പൊട്ടിച്ചിരിപ്പിച്ച് മാംഗല്യം താന്തുനാനേന!
ആശിച്ചു മോഹിച്ചു കല്ല്യാണം കഴിഞ്ഞ ശേഷം നെട്ടോട്ടം ഓടുന്ന ഭര്‍ത്താക്കന്മാരേയും അവരില്‍ നിന്നു വേണ്ടത്ര പരിഗണന കിട്ടാതെ വരുന്നതോടെ വിഷമത്തിലാകുന്ന ഭാര്യമാരെയുമെല്ലാം മലയാളി പ്രേക്ഷകര്‍ മുന്‍പും കണ്ടിട്ടുണ്ട്. അതേ ഗ്രൂപ്പില്‍പ്പെടുന്ന രണ്ടു പേരുടെ കഥയാണ് മാംഗല്യം തന്തുനാനേന പറയുന്നത്.റോയിയുടേയും ക്ലാരയുടേയും വിവാഹ ചടങ്ങുകളോടെയാണ് ചിത്രം ആരംഭിക്കുന്നത്. ആദ്യ നാളുകളില്‍ രണ്ടുപേരും വലിയ സന്തോഷത്തിലാണെങ്കിലും മൂന്നാം മാസം തുടങ്ങി രണ്ടുപേരുടേയും വഴക്ക്.

കഴുത്തറ്റം കടത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു യുവാവാണ് റോയി. വിവാഹത്തിനായി നാട്ടിലേക്കു വരുന്നതോടെ ഗള്‍ഫില്‍ ആകെയുണ്ടായിരുന്ന ജോലികൂടെ നഷ്ടപ്പെടുന്നു. ഈ ടെന്‍ഷനുകള്‍ എല്ലാം ചുമന്നാണ് റോയിയുടെ നടപ്പ്. എന്നാല്‍ സമ്പന്നമായ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ക്ലാരയ്ക്കു റോയിയുടെ ഉത്തരവാദിത്വമില്ലായ്മ സഹിക്കാവുന്നതിലും അപ്പുറമാകുന്നു.

ഇവര്‍ക്കിടയിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും പരിഹരിക്കാനുള്ള റോയിയുടെ നെട്ടോട്ടമാണ് ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ നിറച്ചിരിക്കുകയാണെങ്കിലും അങ്ങനെയൊരു കല്ലുകടി വരാതെ രസകരമായ മൂഹൂര്‍ത്തങ്ങളിലൂടെ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ സംവിധായികയ്ക്കു സാധിച്ചിട്ടുണ്ട്. സ്വതന്ത്ര സംവിധായിക എന്ന നിലയില്‍ ഇതു സൗമ്യ സദാനന്ദന്‌റെ ആദ്യ ചിത്രമാണിത്.


റോയിയായി കുഞ്ചാക്കോ ബോബനും ക്ലാരയായി നിമിഷ സജയനും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രി സിനിമയില്‍ വളരെ നല്ല റിസള്‍ട്ട് ഉണ്ടാക്കിയിട്ടുണ്ടെന്ന് നിസംശയം പറയാം. നിമിഷയുടെ വളരെ നാച്വറല്‍ ആയുള്ള അഭിനയവും ശ്രദ്ധേയമാണ്. അമ്മയായും അമ്മായിയമ്മയായും മലയാളത്തിന്റെ പ്രിയതാരം ശാന്തി കൃഷ്ണയും തിളങ്ങുന്നു.

റോയിയെ ചെറിയ പ്രശ്നങ്ങളില്‍ നിന്ന് ഊരാന്‍ സഹായിച്ച് വലിയ പ്രശ്നങ്ങളിലേക്കു കൊണ്ടെത്തിക്കുന്ന സുഹൃത്ത്, ഷംസു പ്രേക്ഷകരുടെ കൈയടി നേടുന്നു. ഷംസുവായെത്തുന്ന കണാരന്‍ ഹരീഷ് -കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുന്നു.

വിജയരാഘവന്‍, അലന്‍സിയര്‍, ലിയോണ ലിഷോയ്, കൊച്ചു പ്രേമന്‍, സലിം കുമാര്‍, സുനില്‍ സുഖദ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിനനാഥ് പുത്തച്ചേരിയാണ് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്.

യുജിഎം എന്റര്‍ടെയ്മെന്റ്സിന്റെ ബാനറില്‍ ഡോ സക്കറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, ആഞ്ചലേന മേരി ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

എല്ലാ പ്രേക്ഷകരേയും ഒരു പോലെ രസിപ്പിക്കുന്ന ഒരു മികച്ച ഫാമിലി - കോമഡി എന്റര്‍ടെയ്നറാണ് മാംഗല്യം തന്തുനാനേനാ. ഈ ചിത്രത്തിനു ഞങ്ങള്‍ നല്‍കുന്ന റേറ്റിംഗ് 3.5 ആണ്.

അഞ്ജലി അനില്‍കുമാര്‍