കേരളത്തില്‍നിന്നുള്ള ബസിനു തീപിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍
Monday, August 31, 2015 12:48 AM IST
അനന്തപൂര്‍(ആന്ധ്രപ്രദേശ്): കേരളത്തില്‍നിന്നു ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന കമ്പനിയുടെ സ്വകാര്യ ബസിനു തീപിടിച്ചു. എന്നാല്‍ ഡ്രൈവറുടെ സമയോചിത ഇടപെടല്‍മൂലം വന്‍അപകടം ഒഴിവായി.

ആന്ധ്രപ്രദേശിലെ ഗര്‍ലാദിന്നെ മണ്ഡല്‍ ജില്ലയിലുള്ള തിമ്മന്‍പേട്ട ഗ്രാമപ്രദേശത്തു നാഷണല്‍ ഹൈവേയില്‍ ഇന്നലെ അര്‍ധ രാത്രികഴിഞ്ഞ് ബസ് പാര്‍ക്ക് ചെയ്തപ്പോഴാണു സംഭവം. ഒരു യാത്രക്കാരനു പ്രാഥമിക ആവശ്യത്തിനായി പുറത്തിറങ്ങേണ്ടിവന്നതിനാലാണു ബസ് നിര്‍ത്തിയത്.

ബസ് നിറുത്തി ഏറെക്കഴിയും മുമ്പേ ബസിന്റെ മുന്‍ഭാഗത്ത് പുകയുയരുന്നതു ഡവറുടെ ശ്രദ്ധയില്‍പ്പെട്ടു. അപകടം മനസിലാക്കിയ ഡ്രൈവര്‍ യാത്രക്കാരെ വിവരം അറിയിച്ചു. പെട്ടെന്നു പുറത്തിറങ്ങാനും ആവശ്യപ്പെട്ടു. തങ്ങളുടെ ബാഗുകളും മറ്റ് ലഗേജുമായി യാത്രക്കാര്‍ തിരക്കിട്ടു പുറത്തിറങ്ങി.

യാത്രക്കാര്‍ ഇറങ്ങിക്കൊണ്ടിരിക്കുമ്പോള്‍ത്തന്നെ ഡ്രൈവര്‍ വെള്ളം ഒഴിച്ച് തീകെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. കേരളത്തിലെ പ്രമുഖ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ് കമ്പനിയുടെ വോള്‍വോ ബസിനാണ് തീപിടിച്ചത്.

യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. ഏതാനും നാളുകള്‍ക്കു മുമ്പ് ഇതേ കമ്പനിയുടെ എസി ബസിന്റെ മുകള്‍ഭാഗം വൈദ്യുതി ലൈനില്‍ തട്ടിയതിനെത്തുടര്‍ന്ന് ബസിനു തീപിടിച്ചിരുന്നു. അന്നും യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷ പ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.