കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റിന്റെ 14-ാം വാർഷികാഘോഷം "മെഡക്സ് മെഡിക്കൽ കെയർ കോഴിക്കോട് ഫെസ്റ്റ് 2024' വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ തയാറാക്കിയ മാമുക്കോയ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിൽ നിന്ന് പ്രവാസികളായി കുവൈറ്റിലെത്തിചേർന്നവർ നാടിനോടുള്ള കരുതലിനും ആഘോഷങ്ങളുടെ മാനവികവത്കരണത്തിനുമായി രൂപീകരിച്ച സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും കൂട്ടായ്മയാണ് കോഴിക്കോട് ജില്ലാ അസോസിയേഷൻ.
കോഴിക്കോടിന്റെ സാംസ്കാരിക മുഖമായി അസോസിയേഷൻ കഴിഞ്ഞ14 വർഷമായി കുവൈറ്റിൽ പ്രവർത്തിച്ചു വരുന്നു. ഗുരുതരമായ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന നിരവധി പേരെ അസോസിയേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാരുണ്യം പദ്ധതിയിലൂടെ സഹായിക്കാൻ സാധിച്ചിട്ടുണ്ട്.
അസോസിയേഷൻ അംഗങ്ങളുടെ ചികിത്സാ സഹായവും മരണപെടുന്ന അംഗങ്ങളുടെ കുടുംബാംഗങ്ങൾക്കുള്ള സാമ്പത്തിക സഹായവും "കുടുംബക്ഷേമ' പദ്ധതി പ്രകാരം വിതരണം ചെയ്തുവരുന്നു.
കോഴിക്കോടിന്റെ മതേതര പാരമ്പര്യം ഉയർത്തിപ്പിടിച്ച് വിവിധ ആഘോഷങ്ങൾ അസോസിയേഷൻ സംഘടിപ്പിക്കാറുണ്ട്. ഇഫ്ത്താർ സംഗമം, ഓണം, ഈദ്, ക്രിസ്തുമസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങൾ ഇതിൽപെടുന്നവയാണ്. ഈ പരിപാടികളെല്ലാം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്.
അസോസിയേഷന്റെ കീഴിൽ മഹിളകൾക്കായി മഹിളാവേദിയും കുട്ടികൾക്കായി ബാലവേദിയും പ്രവർത്തിച്ചു വരുന്നു. ഇത്തവണത്തെ ആഘോഷ പരിപാടികളിൽ നാട്ടിൽ നിന്ന് എട്ടോളം കലാകാരന്മാർ പങ്കെടുക്കും.
ശ്യാം മില്ലേനിയം, ഫാസില ബാനു, സ്നേഹ അശോക്, ഷാനിഫ്, മുസവ്വിർ തുടങ്ങിയ ഗായകരും നബീൽ, മുബഷിർ, ഹകീം എന്നിവരടങ്ങുന്ന ഓർക്കസ്ട്രാ ടീമാണ് ഫെസ്റ്റിന്റെ സംഗീത വിരുന്ന് നയിക്കുന്നത്. അസോസിയേഷൻ മഹിളാവേദി, ബാലവേദി ടീമുകളുടെ നൃത്താവിഷ്കാരവുമുണ്ടാകും.
പി.വി. നജീബ് (പ്രസിഡന്റ്), ജാവേദ് ബിൻ ഹമീദ് (ജനറൽ സെക്രട്ടറി), സന്തോഷ് കുമാർ (ട്രഷറർ), സി. ഹനീഫ്(ജനറൽ കൺവീനർ കോഴിക്കോട് ഫെസ്റ്റ്), കെ. ജുനൈസ് (ഓപറേഷൻ മാനേജർ മെഡക്സ് മെഡിക്കൽ കെയർ), മുഹമ്മദ് അലി (ഓപറേഷൻ മാനേജർ മംഗോ ഹൈപ്പർ), ഹസീന അഷ്റഫ് (പ്രസിഡന്റ് മഹിളാവേദി), രേഖ (ജനറൽ സെക്രട്ടറി മഹിളാവേദി) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.