മുഹമ്മദ് മൗലവിയുടെ വിയോഗത്തിൽ അനുശോചിച്ചു
Friday, July 20, 2018 10:03 PM IST
കുവൈത്ത്: കേരളത്തിൽ അറബി ഭാഷാപഠനത്തിന്‍റെ വളർച്ചക്കുവേണ്ടി ജീവിതം സമർപ്പിച്ച കരുവള്ളി മുഹമ്മദ് മൗലവിയുടെ വിയോഗത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ അനുശോചിച്ചു. അറബി അധ്യാപക സമൂഹത്തിന്‍റെ അവകാശപോരാട്ടങ്ങളുടെ മുൻനിര നായകനാണ്. കേരളത്തിലെ സ്കൂളുകളിൽ ഇന്നു കാണുന്ന വിപുലമായ അറബി പഠന സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന് അദ്ദേഹം ഒരുപാട് വിയർപ്പൊഴുക്കിയിട്ടുണ്ട്. അധ്യാപകൻ, അറബിക് വിദ്യാഭ്യാസ ഇൻസ്പെക്ടർ, പാഠപുസ്തക രചനാ കമ്മിറ്റി കണ്‍വീനർ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സ്ഥാപകൻ എന്നീ നിലകളിലൊക്കെ അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചിട്ടുണ്ട്.

മുഹമ്മദ് മൗലവിയുടെ വിയോഗം പണ്ഡിത ലോകത്തിന് നഷ്ടമാണെന്ന് ഐഐസി ചെയർമാൻ വി.എ മൊയ്തുണ്ണി, പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ധീഖ് മദനി എന്നിവർ അനുശോചന കുറിപ്പിൽ‌ അറിയിച്ചു.

റിപ്പോർട്ട് : സലിം കോട്ടയിൽ