പ്രതിവർഷം 20 ശതമാനം വളർച്ചാനിരക്ക് നേടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ വൻകയറ്റുമതി വ്യവസായം കൂടിയാണ് പ്രോസസ്ഡ് ഫുഡ്. കേടുകൂടാതെ സംസ്കരിച്ച ഭക്ഷണ പദാർഥങ്ങൾ ഉപഭോക്താവിന്റെ കൈയിലെത്തുംവരെ കേടുകൂടാതെയും ഗുണം നഷ്ടപ്പെടാതെയും സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ മുതൽ വൈവിധ്യമാർന്ന രുചിഭേദങ്ങളോടെ വിവിധയിനം ചോക്ളേറ്റുകൾ, ബിസ്ക്കറ്റുകൾ, ജാമുകൾ, ജ്യൂസുകൾ ഇവയെല്ലാം മാർക്കറ്റിലെത്തിക്കുന്നതിന്റെ പിന്നിൽ ഫുഡ് ടെക്നോളജിസ്റ്റിന്റെ കൈയൊപ്പുണ്ടെന്നതാണ് സത്യം.
ബേക്കറിയിലും കണ്ഫക്ഷനറിയിലും മാത്രമല്ല ഫുഡ് ടെക്നോളജിസ്റ്റിന്റെ ഇടപെടൽ, മീറ്റ് പ്രോസസിംഗ്, വൻ ധാന്യശേഖരങ്ങളിൽ ധാന്യങ്ങൾ കേടാകാതിരിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ, പുതിയ ഡിസൈൻ ചോക്ലേറ്റുകൾ പുതിയ രുചിഭേദങ്ങൾ വിഷാംശരഹിത ആഹാരങ്ങൾ എന്നിവയിലെല്ലാം ഇന്ന് ഫുഡ് ടെക്നോളജിസ്റ്റിെന്റെയും എൻജിനിയർമാരുടേയും സാങ്കേതിക മിടുക്കുണ്ട്.
സംസ്കരിച്ച തേങ്ങാപ്പാലും സംസ്കരിച്ച് മാർക്കറ്റ് ചെയ്യുന്ന മാങ്ങയും ഇനി സംസ്കരിച്ച് കയറ്റി അയ്യ്ക്കാൻ പോകുന്ന ചക്ക വിഭവങ്ങളുമെല്ലാം ഫുഡ് സാങ്കേതിക വിദ്യയിലൂടെയേ സാധ്യമാകൂ. ഫുഡ് പ്രോസസിഗ്, ഫുഡ് ടെക്നോളജി, ഡയറ്റിക്സ്, ഫുഡ് എൻജിനിയറിംഗ് എന്നീ കോഴ്സുകളിൽ ഏതെങ്കിലും കഴിഞ്ഞവർക്ക് ഭക്ഷ്യ സംസ്കരണ രംഗത്ത് വൻ തൊഴിലവസരങ്ങളാണുള്ളത്. ഫുഡ് പ്രൊസസിംഗിൽ ബയോ കെമിസ്റ്റ്, മൈക്രോബയോളജിസ്റ്റ്, പായ്ക്കേജിംഗ് ടെക്നോളജിസ്റ്റ് എന്നിവരും ഈ രംഗത്ത് ഒഴിച്ചുകൂടാൻ കഴിയാത്തവരാണ്.
കരിയർ/പഠനം
ഫുഡ് പ്രോസസിംഗ് കന്പനികളിൽ ടെക്നോളജിസ്റ്റിന് പുറമേ ക്വാളിറ്റി കണ്ട്രോളർ, ചീഫ് ഫുഡ് ലാബ് സയന്റിസ്റ്റ്, ഫുഡ് ഡിസൈനർ, പ്രൊഡക്ഷൻ മാനേജർ, ടേസ്റ്റിംഗ് സ്പെഷലിസ്റ്റ്, ട്രെയിനർ എന്നീ നിലകളിൽ കന്പനികളിൽ ഫുഡ് ടെക്നോളജി കഴിഞ്ഞവർക്ക് നിയമനം കിട്ടും. വൻ കന്പനികളിൽ മികച്ച ജോലി ലഭിക്കാൻ ബിരുദാനന്തരബിരുദമാണുത്തമം. ഇന്ന് ഇന്ത്യയിൽ ചില കാർഷിക സർവകലാശാലകൾ ഉൾപ്പെടെ അനേകം സ്ഥാപനങ്ങൾ ഫുഡ് ടെക്നോളജി കോഴ്സ് പഠിപ്പിക്കുന്നുണ്ട്. ഫുഡ് ടെക്നോളജി സർവകലാശാല തലത്തിൽ ഗവേഷണമേഖല കൂടിയാണിന്ന്. പുറമെ ടെക്നോളജിയിലെ ബിടെക് ബിരുദമുണ്ടെങ്കിലും ജോലി ലഭിക്കാം.
ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനം മൈസൂറിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ്. പൊതുവെയുള്ള എംഎസ്സി ഫുഡ് ടെക്നോളജി കോഴ്സ് പഠിച്ച മിക്കവർക്കും പ്ലേസ്മെന്റ് ലഭിക്കുന്നുണ്ട്. ഫുഡ് പ്രോസസിംഗ് കന്പനികളിലെ മികച്ച ജോലിക്ക് ബിടെക് ഫുഡ് ടെക്നോളജി, ബിടെക് ഫുഡ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, എംഎസ്സി ഫുഡ് ടെക്നോളജി എന്നീ കോഴ്സുകളിലേതെങ്കിലും ആവശ്യമാണ്.
കേരളത്തിൽ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഫുഡ് എൻജിനിയറിംഗ് കോഴ്സുണ്ട്. ഫിഷറീസ് യൂണിവേഴ്സിറ്റിയും പുതിയ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് ആരംഭിച്ചിട്ടുണ്ട്. കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ ഡിപ്പാർ്ട്ട്മെന്റ് ഓഫ് ഹെൽത്തിൽ വർഷങ്ങളായി ഈ മേഖലയിൽ എംഎസ്സി കോഴ്സ് നടത്തുന്നുണ്ട്. സംസ്ഥാന സർക്കാർ ആരംഭിച്ച കോന്നിയിലെ കോളജ് ഓഫ് ഇൻഡിജീനസ് ഫുഡ് ടെക്നോളജി (CFTK) കേരളത്തിലെ മികച്ച പരിശീലന സ്ഥാപനമാണ്. ഇവിടെ ബിഎസ്സി , എംഎസ്സി ഇൻ ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് എന്ന കോഴ്സുകളാണുള്ളത്. പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം. മഹാാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണിത്. വിശദവിവരങ്ങൾക്ക് www.supplycokerala.com.
കാർഷിക സർവകലാശാലയുടെ കീഴിലുള്ള കേളപ്പജി കോളജ് ഓഫ് അഗ്രിക്കൾച്ചറൽ എൻജിയറിംഗ് ആൻഡ് ടെക് നോളജിയിൽ ഫുഡ് എൻജിനിയറിംഗ് കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. കോളജുകൾ തെരഞ്ഞെടുക്കുന്പോൾ അടിസ്ഥാന സൗകര്യം, കോഴ്സ് കഴിഞ്ഞവരുടെ പ്ലേസ്മെന്റ്്, ഇൻഡസ്ട്രിയൽ ടൈ അപ് എന്നിവ കൂടി ശ്രദ്ധിക്കണം.
എൻഐഎഫ്ടിഇഎം
കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രാലയത്തിനു കീഴിൽ ഹരിയാനയിലെ കുണ്ട്്ലിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റി (എൻഐഎഫ്ടിഇഎം) ൽ വിവിധ ബിടെക്, എംടെക്, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് കോഴ്സിന് 180 സീറ്റുകളുള്ളത് സിബിഎസ്ഇ നടത്തിയ അഖിലേന്ത്യാ എൻജിനിയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ.
ഫുഡ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, ഫുഡ് പ്രോസസിംഗ് എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷൻസ് മാനേജ്മെന്റ്, ഫുഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നീ മേഖലകളിലാണ് എംടെക് കോഴ്സ്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ ഷോർട് ലിസ്റ്റ് ചെയ്യുന്നവരെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യുവും നടത്തിയാണു തെരഞ്ഞെടുക്കുക.
ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, എൻജിനിയറിംഗ്, ബേസിക് ആൻഡ് അപ്ലൈഡ് സയൻസ്, ഫുഡ് ബിസിനസ് മാനേജ്മെൻറ് ആൻഡ് എന്റർപ്രണർഷിപ്, അഗ്രിക്കൾച്ചർ ആൻഡ് എൻവയണ്മെന്റ് സയൻസ് എന്നിവയിൽ പിഎച്ച്ഡി പ്രോഗ്രാമുകൾക്കും അപേക്ഷിക്കാവുന്നതാണ്.
വിലാസം: ഹെഡ്, അഡ്മിഷൻ സെൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി എന്റർപ്രണർഷിപ് ആൻഡ് മാനേജ്മെന്റ്, പ്ലോട് നന്പർ 97, സെക്ടർ 56, കുണ്ട്്ലി, സോനപ്പട്ട്, ഹരിയാന. ഫോണ്: 0130 2219762. വെബ്സൈറ്റ്: www.niftem.ac.in