മരണാനന്തര നാടകം "ഡ്രാമ'
ഈ ലോകം മുഴുവനും നാടകമാണ്. വ്യക്തിബന്ധങ്ങളും കുടുംബന്ധങ്ങളും വരെ നാടകമാണ്. ഭാര്യയും ഭർത്താവും തമ്മിൽ, സഹോദരങ്ങൾ തമ്മിൽ, അമ്മയും മക്കളും തമ്മിൽ.. ഇത്തരത്തിൽ കുടുംബബന്ധങ്ങൾക്കിടയിലെ വൈകാരിക നാടകങ്ങളാണ് സംവിധായകൻ രഞ്ജിത്ത് ഡ്രാമയിലൂടെ തുറന്നുകാട്ടുന്നത്.

അപാരമായ കഥയോ ഗംഭീര ട്വിസ്റ്റോ ഒന്നുമില്ല, കഥപറച്ചിലിൽ മാത്രമേ ചിത്രത്തിന് വ്യത്യസ്തത അവകാശപ്പെടാനുള്ളൂ. രഞ്ജിത്ത്, മോഹൻലാൽ എന്നീ വലിയ പേരുകൾ നോക്കാതെ ഒരു കൊച്ചുപടം കാണാൻ ടിക്കറ്റെടുത്താൽ നിരാശപ്പെടേണ്ടിവരില്ല.കട്ടപ്പനക്കാരി റോസമ്മച്ചേടത്തിയുടെ (അരുന്ധതി നാഗ്) മരണത്തിൽ നിന്നാണ് എല്ലാത്തരം ഡ്രാമകളുടെയും തുടക്കം. ലണ്ടനിൽ മകൾ മേഴ്സിയുടെ (കനിഹ) കൂടെ കഴിയവേ ആകസ്മികമായായിരുന്നു റോസമ്മയുടെ മരണം. അമ്മയുടെ മരണവാർത്തയറിഞ്ഞ് യുഎസിലുള്ള മകൻ ഫിലിപ്പും (സുരേഷ് കൃഷ്ണ) ഓസ്ട്രേലിയയിലുള്ള ബെന്നിയും (ടിനി ടോം) കാനഡയിലുള്ള മകൾ അമ്മിണിയും (സുബി) ഇളയമകൻ ജോമോനും (നിരഞ്ജ്) ലണ്ടനിലെത്തുന്നതോടെയാണ് ഡ്രാമ തുടങ്ങുന്നത്.

കട്ടപ്പനയിൽ ഭർത്താവിനെ അടക്കം ചെയ്ത കല്ലറയ്ക്കു സമീപം അന്ത്യവിശ്രമം കൊള്ളണമെന്നായിരുന്നു റോസമ്മയുടെ ആഗ്രഹം. പക്ഷേ, മക്കൾക്ക് അതിനൊന്നും താത്പര്യമില്ല. സംസ്കാരം ലണ്ടനിൽ നടക്കട്ടെ എന്ന തീരുമാനിച്ച മക്കൾ ചടങ്ങുകൾ കളർഫുള്ളാക്കാൻ ഫ്യൂണറൽ ഏജൻസിയെ ഏൽപ്പിക്കുന്നതോടെയാണ് രാജു എന്ന രാജഗോപാലായി മോഹൻലാൽ രംഗപ്രവേശനം ചെയ്യുന്നത്. ഫ്യൂണറൽ ഏജൻസി ഉടമകളായ രാജുവും ഡിക്സനും (ദിലീഷ് പോത്തൻ) മൃതസംസ്കാര ചടങ്ങുകൾ കെങ്കേമമാക്കാൻ തീരുമാനിക്കുന്നതോടെയാണ് മരണാനന്തര നാടകങ്ങൾ ഡ്രാമയിൽ തെളിഞ്ഞു തുടങ്ങുന്നത്.

