയ വ്യാജ പരാതിയില്‍ തൃപ്പൂണിത്തുറ വനിതാ പോലീസില്‍ നിന്നും മാനസിക പീഡനം നേരിട്ടുവെന്നാണ് അന്‍സിബയുടെ പരാതി.
പോലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ടുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് അന്‍സിബ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്ഐ രേഷ്മ മൂന്നു മണിക്കൂര്‍ ഹരാസ് ചെയ്തു. എഎസ്ഐ വനജ അടക്കമുള്ളവര്‍ ഭയങ്കര മോശമായാണ് പെരുമാറിയത്. നീതി കിട്ടാത്തതു കൊണ്ടാണ് ഔദ്യോഗികമായി പരാതി നല്കാന് ഒരുങ്ങുന്നത് എന്നാണ് അന്‍സിബ പറയുന്നത്.
ജനുവരി 29ന് ആണ് പരാതിക്ക് കാരണമായ സംഭവം നടന്നത്. ലക്ഷ്മിപ്രിയയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തന്നെ സ്റ്റേഷനില്‍ വിളിച്ചു വരുത്തുകയും അവിടെ വച്ച് ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയുമായിരുന്നു എന്നാണ് അന്‍സിബയുടെ പരാതി.
അതേസമയം, അമ്മ എക്സിക്യൂട്ടീവ് അംഗമായ ടിനി ടോമിനും ലക്ഷ്മിപ്രിയക്കുമെതിരെ ഉന്നയിച്ച പരാതി നിഷ്പക്ഷമായി കേള്‍ക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്ന അന്‍സിബയുടെ ആവശ്യത്തില്‍ അമ്മയുടെ ഭാഗത്ത് നിന്നും തീരുമാനമുണ്ടായിട്ടില്ല. തന്റെ പരാതി കേള്‍ക്കാന്‍ രമേഷ് പിഷാരടി, ധ്യാന്‍ ശ്രീനിവാസന്, മാലാ പാര്‍വതി എന്നിവര്‍ ഉള്‍പ്പെടുന്ന സമിതി വേണമെന്നായിരുന്നു അന്‍സിബയുടെ ആവശ്യം.
Movies
താരസംഘടനയായ ‘അമ്മ’യിലെ തര്‍ക്കത്തില്‍ വിശദീകരണവുമായി നടി നീനാ കുറുപ്പ്. നടന് ടിനി ടോം കുടുംബസംഗമത്തിന്റെ തലേദിവസം എന്തെല്ലാം ചെയ്തുവെന്ന് ലക്ഷ്മിപ്രിയ പറയുന്ന ഓഡിയോ ക്ലിപ് തന്റെ കൈയിലുണ്ടെന്നാണ് നീനാ കുറുപ്പ് സ്വകാര്യചാനലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നത്.
ഇപ്പോള്‍ ലക്ഷ്മിപ്രിയ എല്ലാം നിഷേധിക്കുകയാണ്. ലക്ഷ്മിപ്രിയ അനുവദിക്കുകയാണെങ്കില്‍ ആ വോയ്സ് ക്ലിപ്പ് താന്‍തന്നെ പുറത്തുവിടാമെന്നും നീനാ കുറുപ്പ് പറയുന്നു.
കുടുംബമേളയ്ക്കിടെ തന്നെ കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നും കേട്ടാല്‍ അറയ്ക്കുന്ന തെറി പറഞ്ഞുവെന്നുമാണ് ടിനി ടോമിനെതിരായ നീന കുറുപ്പിന്റെ പരാതി. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടിനി മറ്റു പലരോടും ഇങ്ങനെ പെരുമാറിയിട്ടുണ്ടെന്നും നീന പറഞ്ഞു.
Movies
അമ്മ സംഘടനയിൽ രൂക്ഷമാകുന്ന ആരോപണ-പ്രത്യാരോപണങ്ങളിൽ നിലപാട് വ്യക്തമാക്കി നടൻ സുധീർ സുകുമാരൻ. പരസ്പരം ചെളി വാരിയെറിയുകയാണ് ടിനി ടോമും അൻസിബയും ചെയ്യുന്നതെന്ന് സുധീർ പറയുന്നു.
