ഹിതം നിര്‍ണയിക്കാനാകാതെ ഗ്രീക്ക് ജനത
Saturday, July 4, 2015 8:45 AM IST
ഏഥന്‍സ്: മുന്‍ സര്‍ക്കാരിന്റെ കാലത്ത്, കടുത്ത ചെലവുചുരുക്കല്‍ നടപടികള്‍ പിന്‍വലിക്കണമെന്ന് ഒറ്റക്കെട്ടായി ആവശ്യപ്പെട്ടവരാണ് ഗ്രീക്ക് ജനത്. ഇവ പിന്‍വലിക്കുമെന്നു വാഗ്ദാനം ചെയ്ത അലക്സി സിപ്രാസ് എന്ന കമ്യൂണിസ്റിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കിയതും ഈ വികാരമായിരുന്നു. എന്നാല്‍, ഇന്ന് സിപ്രാസ് തന്റെ വാഗ്ദാനം പാലിക്കാന്‍ ദയനീയമായെങ്കിലും ശ്രമിക്കുമ്പോള്‍ ഗ്രീക്ക് ജനതയ്ക്ക് പഴയ ഐക്യദാര്‍ഢ്യ പ്രഖ്യാപനത്തില്‍ ഉറച്ചുനില്‍ക്കാന്‍ സാധിക്കുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ഗ്രീസിനെ കരകയറ്റാന്‍ കര്‍ശന വ്യവസ്ഥകളോടെ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവച്ച രക്ഷാപദ്ധതി സ്വീകരിക്കണോ എന്നറിയാനുള്ള നിര്‍ണായക ഹിതപതിശോധന നാളെ നടക്കാനിരിക്കേ ജനങ്ങള്‍ വ്യക്തമായ രണ്ടുതട്ടിലാണ്. രക്ഷാപദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും റാലികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. എതിര്‍ക്കുന്നവരുടെ റാലിയില്‍ പ്രധാനമന്ത്രി അലക്സിസ് സിപ്രസും പങ്കെടുക്കുമെന്നാണ് കരുതുന്നത്.

അതേസമയം, പദ്ധതിയെ എതിര്‍ക്കുന്നത് ഗ്രീസിന് യൂറോ മേഖലയില്‍നിന്ന് പുറത്തേക്ക് വഴിതുറക്കുമെന്ന ഭീഷണി യൂറോപ്യന്‍ യൂണിയന്‍ മുഴക്കിയിട്ടുണ്ട്. പുതിയ വായ്പ ലഭിക്കാത്തതിനാല്‍, ഗ്രീസിന്റെ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഹിതപരിശോധന നടക്കുന്നത്. രാജ്യത്തെ ബാങ്കുകള്‍ ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്.

രക്ഷാപദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തുല്യനിലയിലാണെന്ന് എത്നോസ് പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. അനുകൂലിക്കുന്നവര്‍ 44.8 ശതമാനവും എതിര്‍ക്കുന്നവര്‍ 43.4 ശതമാനവുമാണ്. അതേസമയം, വോട്ടെടുപ്പില്‍ പങ്കെടുത്തവരില്‍ 74 ശതമാനം പേരും യൂറോ തന്നെ കറന്‍സിയായി തുടരണമെന്ന അഭിപ്രായക്കാരാണ്. 15 ശതമാനം പേര്‍ മാത്രമാണ് ദേശീയ കറന്‍സിയിലേക്ക് തിരിച്ചുപോകണമെന്ന് അഭിപ്രായപ്പെട്ടത്.

ഹിതപരിശോധന റദ്ദാക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. ഞായറാഴ്ചയിലെ ഹിതപരിശോധനയുടെ നിയമസാധുതയെക്കുറിച്ചും ഭരണഘടനയെ ലംഘിക്കുന്നതാണോയെന്നുമുള്ള കാര്യത്തില്‍ രാജ്യത്തെ ഉന്നത കോടതിയായ കൌണ്‍സില്‍ ഓഫ് സ്റേറ്റ് വിധി പറയാനിരിക്കുകയാണ് പ്രഖ്യാപനം. ചോദ്യങ്ങളിലെ വ്യക്തതക്കുറവും കാരണം ഹിതപരിശോധന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ലെന്ന് മനുഷ്യാവകാശ സംഘടനയായ കൌണ്‍സില്‍ ഓഫ് യൂറോപ്പ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന് വായ്പ നല്‍കിയവരുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കാന്‍ ശക്തമായ എതിര്‍വോട്ട് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി അലക്സിസ് സിപ്രസിന്റെ പക്ഷം. അനുകൂലിക്കുന്നവര്‍ വിജയിക്കുകയാണെങ്കില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി ബാങ്കുകള്‍ തുറക്കും. എന്നാല്‍, അത് ഗുണകരമായിരിക്കില്ല. ഭയമോ സമ്മര്‍ദമോ കാരണം ജനങ്ങളുടെ തീരുമാനം അങ്ങനെയാണെങ്കില്‍ അതിനെ ബഹുമാനിക്കും. എന്നാല്‍, എതിര്‍ വോട്ട് വിജയിക്കുകയാണെങ്കില്‍ തൊട്ടടുത്ത ദിവസംതന്നെ ബ്രസല്‍സില്‍ എത്തി കരാറില്‍ ഒപ്പിടുമെന്ന് ഉറപ്പു നല്‍കുന്നുവെന്നും സിപ്രസ് പറഞ്ഞു.

ഗ്രീക്ക് ഹിതപരിശോധന: ചോദ്യം ഇങ്ങനെ


'യൂറോപ്യന്‍ കമ്മീഷനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും (ഇസിബി) അന്താരാഷ്ട്ര നാണയനിധിയും (ഐഎംഎഫ്) 25.06.2015ന് യൂറോഗ്രൂപ്പില്‍ അവരുടെ സംയുക്ത നിര്‍ദേശമടങ്ങിയ രണ്ടുഭാഗങ്ങളുള്ള നിര്‍ദിഷ്ട ഉടമ്പടി അംഗീകരിക്കണോ?' ഗ്രീസിലെ അലക്സിസ് സിപ്രാസിന്റെ സര്‍ക്കാര്‍ ഞായറാഴ്ച രാജ്യത്തോട് ചോദിക്കാന്‍ പോകുന്നത് ഈ ചോദ്യമാണ്.

വേണം അല്ലെങ്കില്‍ വേണ്ട; ഒറ്റവാക്കില്‍ ഉത്തരം നല്‍കണം. ജനം വേണ്ട എന്ന ഉത്തരം നല്‍കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ആഗ്രഹംപോലെ നടന്നാല്‍ യൂറോസഖ്യത്തില്‍നിന്നും യൂറോ എന്ന വിനിമയനാണയത്തില്‍നിന്നുമുള്ള ഗ്രീസിന്റെ പുറത്തുപോകല്‍ ഏതാണ്ടുറയ്ക്കും. 19 അംഗ യൂറോസഖ്യത്തിലെ മറ്റംഗങ്ങളും ഗ്രീസും തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കുകയും വിട്ടുവീഴ്ചകളുണ്ടാവുകയും ചെയ്തില്ലെങ്കില്‍ അത് സംഭവിക്കുകയും ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