പി. ഉണ്ണികൃഷ്ണനെയും ഡോ.കുഴൽമന്ദം രാമകൃഷ്ണനെയും ആദരിച്ചു
Monday, April 23, 2018 10:43 PM IST
മസ്കറ്റ്: പാലക്കാട് നിവാസികളുടെ കൂട്ടായ്മ ശ്രുതിലയം എന്ന പേരിൽ അഞ്ചാം വാർഷികം ആഘോഷിച്ചു. അൽഫലാജ് ഗ്രാൻഡ് ഹാളിൽ നടന്ന ആഘോഷ പരിപാടിയിൽ ചലച്ചിത്ര ഗായകൻ പി.ഉണ്ണികൃഷ്ണനും മകൾ ഉത്തര ഉണ്ണികൃഷ്ണനും അവതരിപ്പിച്ച ഗാനമേളയും മൃദംഗ വിദ്വാനും ഗിന്നസ് ജേതാവുമായ ഡോ.കുഴൽമന്ദം ജി രാമകൃഷ്ണനും സംഘവും അവതരിപ്പിച്ച മ്യൂസിക്കൽ ഫ്യൂഷനും പാലക്കാട് ഫ്രണ്ട്സ് ക്ലബ് അംഗങ്ങളുടെ സംഗീത നാടകം, ക്ലാസിക്കൽ നൃത്തം, പാലക്കാടൻ സംസ്കാരത്തിന്‍റെ ഭാഗമായ കണ്യാർകളി എന്നിവയും അരങ്ങേറി.

ചടങ്ങിൽ പി.ഉണ്ണികൃഷ്ണന് സാംസ്കാരിക അവാർഡും കുഴൽമന്ദം ജി രാമകൃഷ്ണന് പ്രത്യേക പുരസ്കാരവും നൽകി ആദരിച്ചു.

നാട്ടുകാരുടെ കൂട്ടായ്മയുടെ അനുഭവം പങ്കുവയ്ക്കലും നാട്ടിലെ കലാകാര·ാരെ പരിചയപ്പെടുത്തലുമായിരുന്നു ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. വരും വർഷങ്ങളിലും സംഘടനയുടെ പേരിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടരുമെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

പി. ശ്രീകുമാർ, അജിത് വാസുദേവൻ, ഹരിഗോവിന്ദ്, ജിതേഷ്കുട്ടി, പ്രാണദേശ്, ജഗദീഷ് വാരിയർ, ശ്രീജിത്ത് നായർ, പദ്മകുമാർ, സരിത ശ്രീകുമാർ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

റിപ്പോർട്ട്: സേവ്യർ കാവാലം