‘‘എന്തായാലും കൊള്ളാം കേട്ടോ, രാവിലെ എഴുന്നേറ്റ് ഇൻസ്റ്റഗ്രാം തുറന്നപ്പോൾ ടിനി ടോമിന്റെ അഭിമുഖം, ‘ഞാൻ അങ്ങനെയല്ല, ഞാൻ മറ്റേതല്ല’, എന്റെ പൊന്നു ടിനി, നിങ്ങളൊരു കലാകാരനല്ലേ, അറിയാവുന്ന പണി ചെയ്ത് ജീവിക്ക്. എന്തിനാണ് മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയുന്നത്.
നമുക്കിതൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടില്ല, നിങ്ങൾ നിങ്ങളുടെ പ്രഫഷനില്‍ ശ്രദ്ധിക്ക്. അൻസിബയോടും കൂടിയാണ്, നിങ്ങളും നിങ്ങളുടെ കാര്യം നോക്കി ജീവിക്ക്. ‘അമ്മ’ സംഘടനയെ പടുത്തുയർത്തിയ ഒരുപാട് ആളുകളുണ്ട്, നിങ്ങൾ പരസ്പരം ചെളി വാരിയെറിയുമ്പോൾ കൊള്ളുന്നത് അവർക്കാണ്.
ഈ സംഘടന പൊന്നുപോലെ കൊണ്ടു നടന്നവരുണ്ട്. ഇതിനു വേണ്ടി ജീവൻ കളഞ്ഞവരുണ്ട്. സമയം കളഞ്ഞവരുണ്ട്. അവരുടെയൊക്കെ മുഖത്ത് ചെളി വാരിയെറിയുകയാണ്. കഷ്ടം, അത് ഏറ്റുപിടിക്കാൻ മറ്റുചില കോമാളികളും. എന്ത് ആവശ്യത്തിന്. വേറെ വല്ലോ പണിക്കും പൊയ്ക്കൂടെ.
‘അമ്മ’യുടെ കൈനീട്ടം കാത്തിരിക്കുന്ന എത്രയോ പേരുണ്ട് സംഘടനയിൽ. കണ്ണിന്റെ ചികിത്സ ചെയ്യുന്നവർ, മറ്റു ചികിത്സ നേടുന്നവർ ഒരുപാട് പേരുണ്ട്. എന്തിനാണ് സംഘടനയെ ഇങ്ങനെ നാറ്റിക്കുന്നത്. ഇതൊക്കെ പറയാൻ എനിക്കൊരു പേടിയുമില്ല.’’സുധീർ പറഞ്ഞു.
Kerala
കൊച്ചി: മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിൽ ഭിന്നതയും ആഭ്യന്തര കലഹവും രൂക്ഷമാകുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംഘടനയ്ക്കകത്ത് വലിയ രീതിയിലുള്ള തർക്കങ്ങളാണ് ഉടലെടുത്തിരിക്കുന്നത്. പ്രമുഖ നടിമാരായ മാലാ പാർവതി, പൊന്നമ്മ ബാബു, ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർ സംഘടനയുടെ നിലപാടുകൾക്കെതിരെയും നിലവിലെ നേതൃത്വത്തിനെതിരെയും പരസ്യമായി രംഗത്തുവന്നതോടെ തർക്കം പുതിയ തലത്തിലെത്തി.
'അമ്മ'യുടെ പ്രസിഡന്റും (ശ്വേത മേനോൻ) സെക്രട്ടറിയും (കുക്കു പരമേശ്വരൻ) രണ്ട് ധ്രുവങ്ങളിലായാണ് ചിന്തിക്കുന്നതെന്നും അവർ രണ്ട് വഴിക്കാണെന്നും നടി മാലാ പാർവതി തുറന്നടിച്ചു. സംഘടനയ്ക്കുള്ളിലെ ഏകോപനമില്ലായ്മയെയാണ് ഇത് കാണിക്കുന്നത്.
'അമ്മ'യുടെ ഇപ്പോഴത്തെ ഭാരവാഹികൾ രാജിവെച്ച് ഒഴിഞ്ഞു പോകണമെന്നും നിലവിലെ നേതൃത്വം പൂർണമായും പിരിച്ചുവിടണമെന്നും നടി പൊന്നമ്മ ബാബു ശക്തമായി ആവശ്യപ്പെട്ടു.
