സൗജന്യ വൃക്ക രോഗ നിർണയ ക്യാന്പിനു വൻ ജന പങ്കാളിത്തം
Thursday, January 18, 2018 1:27 AM IST
അൽകോബാർ: ഫോക്കസ് സൗദി അൽ കോബാർ ചാപ്റ്ററും ഇരിക്കൂർ എൻആർഐ ഫോറവും സംയുക്തമായി റഫ മെഡിക്കൽ സെന്‍ററിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ വൃക്ക രോഗ നിർണയ ക്യാന്പ് ജന പങ്കാളിത്തം കൊണ്ടും ചിട്ടയായ നടത്തിപ്പു കൊണ്ടും ശ്രദ്ധേയമായി.

ഒരു മാസക്കാലം നീണ്ടുനിന്ന വ്യവസ്ഥാപിതമായ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷമായിരുന്നു ക്യാന്പ് സംഘടിപ്പിച്ചത്. കിഡ്നി സംബന്ധമായ രോഗങ്ങൾ ആരംഭ ദശയിൽ തന്നെ കണ്ടെത്തി ചികിത്സ പ്രതിവിധിയും ബോധവത്കരണവും നൽകുക എന്ന ലക്ഷ്യത്തോടെ ഫോക്കസ് സംഘടിപ്പിച്ചു വരുന്ന കിഡ്നി രോഗ നിർണയ ക്യാന്പാണ് കീ (ഗഋഋ) അഥവാ കിഡ്നി ഏർളി ഇവാല്യോഷന്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത്തെ ക്യാന്പായിരുന്നു അൽ കോബാറിൽ സംഘടിപ്പിക്കപ്പെട്ടത്.

വെള്ളിയാഴ്ച്ച രാവിലെ 8.30 ന് ആരംഭിച്ച ക്യാന്പ് റഫ മെഡിക്കൽ സെന്‍റർ ഓപ്പറേഷൻ മാനേജർ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ഫോക്കസ് സൗദി അൽ ഖോബാർ ചാപ്റ്റർ സി.ഒ. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. .ആതുര സേവന രംഗത്ത് ഇത്തരത്തിലുള്ള സേവന സംരംഭങ്ങൾക്ക് റഫ മെഡിക്കൽ സെന്‍റർ ഏറെ പ്രാധാന്യം നൽകുന്നുണ്ടെന്നും ക്യാന്പ് സംഘടിപ്പിക്കുന്ന ഫോക്കസും ഇരിക്കൂർ എൻആർഐ ഫോറവും ഏറെ മഹത്തരമായ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചികിത്സ ചിലവുകൾ വഹിക്കുവാൻ സാധിക്കാത്ത സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന തരത്തിൽ മുഴുവൻ ചികിത്സകളും സൗജന്യമായിട്ടാണ് ക്യാന്പിൽ സജ്ജീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകം മുഖ്യാതിഥി ആയിരുന്നു. ഇരിക്കൂർ എൻ ആർ ഐ ഫോറം നൽകുന്ന ഉപഹാരങ്ങൾ ഷുഹൈബ് , മൻസൂർ എന്നിവർ ചേർന്ന് നിർവഹിച്ചു. ഇരിക്കൂർ എൻആർഐ ഫോറം സെക്രട്ടറി ഫൈസൽ ആമുഖ പ്രഭാഷണം നിർവഹിച്ചു. ഫോക്കസ് സൗദി സി.ഒ. ശബീർ വെള്ളേടത്ത് സംസാരിച്ചു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം