അതേ, ഫ്രഞ്ച് വിപ്ലവത്തിലുമുണ്ടൊരു നായിക. തന്റേടവും കുറുന്പും ഇത്തിരി കൂടുതലായതിനാൽ തന്നെ ഈ നായികയെ (ആര്യ) എല്ലാവർക്കും ബോധിക്കും. ആദ്യം ചാരായം പിന്നെ പ്രണയം പിന്നാലെ ഓരോരോ നൂലാമാലകൾ, ഇങ്ങനെയാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ പോക്ക്.
സുശീലനായി എത്തിയ ലാൽ ഒരിക്കൽ കൂടി തന്റെ അഭിനയപാടവം പ്രേക്ഷകർക്ക് കാട്ടിത്തരുന്നുണ്ട്. എന്നാൽ സമാനമായ വേഷങ്ങൾ ലാൽ നിരവധി തവണ ചെയ്തിട്ടുള്ളതു കൊണ്ടാകാം, ഫ്രഞ്ച് വിപ്ലവത്തിലെ സുശീലനിൽ വലിയ പുതുമയൊന്നും തോന്നില്ല.
പ്രണയ നൂലാമാലകളിലൂടെ പോയി ചിത്രത്തിന്റെ ആദ്യപകുതി അവസാനിക്കുന്പോഴേക്കും സംഗതി സംവിധായകന്റെ കൈവിട്ടുപോയെന്ന് തോന്നും. എന്നാൽ രണ്ടാം പകുതിയിൽ യഥാർഥ വിപ്ലവം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. നായകന്റെ കൂട്ടുകാരായി എത്തിയവരുടെ കുസൃതികളും വേലത്തരങ്ങളുമെല്ലാം ഏവരെയും ചിരിപ്പിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഓട്ടോ ഡ്രൈവറായി എത്തിയ വിഷ്ണു ഗോവിന്ദനാകട്ടെ നിമിഷനേരം കൊണ്ട് പ്രേക്ഷകരെ ചിരിപ്പിച്ചു കൈയിലെടുത്തു.
അളിയന്മാരായി എത്തിയ അരിസ്റ്റോ സുരേഷും നോബിയും തങ്ങളുടെ വേഷം കൈയടക്കത്തോടെ ചെയ്തിട്ടുണ്ട്. പരീക്ഷണ ചിത്രമായതുകൊണ്ടുതന്നെ പാട്ടും പരീക്ഷണ വഴിയേയാണ് കടന്നു പോകുന്നത്.
സണ്ണിവെയ്ന് വെല്ലുവിളി ഉയർത്തുന്ന കഥാപാത്രമൊന്നുമല്ല സത്യൻ. അതുകൊണ്ടുതന്നെ അധികം ആയാസപ്പെടാതെ സത്യനെ വൃത്തിയായി സണ്ണി കൈകാര്യം ചെയ്തിട്ടുണ്ട്. പേരിനോട് നീതി പുലർത്തിയാണ് ചിത്രം ക്ലൈമാക്സിലേക്ക് അടുക്കുന്നത്.
നായകനും പ്രതിനായകനും അവർക്ക് പിന്നാലെ കൂടുന്നവരുമെല്ലാം ഒടുവിൽ ഒരു സംഗതിക്കായി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കാഴ്ച കാണേണ്ടത് തന്നെയാണ്. നിരനിരയായി എത്തുന്ന കഥാപാത്രങ്ങൾ സ്ഥാനത്തും അസ്ഥാനത്തും കോമഡി പറഞ്ഞ് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നുണ്ടെങ്കിലും ഈ പരീക്ഷണ ചിത്രം അമിത ചിന്തകൾ ഇല്ലാതെ കണ്ടിരുന്നാൽ ഇഷ്ടപ്പെട്ടേക്കാം.
വി.ശ്രീകാന്ത്