'അമ്മ'യുടെ ഓഫീസ് കേന്ദ്രീകരിച്ച് വലിയ തോതിലുള്ള അട്ടിമറികളാണ് നടക്കുന്നതെന്ന് നടി ലക്ഷ്മി പ്രിയ ആരോപിച്ചു. കുക്കു പരമേശ്വരനും പരിവാരങ്ങളും ചേർന്ന് 'അമ്മ'യുടെ ഓഫീസിനെ ഒരു തരം 'അധോലോക' പ്രസ്ഥാനമാക്കി മാറ്റിയെന്നാണ് ലക്ഷ്മി പ്രിയയുടെ രൂക്ഷവിമർശനം. സംഘടനയുടെ തലപ്പത്തേക്ക് സ്ത്രീകൾ കടന്നുവന്നാൽ പുരുഷാധിപത്യമുള്ള ഈ മേഖലയിൽ പൊതുവെ ഒരു ബഹുമാനക്കുറവ് നേരിടേണ്ടി വരുന്നുണ്ടെന്ന് നടി ശ്വേത മേനോൻ തുറന്നുസമ്മതിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സംഘടന കൃത്യമായ നിലപാടെടുക്കാൻ വൈകുന്നതിലും, പീഡനാരോപണം നേരിടുന്നവർക്കെതിരെ നടപടിയെടുക്കാൻ മടിക്കുന്നതിലുമുള്ള കടുത്ത അമർഷമാണ് നടിമാരുടെ ഈ കൂട്ട പ്രതികരണങ്ങളിലൂടെ പുറത്തുവരുന്നത്. വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ കൂടുതൽ പൊട്ടിത്തെറികൾ ഉണ്ടാകുമെന്ന സൂചനയാണ് ഇത് നൽകുന്നത്.
Kerala
കൊച്ചി: നടൻ ടിനി ടോമിനെതിരായ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരണവുമായി താരസംഘടന അമ്മയുടെ അധ്യക്ഷ ശ്വേത മേനോൻ. നടന്നത് ആസൂത്രിത നീക്കമാണെന്നും ഗൂഢാലോചന സംശയിക്കുന്നുവെന്നും ശ്വേത മേനോൻ പറഞ്ഞു.
ഇന്ന് മെഡിക്കൽ ക്യാമ്പ് നടക്കുമ്പോൾ വന്ന പരാതി വളരെ ആസൂത്രിതമാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അൻസിബയെ വിളിച്ചുവെങ്കിലും ഫോൺ എടുത്തില്ല. മാധ്യമങ്ങളോട് പറഞ്ഞ പരാതി അമ്മയ്ക്ക് ലഭിച്ചത് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അമ്മയുടെ രീതിക്ക് അനുസരിച്ച് പരിശോധിക്കുമെന്നും ശ്വേത വ്യക്തമാക്കി.
അൻസിബയുടെ രാജി സ്വീകരിച്ചത് ഈ മാസം 12നാണ്. വ്യക്തിപരമായ കാരണങ്ങൾ എന്നാണ് പറഞ്ഞത്. ടിനി ടോമിനെതിരായ പരാതി രാജിക്കത്തിൽ പോലും പരാമർശിച്ചിരുന്നില്ല. പോലീസിൽ നൽകിയ പരാതിയെ കുറിച്ച് മാത്രമാണ് അൻസിബ തന്നോട് സംസാരിച്ചത്.
സംഘടനയ്ക്ക് ഇടപെടാൻ കഴിയില്ലെന്ന് താൻ പറഞ്ഞിരുന്നു. മത സ്ഥാപനത്തെ സ്പോൺസറാക്കിയതിൽ അൻസിബ കമ്മിറ്റിയിൽ എതിർപ്പ് ഉന്നയിച്ചിരുന്നു. പക്ഷേ ഭൂരിഭാഗം പേരും അനുകൂലിച്ചു. അൻസിബയെ കേൾക്കുമെന്നും എക്സിക്യൂട്ടീവ് കമ്മിറ്റി പരാതി പരിശോധിക്കുമെന്നും ശ്വേത പറഞ്ഞു.
Kerala
കൊച്ചി: നടി അന്‍സിബ ഹസന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ടിനി ടോം. തന്റെ ഭാഗത്ത് നിന്നും മോശമായ ഒരു പ്രവര്‍ത്തനവും ഉണ്ടായിട്ടില്ലെന്നും ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണെന്നും ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. അന്‍സിബ തന്റെ സഹോദരിയെ പോലെയായിരുന്നുവെന്നും നന്നായി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നും ടിനി ടോം പറഞ്ഞു.
