ലോംഗ് ഐലന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയം കൂദാശ ചെയ്തു
Friday, April 10, 2015 7:31 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മലയാള ജീവിതത്തിനു തുടക്കവും തുടിപ്പും പകര്‍ന്ന ലോംഗ് ഐലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ജൂതസമൂഹം തിങ്ങിപ്പാര്‍ക്കുന്ന ഓള്‍ഡ് ബെത്ത്പേജില്‍ സ്വന്തമായി വാങ്ങിയ സെന്റ് മേരീസ് സീറോ മലബാര്‍ ദേവാലയം മാര്‍ച്ച് 28നു കൂദാശ ചെയ്യപ്പെട്ടപ്പോള്‍ കാത്തിരിപ്പും പ്രാര്‍ഥനാനുഭവവും നേര്‍രേഖയിലായി.

926 റൌണ്ട് സ്വാംപ് റോഡില്‍ സ്ഥിതി ചെയ്യുന്ന ആരാധനാലയം ഇനി മലയാളത്തിനും മലയാളികള്‍ക്കും മലയാളി ക്രൈസ്തവര്‍ക്കും സ്വന്തം.

കുടിയേറ്റത്തിന്റെ പൂര്‍ത്തീകരണമെന്നോ കുടിയേറ്റത്തിന്റെ തുടക്കമെന്നോ നിര്‍വചിക്കാനാവാത്ത നിമിഷങ്ങളൊരുക്കിയ ചടങ്ങില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭയുടെ അധിപന്‍ മാര്‍ ജേക്കബ് അങ്ങാടിയത്താണ് 2.55 മില്യന്‍ ഡോളര്‍ രൊക്കം കൊടുത്തു വാങ്ങിയ ദേവാലയം വിശ്വാസ സമൂഹത്തിനായി സമര്‍പ്പിച്ചത്.

ജൂവിഷ് സിനഗോഗായിരുന്ന ആരാധനാലയം കാത്തലിക് ദേവാലയമായി രൂപാന്തരം പ്രാപിച്ച കൂദാശ ചടങ്ങില്‍ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, റോക്വില്‍ രൂപത ഓക്സിലിയറി ബിഷപ് റൈറ്റ് റവ. റോബര്‍ട്ട് ബ്രണ്ണന്‍, ഷിക്കാഗോ രൂപത ചാന്‍സലര്‍ ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത്, അമേരിക്കന്‍ വംശജരായ മൂന്നു വൈദികര്‍, സീറോ മലബാര്‍ സഭയിലെ വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

കൂദാശ ചടങ്ങിനു സാക്ഷികളാകാന്‍ കന്യാസ്ത്രീ സമൂഹവും ഉണ്ടായിരുന്നു. ഷിക്കാഗോയില്‍ നിന്നുളള മാധ്യമ പ്രവര്‍ത്തകരായ പ്രിന്‍സ് മാഞ്ഞൂരാന്‍, ജോസ് ചെന്നിക്കര എന്നിവരും പങ്കെടുക്കുകയുണ്ടായി.

അലങ്കരിച്ച ദേവാലയ കവാടത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിനു സഭാധ്യക്ഷരെ വികാരി ഫാ. ലിഗോറി ജോണ്‍സണ്‍ ഫിലിപ്സിന്റെ നേതൃത്വത്തില്‍ വിശ്വാസി സമൂഹം സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചതോടെ കൂദാശാ ചടങ്ങുകള്‍ക്ക് തുടക്കമായി. മാര്‍ അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന കുര്‍ബാനക്കിടെയായിരുന്നു സമര്‍പ്പണ ചടങ്ങ്. ചാന്‍സലര്‍ ഫാ. സെബാസ്റ്യന്‍ വേത്താനത്ത് കൂദാശാ ചടങ്ങിന്റെ ഒരോ ഭാഗങ്ങളും വിശ്വാസികള്‍ക്കു വിവരിച്ചു. ദേവാലയ ഭിത്തികളില്‍ തൈലം ചാര്‍ത്തിയതോടെയാണു സമര്‍പ്പണ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

