ഹുബ്ബല്ലി ഗൂഢാലോചനക്കേസ്: പ്രതികളെ വെറുതെ വിട്ടു
Wednesday, May 6, 2015 5:43 AM IST
ബംഗളൂരു: ഹുബ്ബല്ലി തീവ്രവാദ ഗൂഢാലോചനക്കേസില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. നീണ്ട ഏഴു വര്‍ഷത്തെ വിചാരണയ്ക്കൊടുവിലാണ് പ്രതികളെ വിട്ടയച്ചുകൊണ്ട് ഹുബ്ബല്ലി സെഷന്‍സ് കോടതി ഉത്തരവിട്ടത്. ഈരാറ്റുപേട്ട സ്വദേശികളായ ഷിബിലി, ശാദുലി, മുക്കം സ്വദേശി യഹ്യ കമ്മുക്കുട്ടി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍ നദ്വി എന്നിവരടക്കം 17 പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിരുന്നത്. പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്നതില്‍ കേസ് അന്വേഷിച്ച കര്‍ണാടക സിഐഡി പരാജയപ്പെട്ടതായി ജസ്റീസ് ഗോപാല്‍കൃഷ്ണ കോളി നിരീക്ഷിച്ചു.

കഴിഞ്ഞ മാര്‍ച്ച് 23നാണ് കേസിലെ വാദംകേള്‍ക്കല്‍ പൂര്‍ത്തിയായത്. പാക്കിസ്ഥാനുമായി ബന്ധമുള്ള ഭീകരസംഘടനകളില്‍ പ്രവര്‍ത്തിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. രാജ്യത്തെ ഐടി സ്ഥാപനങ്ങള്‍ ലക്ഷ്യംവച്ച് സ്ഫോടനങ്ങള്‍ നടത്താന്‍ ഗൂഢാലോചന നടത്തിയെന്നും അനധികൃതമായി ആയുധങ്ങള്‍ ശേഖരിച്ചെന്നും ഇവര്‍ക്കെതിരേ കുറ്റം ചുമത്തി 2008 ല്‍ കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. യുഎപിഎ ചുമത്തിയ ഇവര്‍ ഏഴു വര്‍ഷമായി കേരളം, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ വിവിധ ജയിലുകളില്‍ ജാമ്യമില്ലാതെ കഴിയുകയായിരുന്നു. ബംഗളൂരു അഡീഷണല്‍ കമ്മീഷണര്‍ അലോക് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിയത്. പിടിയിലായവരില്‍ നിന്ന് ലഘുലേഖകളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തതായി അന്വേഷണസംഘം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതു തെളിയിക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.