താന്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും രാജി വയ്ക്കാന്‍ കാരണം ടിനി ടോം ആണെന്നായിരുന്നു അന്‍സിബ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ജിഹാദി എന്ന് വിളിച്ചു, മതപരിവര്‍ത്തനം നടത്തുവെന്ന് ആരോപിച്ചു, അവിഹിത കഥകള്‍ പടച്ചുവിട്ടു എന്നൊക്കെയാണ് അന്‍സിബയുടെ ആരോപണങ്ങള്‍. നടി രാജി വച്ചതിനെ കുറിച്ചടക്കം പറഞ്ഞാണ് ടിനി പ്രതികരിച്ചത്.
ഒരു മോശമായിട്ടുള്ള പ്രവര്‍ത്തനവും എന്റടുത്തു നിന്നും ഉണ്ടായിട്ടില്ല. ഫെബ്രുവരി 21ന് ആണ് രാജിക്കത്ത് വന്നത്. ഫെബ്രുവരി 22ന് രാജി വയ്ക്കരുത് ജനറല്‍ മീറ്റിംഗ് വരെ കൊണ്ടുപോകണമെന്ന് മെയില്‍ വന്നു. മാര്‍ച്ച് രണ്ടിന് നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗില്‍ രാജി വച്ചത് പറഞ്ഞിട്ടില്ല. മെയ് 12ന് ആണ് രാജി വച്ചെന്ന് പറഞ്ഞല്ലോ എന്ന് പറഞ്ഞത്.
സ്വന്തമായ തിരക്കുകള്‍ കാരണമാണ് രാജി വച്ചത് എന്നാണ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം നടക്കുന്നതിനിടെ വിളിച്ചപ്പോള്‍ പറഞ്ഞത്. ഇന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്പ് നടക്കുമ്പോഴാണ് പെട്ടെന്ന് പൊട്ടിത്തെറി പോലെ ഇത് വന്നത്. സ്റ്റേജ് ഷോ നടക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിച്ചിട്ടുണ്ടാകും. അല്ലാതെ വ്യക്തിപരമായി ഒന്നുമില്ല. ഞാന്‍ ഇങ്ങനെ വിളിച്ചുവെന്ന് വേറെ ആള് പറഞ്ഞുവെന്ന് പറഞ്ഞു.
ഞാന്‍ അങ്ങനെ വിളിച്ചിട്ടില്ല. എന്റെ കൂട്ടുകാര്‍ മൊത്തം മുസല്മാന്മാരാ. പരാതി വരണ്ട ആവശ്യം എന്താണെന്ന് എനിക്കറിയില്ല. എല്ലാം മൊത്തത്തില്‍ കൂട്ടികിഴിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും. ഈ പറയുന്നയാള്‍ എന്റെ സഹോദരിയെ പോലെയായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതാണ്.
ഞാന്‍ അങ്ങനെ വിളിച്ചുവെന്ന് പറയുന്നതിന് തെളിവ് വേണം. മമ്മൂക്കയാണ് എന്നെ സിനിമയില്‍ കൊണ്ടുവന്നത്. ഞാന്‍ മിമിക്രിക്കാരാനാ അതില്‍ ജാതിയും മതവുമില്ല. അതൊന്നും എനിക്കറിയില്ല. ഈ പ്രശ്നങ്ങള്‍ ടാര്‍ഗറ്റഡ് ആണ് എന്ന് ടിനി ടോം പറഞ്ഞു.
Movies
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന് ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.
താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.
ടിനി ടോമിന്റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന് തിരിയാന്‍ കാരണമായത്.
ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.
അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോന് പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.
Movies
അലിന് ജോസ് പെരേരയെ പ്രശംസിച്ച് നടൻ ടിനി ടോം. സ്വന്തമായി വഴിവെട്ടി വന്നവനാണ് അലിൻ ജോസ് എന്നും ഒരു ദിവസം അവൻ ഉണ്ടാക്കുന്നത് അയ്യായിരം രൂപയ്ക്കു മുകളിലാണെന്നും ടിനി പറയുന്നു.
