പുറത്തിറക്കിയിട്ട് ആറു മാസം; ക്ലച്ച് പിടിക്കാതെ ഗൂഗിൾ നോഗ
സിലിക്കൺവാലി: ആൻഡ്രോയിഡ് 7.0 നോഗ പുറത്തിറങ്ങിയിട്ട് ആറു മാസം പിന്നിട്ടു. ഇതുവരെ പുതിയ ഒഎസ് സ്വീകരിച്ചവരുടെ തോത് ഒരു ശതമാനം പിന്നിട്ടു. ഗൂഗിളിൻറെ മറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കു ലഭിച്ച സ്വീകാര്യത പുതിയ ഒഎസിനു ലഭിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 2015ൽ ആൻഡ്രോയിഡ് 6.0 മാഷ്മാലോ പുറത്തിറക്കിയപ്പോൾ ഒരു വർഷംകൊണ്ട് 18.7 ശതമാനം ഫോണുകളിൽ ഉപയോഗിച്ചുതുടങ്ങിയിരുന്നു. ഇപ്പോൾ മാഷ്മാലോയുടെ ഉപയോഗം കുറഞ്ഞപ്പോഴാണ് നോഗയ്ക്ക് അല്പനം ചലനമുണ്ടായത്.

നിരവധി പുതിയ ഫീച്ചറുകളുമായാണ് നോഗ എത്തിയത്. ബഗ് ഫിക്സിംഗ്, ക്വിക് സെറ്റിംഗ് കൺട്രോൾ, നിലവാരമുള്ള ബാറ്ററി സേവർ മോഡ്, സെക്യൂരിറ്റി അപ്ഡേറ്റ്സ്, എഴുപതിലധികം പുതിയ ഇമോജികൾ തുടങ്ങിയവയ്ക്കൊപ്പം മൾട്ടി വിൻഡോ സപ്പോർട്ടാണ് മികച്ചു നിൽക്കുന്നത്.


ഇപ്പോൾ ലോകത്താകമാനം ഉപയോഗിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ 1.2 ശതമാനം ഓഹരി 2016ൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 7.0 നോഗ കൈയാളുമ്പോൾ 2015ൽ പുറത്തിറങ്ങിയ ആൻഡ്രോയ്ഡ് 6.0 മാഷ്മാലോ 30.7 ശതമാനം പേർ ഉപയോഗിക്കുന്നുണ്ട്. ആൻഡ്രോയ്ഡ് 5.0 ലോലിപോപ് ഉപയോഗിക്കുന്നവർ 32.9 ശതമാനം പേരാണ്.

പഴയ വേർഷനുകളായ ആൻഡ്രോയ്ഡ് 4.0 ഐസ് ക്രീം സാൻഡ്വിച്ചും ആൻഡ്രോയിഡ് 2.3 ജിഞ്ചർ ബ്രഡും ഇപ്പോഴും ഉപയോഗത്തിലുണ്ട്. എന്നാൽ, ഒരു ശതമാനത്തിൽ താഴെയാണെന്നു മാത്രം.