കോൺഗ്രസിന്റെ ട്വിറ്ററും ഇ–മെയിലും ചോർത്തി
കോൺഗ്രസിന്റെ ട്വിറ്ററും ഇ–മെയിലും ചോർത്തി
Thursday, December 1, 2016 3:04 PM IST
ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളും ഇ മെയിലുകളും ചോർത്തി. ബുധനാഴ്ച രാത്രി രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിലും ഹാക്കൻമാർ നുഴഞ്ഞുകയറിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് പാർട്ടിയുടെ ട്വിറ്റർ അക്കൗണ്ടും പാർട്ടിയുടെ ഇ–മെയിലും ചോർത്തിയത്.

പാർട്ടി ഉപാധ്യക്ഷന്റെ ട്വിറ്റർ ഇത് രണ്ടാം തവണയാണ് ഹാക്ക് ചെയ്യുന്നത്. ബുധനാഴ്ച രാത്രിയോടെയാണ് അക്കൗണ്ട് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. ടൈം ലൈനിൽ അശ്ലീല പോസ്റ്റുകൾ നിറഞ്ഞതോടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടത്. ഹാക്കിംഗ് സംഭവം ശ്രദ്ധയിൽപ്പെട്ടതായി ഐടി മന്ത്രാലയവും സ്‌ഥിരീകരിച്ചു.

സമൂഹമാധ്യമമായ ട്വിറ്ററിനോടു രാഹുൽ ഗാന്ധിയുടെ അക്കൗണ്ടിൽ കഴിഞ്ഞ ആറു ദിവസം നടന്ന ഇടപെടലുകളുടെ വിവരം നൽകാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ രാഹുൽ ഗാന്ധി ബുധനാഴ്ച തന്നെ ഡൽഹി പോലീസിൽ പരാതി നൽകി. സൈബർ സെൽ വിഭാഗം എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചു. എന്നാൽ, തൊട്ടടുത്ത ദിവസം രാവിലെ തന്നെ അക്കൗണ്ട് വീണ്ടും ഹാക്ക് ചെയ്യപ്പെട്ടത് കംപ്യൂട്ടർ സാങ്കേതികവിദ്യയിൽ എന്ത് സുരക്ഷയാണുള്ളതെന്ന ചോദ്യമാണ് ഉയർത്തുന്നതെന്ന് രാഹുൽഗാന്ധി പ്രതികരിച്ചു. രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക ഇ–മെയിൽ ഐഡിയയാണ് ട്വിറ്റർ ഹാക്ക് ചെയ്യാൻ ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം.

രാഹുലിന്റെ അക്കൗണ്ട് ആദ്യം ഹാക്ക് ചെയ്യപ്പെട്ടപ്പോൾ 66 മിനിറ്റെടുത്തു തിരിച്ചു പിടിക്കുകയും മോശം പോസ്റ്റുകൾ നീക്കം ചെയ്യുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റർ അക്കൗണ്ടുകൾ അരമണിക്കൂറിനകം തന്നെ തിരിച്ചെടുക്കാനായി.

എന്നെ വെറുക്കുന്നവരെയെല്ലാം ഞാൻ സ്നേഹിക്കുന്നു എന്നായിരുന്നു അക്കൗണ്ട് തിരിച്ച് ലഭിച്ചശേഷമുള്ള രാഹുലിന്റെ ആദ്യ ട്വീറ്റ്. ഫാസിസ്റ്റ് സംസ്കാരമാണ് ഇത്തരം നടപടികളിൽനിന്നും വ്യക്തമാകുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല ആരോപിച്ചു. പാർലമെന്റിലെ ഇരുസഭകളിലും കോൺഗ്രസ് വിഷയം ഉയർത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.