അലിന് ഉദ്ഘാടകനാകുന്ന ആശുപത്രിയുടെ പോസ്റ്റർ പങ്കുവച്ചായിരുന്നു നടന്റെ കുറിപ്പ്.
''അലിന് ജോസ് പെരേര, യഥാര്‍ത്ഥത്തില്‍ സ്വന്തമായി വഴിവെട്ടി വന്നവന്. എന്നെ ഞട്ടിച്ച പോസ്റ്റര്‍ ആണിത് അലിന് ജോസ് പെരേര. യഥാര്‍ത്ഥത്തില്‍ പഠിക്കേണ്ട ഒരു വിഷയമാണിത്. രണ്ട് വരി എനിക്ക് രേഖപ്പെടുത്തണം എന്ന് തോന്നി. പലരും പറയുമായിരിക്കും എനിക്ക് എന്താ വട്ടാണോ എന്ന്, പറയുന്നവര്‍ പറയട്ടേ.
ഇവരെ കുറിച്ച് എഴുതാനും ആരെങ്കിലും വേണ്ടേ. ഞാന്‍ പറയാനുള്ളത് പറയാറുണ്ട്. പല സ്ഥലങ്ങളിലും അവസരം കിട്ടാതെ അവസാനം നമ്മുടെയൊക്കെ ഭാഷയില്‍ പറയുന്ന കോപ്രായങ്ങള്‍ കാണിച്ചു കാണിച്ചു ദാ ഇപ്പോള്‍ ഒരു ഹോസ്പിറ്റലിന്റെ ഉദ്ഘാടകന്‍ വരെ ആയിരിക്കുന്നു.
അലിനെ തെറി പറയുന്നവര്‍ ഒന്നോര്‍ക്കുക എന്റെ അന്വേഷണത്തില്‍ ഇവന് ഒരു ദിവസം കുറഞ്ഞത് 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്. നിങ്ങളോ? ഒരു കല്യാണ വീട്ടില്‍ വിളിച്ചിട്ട് ഒരു തെരുവ് നായയെപോലെ അപമാനിച്ചു ഇറക്കി വിടുന്നത് കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.
അലിന് ദേശദ്രോഹം ചെയ്തിട്ടുണ്ടോ ഏതെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ആരെയെങ്കിലും പീഡിപ്പിച്ചിട്ടിണ്ടോ? നിങ്ങള്‍ക്ക് അവനെ ഇഷ്ടമല്ലെങ്കില്‍ അവനെ കാണണ്ട. വേണെമെങ്കില്‍ വിമര്‍ശിച്ചോ എന്തിനാണ് അവനെ ഉപദ്രവിക്കുന്നത്? അവനും ഒരു ജീവിയല്ലേ, ഭൂമിയുടെ അവകാശിയല്ലേ എന്തെങ്കിലും കാണിച്ചു ജീവിക്കട്ടെ.
പക്ഷെ അവനും ലോകം അറിയുന്ന ഒരു സെലിബ്രിറ്റിയായിരിക്കുന്നു. നിങ്ങളോ? കുറേ കാലം കഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോള്‍ പറഞ്ഞ തെറികള്‍ മാത്രമായിരിക്കും ബാക്കി. ഉള്ള സമയം നിങ്ങള്‍ നിങ്ങളെ തെളിയിക്കാന്‍ ശ്രമിക്കൂ. മെറ്റ എഐയില്‍ അലിന് ജോസ് പെരേര എന്ന് ടൈപ്പ് ചെയ്തു നോക്കൂ, യഥാര്‍ത്ഥത്തില്‍ ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്.''
Movies
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നടന് ടിനി ടോം. പഠിക്കുന്ന കാലം മുതലുള്ള ബന്ധമാണ് വി.ഡിയുമായി ഉള്ളതെന്ന് ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരത്തേക്ക് മടങ്ങുന്നതിന് മുമ്പ് ആലുവ ദേശത്തെ വീട്ടിലെത്തി ടിനി ടോമും ഇടവേള ബാബുവും വി.ഡി. സതീശനെ സന്ദര്‍ശിച്ചിരുന്നു.
