കൊളോണിലെ ഈസ്റര്‍ കര്‍മങ്ങള്‍ ഭക്തിസാന്ദ്രമായി
Wednesday, April 23, 2014 8:56 AM IST
കൊളോണ്‍: കൊളോണിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ഈസ്റര്‍ ആഘോഷം ഭക്തിനിര്‍ഭരമായി നടന്നു. ഉയിര്‍പ്പുതിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 19 (ശനി) രാത്രി പത്തുമണിയ്ക്ക് ആരംഭിച്ചു. ദേവാലയ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പീഠത്തിലെ കര്‍മ്മങ്ങള്‍ക്കു ശേഷം വിശ്വാസികള്‍ കത്തിച്ച മെഴുകു തിരിയുമേന്തി പ്രദക്ഷിണമായി ദേവാലയത്തില്‍ പ്രവേശിച്ചാണ് ഉയിര്‍പ്പ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഈസ്റര്‍ ശുശ്രൂഷകള്‍ക്ക് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ നേതൃത്വം നല്‍കി.

തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിയ്ക്ക് ബനഡിക്ടന്‍ സഭാംഗമായ ഫാ.ജോയി ചെമ്പകശേരി(വയനാട്, മക്കിയാട് ബനഡിക്ടന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍) മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ഇഗ്നേഷ്യസ് ചാലിശേരി, മ്യുന്‍സ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഉപരിപഠനം നടത്തുന്ന കപ്പൂച്ചിന്‍ സഭാംഗമായ ഫാ.മനോജ് പതിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യബലിമധ്യേ ജോയി അച്ചന്‍ ഈസ്റര്‍ സന്ദേശം നല്‍കി. യൂത്ത് ഗായക സംഘത്തിന്റെ ആലാപനം ദിവ്യകര്‍മ്മങ്ങളെ ഭക്തിസാന്ദ്രതയില്‍ നിറച്ചു.സി.പൌളിനെ, ഡാനി ചാലായില്‍, ജിം, റിയാ വടക്കിനേത്ത്, ജെന്‍സ്, ജോയല്‍ കുമ്പിളുവേലില്‍, വര്‍ഗീസ് ശ്രാമ്പിയ്ക്കല്‍ എന്നിവര്‍ ശുശ്രൂഷകരായിരുന്നു.

ഈസ്റര്‍ വാരാഘോഷം അനുഗ്രഹപ്രദമാക്കി നടത്താന്‍ സഹായിച്ച എല്ലാവര്‍ക്കും ഇഗ്നേഷ്യസച്ചന്‍ നന്ദി പറഞ്ഞു. ദിവ്യബലിയെ തുടര്‍ന്ന് ദേവാലയ ഹാളില്‍ കാപ്പി സല്‍ക്കാരവും ജീവന്റെ പ്രതീകമായിട്ടുള്ള ഈസ്റര്‍ മുട്ടയുടെ വിതരണം നടന്നു.

കൊളോണ്‍ ബുഹ്ഹൈമിലെ സെന്റ് തെരേസിയാ ദേവാലയത്തില്‍ നടന്ന കര്‍മ്മങ്ങളില്‍ ഏതാണ്ട് മുന്നൂറോളം വിശ്വാസികള്‍ പങ്കെടുത്തു. കോര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡേവീസ് വടക്കുംചേരിയുടെ നേതൃത്വത്തില്‍ കമ്മറ്റിയംഗങ്ങളായ തോമസ് അറമ്പന്‍കുടി, ജോസഫ് കളപ്പുരയ്ക്കല്‍, ആന്റണി സഖറിയാ, ഹാനോ മൂര്‍ കടുത്താനം, സുനിത വിതയത്തില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