ഗാര്‍ഡിയോളയുമായി തര്‍ക്കം; ബയേണ്‍ ഡോക്ടര്‍ രാജിവച്ചു
Monday, April 20, 2015 8:17 AM IST
മ്യൂണിക്ക്: ജര്‍മന്‍ ഫുട്ബോള്‍ ലീഗ് ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന്റെ ടീം ഡോ. ഹാന്‍സ് വില്‍ഹെ മുള്ളര്‍ വോള്‍ഫാര്‍ട്ട് രാജിവച്ചു. ടീം പരിശീലകന്‍ പെപ് ഗാര്‍ഡിയോളയുമായുള്ള അഭിപ്രായവ്യത്യാസമാണ് പുറത്തുപോകാന്‍ കാരണമെന്ന് സൂചന.

യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ആദ്യപാദ പോരാട്ടത്തില്‍ എഫ്സി പോര്‍ട്ടോയോടു പരാജയപ്പെട്ടതിനു പിന്നാലെയാണ് ബയേണ്‍ ടീമിന്റെ ഡോക്ടര്‍ വുള്‍ഫാര്‍ട്ട് രാജിവച്ചതാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയതും ഗാര്‍ഡിയോള മുള്‍മുനയിലായതും. ഇതോടെ ഗാര്‍ഡിയോളയുടെ അടിതെറ്റുമോ എന്നു കൂടി ഫുട്ബോള്‍ പ്രേമികള്‍ ആശങ്കപ്പെടുന്നു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ എഫ്സി പോര്‍ട്ടോയോടു തോറ്റതിന്റെ ക്ഷീണം മാറുന്നതിനു മുന്‍പാണ് ബയേണിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒന്നൊന്നായി പുറത്തുവന്നുതുടങ്ങുന്നത്.

1977 മുതല്‍ ബയേണിന്റെ ഭാഗമായിരുന്നു മുള്ളര്‍ വോള്‍ഫാര്‍ട്ട്. വിശ്വാസത്തില്‍ സംഭവിച്ച തകര്‍ച്ചയാണ് 38 വര്‍ഷത്തെ സേവനം അവസാനിപ്പിക്കാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ക്ളബ്ബിന്റെ മെഡിക്കല്‍ ടീമിനെ മറ്റു മൂന്ന് അംഗങ്ങളും അദ്ദേഹത്തോടൊപ്പം രാജി പ്രഖ്യാപിച്ചു.

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ പരാജയത്തിനുശേഷം, അതിന്റെ ഉത്തരവാദിത്വം ചുമത്തപ്പെട്ടത് മെഡിക്കല്‍ ടീമിനു മേലായിരുന്നു. ഇതിനുള്ള കാരണം തനിക്കു മനസിലാകുന്നില്ലെന്ന് മുള്ളര്‍ വോള്‍ഫാര്‍ട്ട്. പരിക്കു കാരണം മൂന്നു പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് ബയേണ്‍ ക്വാര്‍ട്ടറില്‍ പോര്‍ട്ടോയെ നേരിടാനിറങ്ങിയത്.

പരിക്കുമൂലം മല്‍സരത്തിനു ടീമിന്റെ സിംഹതാരങ്ങളായ ആര്യന്‍ റോബന്‍, ഫ്രാങ്ക് റിബറി, മെഹ്ദി ബെനറ്റിയ, ജാവി മാര്‍ട്ടിനെസ്, ഡേവിഡ് അലബ തുടങ്ങിയ മുന്‍നിരക്കാര്‍ കളിക്കാതെ പുറത്തിരുന്നു കളി കാണാനുള്ള ഭാഗ്യമേ ഉണ്ടായിരുന്നുള്ളു. കൂടാതെ ബാസ്റ്യന്‍ ഷ്വൈന്‍സ്റെയ്ഗര്‍, ഹോള്‍ജര്‍ ബാഡ്സ്റ്യൂബര്‍ എന്നിവരും ഏറെക്കാലമായി പരിക്കിന്റെ പിടിയിലാണ്. പോര്‍ട്ടോക്കെതിരെ അവസാന ഇലവനെ ഇറക്കാന്‍ 14 കളിക്കാര്‍ മാത്രമാണ് ശേഷിച്ചിരുന്നത്. ഇതാണ് തോല്‍വി ക്ഷണിച്ചുവരുത്തിയതെന്ന് കളിക്കുശേഷം ഗാര്‍ഡിയോളയുടെ പ്രസ്താവന ആരും മുഖവിലയ്ക്കെടുത്തില്ല എന്നതും വിവാദങ്ങള്‍ക്ക് ചൂടുപകര്‍ന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