ഞങ്ങളൊക്കെ നോര്‍ത്ത് പറവൂരില്‍ ജനിച്ചു വളര്‍ന്നിട്ടുള്ള ആള്‍ക്കാരാണ്. ഞാന്‍ പഠിക്കുന്ന കാലം തൊട്ടുള്ള ബന്ധമാണ് സതീശേട്ടനുമായി. യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റവലില്‍ മുതല്‍ അദ്ദേഹത്തിന്റെ വൊളന്റിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്റെ സീനിയറായിട്ട് ഞാന്‍ കണ്ടിട്ടുള്ളയാളാണ്.
പാര്‍ട്ടി പരമായിട്ട് അല്ലാതെ പല വ്യക്തിപരമായ പ്രശ്നങ്ങളിലും പിന്തുണ നല്‍കിയിട്ടുള്ള ആളാണ്. ഒറ്റയടിക്കല്ല, പടി പടിയായി ഇവിടെ വരെ എത്തിയ ആളാണ്. ഇവിടം വരെ എത്തിയതില്‍ വലിയ സന്തോഷം എന്ന് ടിനി ടോം പറഞ്ഞു.
പഴയ ബന്ധങ്ങള്‍ വച്ചാണ് കാണാന്‍ എത്തിയതെന്നും സിനിമയുടെ പ്രശ്നങ്ങള്‍ സംബന്ധിമച്ച് സംസാരിക്കാമെന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് വി.ഡിയെ കണ്ട ശേഷം ഇടവേള ബാബു പ്രതികരിച്ചത്. അതേസമയം, ഇന്ന് രാവിലെ 9.55ന്റെ ഇന്‍ഡിഗോ ഫ്ലൈറ്റിനാണ് വി.ഡി. തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
പ്രവര്‍ത്തകര്‍ മാത്രമല്ല, അടുപ്പമുള്ളവരും നാട്ടുകാരും അടക്കം ഒരുപാട് പേരാണ് പുലര്‍ച്ചെ അഞ്ചു മുതല്‍ തന്നെ സതീശന്റെ വീട്ടിലെത്തിയത്.
ആലുവ ദേശത്തെ വീട്ടിലും നിയുക്ത മുഖ്യമന്ത്രിയെ കാണാന്‍ വലിയ തിരക്കായിരുന്നു. നെടുമ്പാശേരി വിമാനത്താവളത്തില്‍ അദ്ദേഹത്തെ വരവേറ്റത് പോലെ തന്നെ ആഘോഷത്തോടെയാണ് യാത്രയാക്കിയതും.
Movies
പ്രേം നസീറിനെ അപകീർത്തിപ്പെടുത്തിയെന്ന സംവിധായകൻ എം.എ. നിഷാദിന്റെ ആരോപണത്തിൽ വിശദീകരണവുമായി നടൻ ടിനി ടോം.
താൻ എപ്പോഴോ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വളച്ചൊടിച്ച് ഇങ്ങനെ അവതരിപ്പിക്കുന്നതെന്നും പ്രേംനസീറിനെപ്പോലുള്ള ലെജന്റുകളെ അപമാനിക്കുന്ന രീതിയിൽ ഒരിക്കലും താൻ സംസാരിക്കില്ലെന്നും ടിനി ടോം പറഞ്ഞു. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ നാട്ടിൽ പോലുമില്ലാത്ത സമയത്താണ് ഓരോ ആരോപണങ്ങൾ ഉന്നയിക്കുന്നത്. പ്രേംനസീർ സാറൊക്കെ ലെജന്റ്സ് അല്ലേ ? അവരെക്കുറിച്ചൊക്കെ മോശമായി ആരെങ്കിലും പറയുമോ ? ഞാൻ നേരിട്ട് കാണുക കൂടി ചെയിതിട്ടില്ലാത്തവരാണ് അവരൊക്കെ.
ജീവിച്ചിരിക്കുന്നവരെക്കുറിച്ച് പോലും ഞാൻ മോശമായി സംസാരിക്കില്ല. നസീർ സാറിനെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകളൊന്നും ഒരിക്കലും പറയില്ല.
അദ്ദേഹത്തിന്റെ മകനുമായൊക്കെ നല്ല അടുപ്പമുള്ളയാളാണ് ഞാൻ. മുമ്പ് എപ്പോഴോ പറഞ്ഞ കാര്യമാണ് ഇപ്പോൾ എടുത്ത് വളച്ചൊടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞ കാര്യങ്ങളെ ദുർവ്യാഖ്യാനിക്കുകയാണ് ചെയ്തിരിക്കുന്നത്.