മരണവുമായി ബന്ധപ്പെട്ട നാടകീയതകൾ മുൻകാലങ്ങളിൽ ഒരുപാട് കണ്ടിട്ടുണ്ടല്ലോ? അത്തരത്തിലുള്ള നാടകീയതകൾ ഡ്രാമയിലുമുണ്ട്. അമ്മയോടുള്ള മക്കളുടെ സ്നേഹവും കപട സ്നേഹവുമെല്ലാം മരണത്തിനു ശേഷമാണ് വെളിവാകുന്നത്. മരണവീട്ടിലെ കള്ളക്കരച്ചിലുകൾ ക്ലീഷേ ആണെങ്കിലും അത് ഓവറാക്കി വെറുപ്പിക്കാൻ സംവിധായകൻ മിനക്കെട്ടിട്ടില്ല.


ചിത്രത്തിൽ ഏറ്റവും നാടകീയത കടന്നുവരുന്നത് രാജുവും റോസമ്മയും തമ്മിലുള്ള കോംബിനേഷൻ സീനുകളിലാണ്. അമ്മയോട് മക്കൾക്കില്ലാത്ത ആത്മബന്ധം രാജുവിന് എങ്ങനെയുണ്ടായി എന്ന് സിനിമ കണ്ടുതന്നെ അറിയുക.

അമ്മയുടെയും മക്കളുടെയും കഥയ്ക്കിടയിലൂടെ രാജുവിന്‍റെ കഥയും സംവിധായകൻ സൈഡ് ട്രാക്കിലൂടെ കൊണ്ടുപോകുന്നുണ്ട്. ഭാര്യ രേഖയുമായുള്ള (ആശ ശരത്ത്) പിണക്കങ്ങളും അത് പരിഹരിക്കാനുള്ള അയാളുടെ ശ്രമങ്ങളുമെല്ലാം ഏറെ രസകരമാണ്. കുസൃതി നിറഞ്ഞ പഴയ മോഹൻലാലിനെ തിരിച്ചുകൊണ്ടുവരാനുള്ള രഞ്ജിത്തിന്‍റെ ശ്രമങ്ങൾ ഒരുപരിധി വരെ വിജയിച്ചിട്ടുണ്ട്.

മോഹൻലാലിന്‍റെ സ്വതസിദ്ധമായ മാനറിസങ്ങളും സൂക്ഷ്മാഭിനയവും ഡ്രാമയിലും മിന്നിമറയുന്നുണ്ട്. കള്ളത്തരങ്ങൾ ഒപ്പിക്കാനും പറഞ്ഞു ഫലിപ്പിക്കാനും ഇതുപോലെ മറ്റാർക്കും കഴിയില്ലെന്ന് തന്‍റെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം എത്രയോ വട്ടം തെളിയിച്ചതാണ്.

നാടകീയതയും വൈകാരികതയും മാറിമാറി മുന്നേറുമ്പോൾ പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള ദൗത്യം സംവിധായകൻ എല്ലാവർക്കുമായി വീതിച്ചു നല്കുകയായിരുന്നു. മോഹൻലാലിനൊപ്പം ബൈജുവും ജോണി ആന്‍റണിയും സുബിയും ആ ജോലി ഭംഗിയായി നിർവഹിച്ചു. ചിരിവിരുന്നൊരുക്കുന്ന കാര്യത്തിൽ താൻ വേറെ ലെവലാണെന്ന് ബൈജു വീണ്ടും തെളിയിച്ചു. സംവിധായകനായി മാത്രമല്ല നടനായി ചിരിപ്പിക്കാനും തനിക്കറിയാമെന്ന് ജോണി ആന്‍റണിയും കാണിച്ചുതന്നു.

ചെറിയ ഒരു കഥ രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സിനിമയായി പരുവപ്പെടുത്തുന്നതിൽ ഒരു പരിധിവരെ രഞ്ജിത്ത് വിജയിച്ചിട്ടുണ്ട്. പക്ഷേ, രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന അദ്ഭുതങ്ങൾ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല.

ചിത്രത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മോഹൻലാൽ തന്‍റെ കഥാപാത്രത്തെ അസാമാന്യ പാടവത്തോടെ അവതരിപ്പിച്ചെങ്കിലും സൂപ്പർതാരത്തിന് ഒട്ടും വെല്ലുവിളിയുയർത്താൻ രാജുവിനായില്ല. അമിതപ്രതീക്ഷകളില്ലാതെ പോയാൽ നൈസായി കണ്ടിറങ്ങാം ഈ ഡ്രാമ.

ഡെന്നിസ് ജേക്കബ്