നിഷ്‌കളങ്ക തമാശകളും ചിരിയുമായി ഒരു ഓട്ടര്‍ഷ യാത്ര!


പേരു സൂചിപ്പിക്കും പോലെ തന്നെ ഓട്ടോ തൊഴിലാളികളെക്കുറിച്ചാണ് സുജിത് വാസുദേവിന്‌റെ സംവിധാനത്തിലൊരുങ്ങിയ ഓട്ടര്‍ഷ എന്ന ചിത്രം സംസാരിക്കുന്നത്. അനിത എന്ന ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ കേന്ദ്ര കഥാപാത്രമായി അനുശ്രീ പ്രത്യക്ഷപ്പെടുന്നു.

രാഹുല്‍ മാധവ്, ടിനി ടോം, നസീര്‍ സംക്രാന്തി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സാധാരണ രീതിയിലാണ് കഥ പറയുന്നത്. ആദ്യപകുതിയില്‍ ഓട്ടോ ഡ്രൈവറായി തുടങ്ങുന്ന അനുശ്രീയിലൂടെയാണ് കഥ നീങ്ങുന്നത്.

ഓട്ടോത്തൊഴിലാളികളുടെ നിഷ്‌കളങ്കമായ ഇണക്കങ്ങളും പിണക്കങ്ങളും വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഈ ശ്രമത്തില്‍ അദ്ദേഹം ഏറെക്കുറെ വിജയിച്ചിട്ടുമുണ്ട്.

അനുവിന്‌റെ ജീവിത പ്രശ്‌നങ്ങളും പ്രണയവുമെല്ലാമാണ് രണ്ടാം പകുതി സംസാരിക്കുന്നത്.

ഓട്ടോക്കാരുടെ ജീവിതം മികച്ച രീതിയില്‍ പകര്‍ത്തുന്നതില്‍ കാമറമാന്‍ വിജയിച്ചിരിക്കുന്നു. വ്യത്യസ്തമായ കാമറ ചലനങ്ങള്‍ ചിത്രത്തിനു കൂടുതല്‍ മിഴിവേകുന്നുണ്ട്.


ഓട്ടോറിക്ഷയുടെ ചലനങ്ങള്‍ കാണിക്കുന്നതിനായി ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തമായ ഷോട്ടുകള്‍ ഇതിന് ഉദാഹരണമായി കാണാം.

കണ്ണൂരിന്‌റെ ഗ്രാമഭംഗിയും നഗരവും മനോഹരമായി തന്നെ പകര്‍ത്താന്‍ സുജിത്തിനു സാധിച്ചിട്ടുണ്ട്.

ട്രെയിലറിലും ടീസറിലും കാണിച്ചതുപോലെ ചില ചെറിയ തമാശകള്‍ ചിത്രത്തിലുണ്ട്. എന്നാല്‍ പലതും ശരാശരി നിലവാരം മാത്രമാണു പുലര്‍ത്തുന്നത്.

മികച്ച പ്രകടനമാണ് അനുശ്രീ നടത്തുന്നത്. കണ്ണൂര്‍ ഭാഷയും ഓട്ടോത്തൊഴിലാളികളുടെ നിഷ്‌കളങ്കമായ ചേഷ്ടകളും മികച്ച രീതിയില്‍ തന്നെ പകര്‍ത്തി അനുശ്രീ അക്ഷരാര്‍ഥത്തില്‍ ഒരു കണ്ണൂര്‍കാരി ഓട്ടോക്കാരിയായി മാറുകയായിരുന്നു.

അനുശ്രീയുടെ ഏറ്റവും മികച്ച പ്രകടനമെന്നു പറയാനാവില്ലെങ്കിലും തന്‌റേ കഥാപാത്രത്തോടു നീതി പുലര്‍ത്തിയ പ്രകടനമായിരുന്നു താരത്തിന്‌റേത്.

ഓട്ടോക്കാരുടെ കൊച്ചുകൊച്ചു തമാശകളും ജീവിതവുമായെത്തുന്ന ഈ ചിത്രത്തിന് 2.75 ആണ് ഞങ്ങളുടെ റേറ്റിങ്.