സന്ദേശം നല്‍കിയ സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവില്‍ സ്വന്തമായ ദേവാലയമെന്ന സ്വപ്നം സാക്ഷാത്കരിച്ച വി ശ്വാസിസമൂഹത്തെ അഭിനന്ദിച്ചു. സെന്റ് തോമസിന്റെ വിശ്വാസദീപം കാത്തുസൂക്ഷിക്കുന്ന നമ്മുടെ സമൂഹം പ്രവാസനാട്ടില്‍ നേടുന്ന വളര്‍ച്ചയുടെ മറ്റൊരു ഘട്ടമാണ് ലോംഗ് ഐലന്‍ഡിലെ ഈ പുതിയ ദേവാലയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമ്മുടെ വിശ്വാസവും പാരമ്പര്യവും പുതുതലമുറക്ക് കൈമാറേണ്ടതിന്റെ പ്രാധാന്യം മാര്‍ ആലപ്പാട്ട് ഓര്‍മിപ്പിച്ചു.

തുടര്‍ന്നു നടന്ന പൊതു സമ്മേളനത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോയ് ആലപ്പാട്ട്, ബിഷപ് ബ്രണ്ണന്‍, ഫാ. ജോസ് കണ്ടത്തിക്കുടി എന്നിവര്‍ സംസാരിച്ചു.

പന്ത്രണ്ടുവര്‍ത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ലോംഗ് ഐലന്‍ഡിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി സ്വന്തം ദേവാലയം എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ് എന്നീ ഭാഗങ്ങളിലായി പാര്‍ക്കുന്ന സീറോ മലബാര്‍ സഭാ വിശ്വാസികളെ ഒരു പാരിഷിന്‍ കീഴിലാക്കുക എന്ന തീരുമാനമുണ്ടായത്.

2003 ജനുവരി 10നു മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗിലാണു മുഴുവന്‍ സമയ വികാരിയെ അനുവദിക്കാനും മാര്‍ അങ്ങാടിയത്ത് തീരുമാനിച്ചത്. 2003 സെപ്റ്റംബര്‍ 14 ന് അന്നത്തെ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് മഠത്തില്‍പറമ്പില്‍ പുതിയ പാരിഷ് രൂപവത്കരിച്ചതായി വിജ്ഞാപനം പുറപ്പെടുവിപ്പിക്കുകയും ഫാ. ഏബ്രഹാം കരോട്ടിനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. ഒറ്റ സമൂഹമെങ്കിലും തുടക്കത്തില്‍ പല ദേവാലയങ്ങളിലായാണ് കുര്‍ബാന അര്‍പ്പിച്ചു പോന്നിരുന്നത്. 2003 ഒക്ടോബര്‍ 12 ന് ഫാ. ഏബ്രഹാം കരോട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മീറ്റിംഗില്‍ പുതിയ പാരി ഷിന് സെന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്ന് നാമകരണം ചെയ്യാന്‍ തീരുമാനിച്ചു. വെസ്റ്റ് ഹെംപ്സ്റ്റഡിലെ സെന്റ് തോമസ് അപ്പോസ്തല്‍ ചാപ്പല്‍ കേന്ദ്രീകരിച്ചുളള സെന്റ് മേരീസ് സീറോ മലബാര്‍ പാരിഷ് 2004 ജനുവരി നാലിന് മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്തു.

ഫാ. ഏബ്രഹാം കരോട്ടിന്റെ നേതൃത്വത്തില്‍ത്തന്നെയാണു സ്വന്തം ദേവാലയം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തനം തുടങ്ങിയത്. ഇടവകാംഗങ്ങളുടെ സംഭാവനകളും സ്റേജ്ഷോയിലൂടെ ധനസമാഹരണവും നടത്തിയ സമൂഹം പലയിടങ്ങളിലും പലപ്പോഴായി പളളികള്‍ കാണുകയും വാങ്ങാന്‍ തീരുമാനിക്കുകയും ചെയ്തെങ്കിലും അവസാനമാകുമ്പോള്‍ എന്തെങ്കിലും തടസങ്ങളുണ്ടായി മാറിപ്പോവുകയായിരുന്നു. ഓരോ ദൌത്യം പരാജ യപ്പെടുമ്പോഴും സ്വന്തം ആലയത്തിനായി യോജിപ്പോടെ പ്രാര്‍ഥിക്കുകയായിരുന്നു ഇടവക സമൂഹം. ആ പ്രാര്‍ഥനക്കാണ് ഇപ്പോള്‍ ഉത്തരം കിട്ടിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കണിയാലി