ഹൃദയത്തെ സ്പര്‍ശിച്ച ഉമ്മയും മോനും!
ആരംഭിക്കുന്നത് കല്യാണവീട്ടില്‍ നിന്നാണ്. കല്യാണമാണ്, അല്ല കല്യാണത്തെക്കുറിച്ചാണ് ഈ ചിത്രം ഏറ്റവുമധികം സംസാരിക്കുന്നത്. ടോവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി പുതുമുഖ സംവിധായകന്‍ ജോസ് സെബാസ്റ്റ്്യന്‍ അണിയിച്ചൊരുക്കുന്ന എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയുടെ വിശേഷങ്ങളിലേക്ക്.



ഒരു കല്യാണവീട്ടിലാണ് കഥ ആരംഭിക്കുന്നത്. കല്യാണ വീട്ടില്‍ നിന്നും നേരെ പോകുന്നത് മറ്റൊരു ദുരന്തമുഖത്തേക്കാണ്. ഈ ദുരന്തം മൂലം അനാഥനാകുന്ന ഷെഫീഖിന്റെ കഥയിലൂടെയാണ് എന്റെ ഉമ്മാന്റെ പേര് സഞ്ചരിക്കുന്നത്.

പേരു സൂചിപ്പിക്കും പോലെ, ചിത്രം ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധമല്ല സംസാരിക്കുന്നത്. മറിച്ച് ജന്മം നല്‍കിയതു കൊണ്ടു മാത്രം ഒരാള്‍ അമ്മയാകില്ലെന്നും ഉമ്മ എന്നത് അതിനേക്കാള്‍ വളരെ വലുതാണെന്നും ചിത്രം പറയാതെ പറയുന്നു.

വളരെ മികച്ച തുടക്കമാണ് ആദ്യ പകുതി നല്‍കുന്നത്. മരണവും സങ്കടവും എല്ലാം ഇടകലര്‍ത്തി അല്‍പം മെലോഡ്രാമ ശൈലിയിലാണ് ചിത്രത്തിന്റെ പോക്ക്. എന്നാല്‍ തെല്ലും ബോറടി നല്‍കാതെ ശുദ്ധ ഹാസ്യത്തിലൂടെ ഇടയ്ക്കിടെ ചിരി പടര്‍ത്തി ഹരീഷ് കണാരന്‍ കൂടെയുണ്ട്.

ടോവിനോയുടെ സഹായിയായി മുഴുനീള കഥാപാത്രമായാണ് ഹരീഷ് പ്രത്യക്ഷപ്പെടുന്നത്. മാമുക്കോയയും മറ്റൊരു മികച്ച വേഷത്തിലെത്തുന്നു. സിദ്ധിഖ്, ശാന്തികൃഷ്ണ എന്നിവരും ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു.


അമ്മയുണ്ടായിട്ടും അനാഥനായി കഴിയാന്‍ വിധിക്കപ്പെടുന്ന യുവാവിന്റെ വൈകാരിക തലങ്ങള്‍ വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് ടോവിനോ.

അമ്മ വേഷത്തിലെത്തി ഏറെ ഞെട്ടിച്ചിട്ടുള്ള ഉര്‍വശിയും തനിക്കു കിട്ടിയ റോള്‍ മനോഹരമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തനം പോലെ തോന്നുന്നു.

പുതുമുഖതാരം സായിപ്രിയയാണ് നായിക. ഇടയ്ക്കിടെ വന്നു മുഖംകാട്ടുന്നതിനപ്പുറം യാതൊന്നും ചെയ്യാനില്ലാതെ പോകുന്നു.

മലബാറിലെ മുസ്‌ളിം കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം വളരെ ഹൃദയസ്പര്‍ശിയായിത്തന്നെയാണ് സംവിധായകന്‍ ജോസ് സെബാസ്റ്റിയന്‍ അവതരിപ്പിച്ചിരിക്കുന്നത്.

രണ്ടാം പകുതിയില്‍ അല്‍പം ലാഗ് ഫീല്‍ ചെയ്യുന്നതൊഴിച്ചാല്‍, മികച്ചൊരു ചിത്രം തന്നെയാണ് എന്റെ ഉമ്മാന്റെ പേര്!

വലിയ മാസ് ഡയലോഗുകളോ, തീ പാറിക്കുന്ന ആക്ഷന്‍ രംഗങ്ങളോ ഇല്ലാതെ വളരെ സാധാരണക്കാരനായ ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം കുടുംബപ്രേക്ഷകരെ ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.