മോദിയുടെ നല്ല ദിനങ്ങള്‍ മുതലാളിമാര്‍ക്കു മാത്രമെന്നു സോണിയ
മോദിയുടെ നല്ല ദിനങ്ങള്‍ മുതലാളിമാര്‍ക്കു മാത്രമെന്നു സോണിയ
Thursday, May 7, 2015 12:13 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: ഇരട്ടത്താപ്പും പ്രതികരണമില്ലായ്മയും ജീവവായു ആക്കിയ നരേന്ദ്ര മോദി സര്‍ക്കാര്‍ വന്‍കിട മുതലാളിമാര്‍ക്കു മാത്രമാണു നല്ല ദിനങ്ങള്‍ സമ്മാനിക്കുന്നതെന്നു കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയഗാന്ധി. നിയമനിര്‍മാണങ്ങള്‍ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന ഗുജറാത്ത് മോഡല്‍ ഡല്‍ഹിയിലേക്കും വ്യാപിപ്പിക്കാനാണു ശ്രമിക്കുന്നത്. ജനവിരുദ്ധമായ മോദിസര്‍ക്കാരിനെതിരേയുള്ള പോരാട്ടം കടുപ്പിക്കണമെന്നു കോണ്‍ഗ്രസ് എംപിമാരോടു സോണിയ ആവശ്യപ്പെട്ടു.

വികസനത്തിന്റെ പുകമറ സൃഷ്ടിച്ചു വന്‍കിടക്കാരായ ചങ്ങാത്ത മുതലാളിമാരെ മാത്രമാണു മോദിസര്‍ക്കാര്‍ സഹായിക്കുന്നത്. പ്രധാനമന്ത്രി ഇപ്പോഴും തെരഞ്ഞെടുപ്പുകാലത്തെ അതേ മാനസികാവസ്ഥയിലാണ്. വിദേശത്തു കറങ്ങിനടന്നു രാജ്യത്തെ അപമാനിക്കുന്ന പ്രസംഗങ്ങളാണു മോദി നടത്തുന്നത്. എല്ലാ കീഴ്വഴക്കങ്ങളും ലംഘിച്ചു മര്‍ക്കടമുഷ്ടിയോടും അഹങ്കാരത്തോടെയുമാണു കേന്ദ്രസര്‍ക്കാരിന്റെ പോക്ക്- രാവിലെ നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സോണിയ കുറ്റപ്പെടുത്തി. ഇന്നലെ രാത്രി എഐസിസി ഭാരവാഹികള്‍ക്കും കോണ്‍ഗ്രസ് എംപിമാര്‍ക്കുമായി സോണിയ പ്രത്യേക അത്താഴവിരുന്നും നടത്തി.

ന്യൂനപക്ഷങ്ങളുടെ ആരാധനാലങ്ങള്‍ ദിവസവും അക്രമിക്കുന്ന വാര്‍ത്ത കേള്‍ക്കുന്ന തരത്തില്‍ രാജ്യത്തെ മാറ്റിയെടുത്തു എന്നതില്‍ മാത്രമാണു മോദി സര്‍ക്കാരിന് അഭിമാനിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രസിഡന്റ്ആരോപിച്ചു. ഭരണകക്ഷി അംഗങ്ങള്‍തന്നെ പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്നു. മന്ത്രിമാരും വിദ്വേഷം ജനിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നു. സംഘപരിവാറിലെ ചിലര്‍ ഒരു പ്രത്യേക സമുദായത്തിന്റെ വോട്ടവകാശം എടുത്തുകളയണമെന്നു പറയുന്നു. മറ്റു ചിലര്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സേയുടെ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.

മോദിസര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് ഒരു വിലയുമില്ല. ഉദ്യോഗസ്ഥരും നിഷ്ക്രിയരാണ്. സമീപകാല ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകൃത സര്‍ക്കാരാണിത്. നിസാര കാര്യങ്ങള്‍ക്കു പോലും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ തീരുമാനത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. വാര്‍ത്തകളില്‍ തലക്കെട്ടു പിടിക്കുന്ന പദ്ധതികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നു. എന്നാല്‍, ധനമന്ത്രി ഇവയ്ക്കാവശ്യമായ ഫണ്ട് വകയിരുത്തുന്നില്ല. യുപിഎ സര്‍ക്കാര്‍ ആരംഭിച്ചതും സാധാരണക്കാര്‍ക്കും ദുര്‍ബലര്‍ക്കും ഗുണം ചെയ്യുന്നതുമായ പദ്ധതികള്‍ ഇന്നു പ്രതിസന്ധി നേരിടുകയാണ്. അതേസമയം, പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടു കോര്‍പറ്റേറ്റുകള്‍ക്ക് ഉദാരമായി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നു. ഏകദേശം 2.5 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് അടുത്ത നാലു വര്‍ഷത്തേക്കു മാത്രം കോര്‍പറേറ്റ് മേഖലയ്ക്കു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

രാജ്യത്തിനു ഗുണകരമാകുന്ന തരത്തില്‍ തൊഴിലവസരങ്ങള്‍ സൃഷിക്കപ്പടുന്നതിനോടും വ്യവസായങ്ങള്‍ വളരുന്നതിനോടും കോണ്‍ഗ്രസിനു വിയോജിപ്പില്ല. എന്നാല്‍ ചില കോര്‍പറേറ്റുകള്‍ക്കു മാത്രമായി ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തുന്നതിനോടു യോജിക്കാന്‍ കഴിയില്ല. നീതിയുക്തമല്ലാത്ത ഇത്തരം അടിസ്ഥാനശിലകളിലൂന്നി ഇന്ത്യയുടെ ഭാവി കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്ന് സോണിയ ചൂണ്ടിക്കാട്ടി.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ പേരില്‍ കര്‍ഷകരുടേയും തൊഴിലാളികളുടെയും താത്പര്യങ്ങള്‍ ഹനിക്കാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ഷകരും തൊഴിലാളികളും ഇന്ത്യയില്‍ ഒരു സംഭാവനയും നല്‍കുന്നില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്നു സോണിയ ചോദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.