ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു
Wednesday, April 1, 2015 6:27 AM IST
ന്യൂയോര്‍ക്ക്: ആകമാന സുറിയാനി സഭ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സുറിയാനി സഭയുടെ പരമാധ്യക്ഷനായിരുന്ന കാലം ചെയ്ത മോര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാള്‍ ആചരിച്ചു.

മൂന്നു പതിറ്റാണ്ടിലേറെ, ആകമാന സുറിയാനി സഭയെ സത്യ വിശ്വാസത്തില്‍ പരിരക്ഷിച്ച് അജപാലനം നടത്താന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട പരിശുദ്ധ പിതാവിന്റെ നിസ്തുലമായ സേവനങ്ങളെ സ്മരിക്കുകയും ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയനുസരിച്ച് ഭദ്രാസനത്തിന്റെ എല്ലാ ദേവാലയങ്ങളിലും വിശുദ്ധ പിതാവിനായി നടന്ന പ്രത്യേക പ്രാര്‍ഥനയില്‍ സഭാംഗങ്ങള്‍ ഒന്നടങ്കം പങ്കുചേരുകയും ചെയ്തു.

ലിന്‍ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തില്‍ പിതാവിന്റെ ശ്രാദ്ധ പെരുന്നാളിനോടനുബന്ധിച്ച്, ഇടവക മെത്രാപ്പോലീത്ത യല്‍ദൊ മാര്‍ തീത്തോസിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ഫാ. ഗീവര്‍ഗീസ് ചാലിശേരി, ഫാ. വര്‍ഗീസ് മന്നിക്കാട്ട്, ഫാ. വര്‍ഗീസ് പോള്‍, ഫാ. ജെറി ജേക്കബ്, ഫാ. സി.എ. തോമസ് (ക്നാനായ ചര്‍ച്ച്) എന്നിവരും മറ്റനവധി ശെമ്മാശന്മാരും തദവസരത്തില്‍ സന്നിഹിതനായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന അനുസ്മരണ യോഗത്തില്‍ ഫാ. ഗീവര്‍ഗീസ് ചാലിശേരി (വികാരി) സ്വാഗതമാശംസിച്ചു. ക്രൈസ്തവസഭകള്‍ ഒന്നായി, സ്നേഹത്തിലും കൂട്ടായ്മയിലും മുന്നോട്ടു പോകണമെന്ന് ആഗ്രഹിക്കുകയും അതിനായി മുന്നിട്ടിറങ്ങുകയും ശ്രദ്ധേയമായ പല ചുവട് വയ്പുകളും നടത്തിയ ബാവായുടെ ഓര്‍മ സഭാചരിത്രത്തിന്റെ ഏടുകളില്‍ എന്നും സ്മരിക്കപ്പെടുമെന്നു മെത്രാപ്പോലീത്ത പ്രസംഗത്തില്‍ പറഞ്ഞു.

1982ല്‍ ഈ ഭദ്രാസനത്തിലെ പരി. ബാവായുടെ പ്രഥമ അപ്പോസ്തോലിക സന്ദര്‍ശന വേളയില്‍ ഈ ഭദ്രാസനത്തോടു പരിശുദ്ധ പിതാവിനുളള പ്രത്യേക വാത്സല്യവും സ്നേഹവും നേരിട്ട് മനസിലാക്കാന്‍ ലഭിച്ച അവസരം ഇന്നും മനസില്‍ മായാതെ സൂക്ഷിക്കുന്നുവെന്നു ഫാ. വര്‍ഗീസ് മണിക്കാട്ട് പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഭദ്രാസനത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ഭദ്രാസനത്തിന്റെ ഉന്നമനത്തിനും വളര്‍ച്ചയ്ക്കുമായി ബാവാ കാണിച്ചിട്ടുളള ശുഷ്കാന്തി ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും ഈ ഭദ്രാസനം പരി. പിതാവിനോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്നും സാജു പൌലോസ് മാരോത്തും (ഭദ്രാസന ട്രഷറര്‍) പറഞ്ഞു. സ്നേഹവിരുന്നോടെ പെരുന്നാളിനു സമാപനമായി.

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