ഓസ്ട്രിയയില്‍ 2046 ല്‍ മുസ്ലിം ജനസംഖ്യ 30 ശതമാനമാകും
Saturday, November 22, 2014 8:40 AM IST
വിയന്ന: ശമിക്കാത്ത കുടിയേറ്റവും കത്തോലിക്കരുടെ പള്ളിയുപേക്ഷിക്കലുംകാരണം 2046 ആകുമ്പോള്‍ വിയന്നയില്‍ അഞ്ചുപേരില്‍ ഒരാള്‍ മുസ്ലിമായിരിക്കും അക്കാഡമി ഓഫ് ജനറല്‍ നോളഡ്ജിന്റെ പഠനത്തിലാണ് വിയന്നയിലെ കത്തോലിക്കരുടെ ജനസംഖ്യയില്‍ ഗണ്യമായി കുറവുണ്ടാകുമെന്ന് വ്യക്തമാക്കിയത്.

അതായത് 1970 വരെ കത്തോലിക്കാ ഭൂരിപക്ഷമുണ്ടായിരുന്ന വിയന്നയില്‍ കത്തോലിക്കരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയും മുസ്ലിം ജനസംഖ്യ വീണ്ടും വീണ്ടും വര്‍ധിക്കുകയും ചെയ്യുമെന്നര്‍ഥം. 1970 ല്‍ 78.6 ശതമാനം കത്തോലിക്കരും 10.3 ശതമാനം സെക്യുലറിസ്റുകളും 0.4 ശതമാനം മുസ്ലിമും ആണ് ഉണ്ടായിരുന്നത്. 1980 ല്‍ കത്തോലിക്കരുടെ എണ്ണം 73.5 ശതമാനമായി കുറയുകയും മതേതരവാദികളുടെ എണ്ണം 13.4 ശതമാനമായി വര്‍ധിക്കുകയും, മുസ്ലിം ജനസംഖ്യ 1.6 ശതമാനമായി വര്‍ധിക്കുകയും ചെയ്തു.

1990 ആയപ്പോള്‍ കത്തോലിക്കരുടെ എണ്ണം 63.2 ശതമാനമായി കുറയുകയും മതേതരവാദികളുടെ എണ്ണം 20.3 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. 2009 ല്‍ കത്തോലിക്കരുടെ എണ്ണം 52.5 ശതമാനമായി കുറഞ്ഞപ്പോള്‍ മതേതരവാദികള്‍ 26.2 ശതമാനമായി വര്‍ധിച്ചു. മുസ്ലിം ജനസംഖ്യ 7.7 ആയി കൂടുകയും ചെയ്തു.

2010 ല്‍ കത്തോലിക്കരുടെ സംഖ്യ വീണ്ടും കുറഞ്ഞ് 42.3 ശതമാനമാകുകയും മതേതരവാദികളുടെ എണ്ണം 31 ആയി വര്‍ധിക്കുകയും മുസ്ലിം ജനസംഖ്യ 11.3 ശതമാനമായി തീരുകയും ചെയ്തു.

നിലവില്‍ കത്തോലിക്കരുടെ എണ്ണം 41 ശതമാനവും പ്രൊട്ടസ്റന്റുകാര്‍ നാലു ശതമാനവും ഓര്‍ത്തഡോക്സുകാര്‍ ഒമ്പതു ശതമാനവും 12 ശതമാനം മുസ്ലിമും 0.5 ശതമാനം യഹൂദനും 30 ശതമാനം മതേതരവാദികളും ആയിരിക്കും.2046 എത്തുമ്പോള്‍ കത്തോലിക്കര്‍ 33 ശതമാനവും മതേതരവാദികള്‍ 27 ശതമാനവും മുസ്ലിം ജനസംഖ്യ 21 ശതമാനവും ആയിരിക്കും.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