സിനിമയുടെ ലൈംലൈറ്റിൽ നിന്ന് മാറുമ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളെക്കുറിച്ച് മണിയൻപിള്ള രാജുവും ഇന്നസെന്റുമൊക്കെ ഒരുപാട് പറഞ്ഞ് കേട്ടിട്ടുണ്ട്. ആ കഥകളൊക്കെ ഉള്ളുലയ്ക്കുന്നതാണ്.
കാമറയ്ക്ക് മുന്നിൽ വരാൻ കഴിയാതെ പോയ ഒരുപാട് പേരുടെ കഥ അവരൊക്കെ പറഞ്ഞ് എനിക്ക് അറിയാം. ആ അവസ്ഥ പറയാനേ ശ്രമിച്ചിട്ടുള്ളൂ. ഒരിക്കലും ഒരു ലെജന്റിനെ അപമാനിക്കില്ല.’ ടിനി പറഞ്ഞു.
കാര്യങ്ങളെ വളച്ചൊടിക്കുന്നവരാണ് ചീപ്പ് പബ്ലിസിറ്റി ആഗ്രഹിക്കുന്നത്. ജീവിതത്തിൽ ഒരിടത്തും വിജയിക്കാൻ കഴിയാത്ത ഫ്രസ്ട്രേറ്റഡായ ആളുകൾ ഇങ്ങനെ എപ്പോഴും നെഗറ്റിവിറ്റി പ്രചരിപ്പിച്ചുകൊണ്ടിരിക്കും.
അവർക്ക് പബ്ലിസിറ്റിക്ക് വേറെ വഴിയില്ല. അതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. എനിക്ക് ജനങ്ങൾക്കിടയിൽ നല്ല പബ്ലിസിറ്റിയാണുള്ളത്, എനിക്ക് ചീപ്പ് പബ്ലിസിറ്റിയുടെ ആവശ്യമില്ല. അന്തരീക്ഷത്തിൽ 3000 കോടി രോഗാണുക്കളുണ്ടെന്നാണ് പറയപ്പെടുന്നത്.
അതിലൊന്നായി മാത്രമേ ഇങ്ങനെ ആരോപണങ്ങളുന്നയിക്കുന്നവരെ ഞാൻ കാണുന്നുള്ളൂ. ആ രോഗാണു നമ്മൾക്കേൽക്കാത്തത് നമ്മുടെ പോസിറ്റിവിറ്റി കാരണമാണ്. നമ്മൾ ആരെയും വേദനിപ്പിക്കാനോ അപകീർത്തിപ്പെടുത്താനോ നിൽക്കാറില്ല. മറ്റുള്ളവരുടെ സന്തോഷമാണ് നമ്മുടെ മുൻഗണന. അതുകൊണ്ടുതന്നെ പോസിറ്റീവായ കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ ശ്രമിക്കാറുള്ളൂ.
എന്നെ മനപ്പൂർവം കരിവാരിത്തേയ്ക്കാൻ ശ്രമിക്കുന്നവർക്ക് സർവേശ്വരൻ തിരിച്ചു കൊടുക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. കർമ എന്നൊന്നുണ്ട്. എന്നും പ്രാർത്ഥനയോടെ ജീവിതം തുടങ്ങുന്നയാളാണ് ഞാൻ.
അതിന്റെ അനുഗ്രഹം എന്നും എന്റെയൊപ്പമുണ്ട്. നെഗറ്റിവിറ്റി പടച്ചുവിടുന്നവർ അത് ചെയ്യട്ടേ. എന്നെയത് ബാധിക്കില്ല. ഇതിന്റെ പേരിൽ തളരുകയുമില്ല. പറയാനുള്ള കാര്യങ്ങൾ ഇനിയും പറയും. അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്ന് ഉണ്ടല്ലോ. ഇപ്പോൾ നമ്മൾ സിനിമാക്കാർ സമരം ചെയ്തുകൊണ്ടിരിക്കുന്നതും അതിന് വേണ്ടിയാണല്ലോ. ആരെയും ഭയന്ന് ജീവിക്കില്ല.'' ടിനി ടോം കൂട്ടിച്ചേർത്തു.