ഹിങ്കല്‍ കത്തീഡ്രലില്‍ തിരുനാള്‍ തുടങ്ങി
Friday, January 15, 2016 7:03 AM IST
മൈസൂരു: ഹിങ്കല്‍ ഇന്‍ഫന്റ് ജീസസ് കത്തീഡ്രലില്‍ തിരുനാള്‍ ആരംഭിച്ചു. 17 ന് സമാപിക്കും. മാണ്ഡ്യ രൂപതാ വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് ആലൂക്ക തിരുനാളിന് കൊടിയേറ്റി. തുടര്‍ന്നു നടന്ന വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയ്ക്കു മോണ്‍. ജോര്‍ജ് ആലൂക്ക കാര്‍മികത്വം വഹിച്ചു.

ഇന്നു രാവിലെ എട്ടിന് വിശുദ്ധ കുര്‍ബാന, നൊവേന-ഹൊന്നമ്മനക്കട്ടെ ജോതിര്‍ വികാസ് സെന്റര്‍ ഡയറക്ടര്‍ ഫാ. സജി പാറേക്കാട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. നാളെ മുതല്‍ 15 വരെ വൈകുന്നേരം 6.30 ന് വിശുദ്ധ കുര്‍ബാന, നൊവേന എന്നിവയുണ്ടായിരിക്കും. 16ന് വൈകുന്നേരം 6.30 ന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ. ജോബിഷ് നരിപ്പാറ കാര്‍മികത്വം വഹിക്കും. തുടര്‍ന്നു നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് ഫാ. ജോയ്സണ്‍ കിഴക്കേല്‍ നേതൃത്വം നല്‍കും.

മുഖ്യ തിരുനാള്‍ ദിവസമായ 17 ന് രാവിലെ ഏഴിന് വിശുദ്ധ കുര്‍ബാന. 10.30 ന് ആഘോഷമായ തിരുനാള്‍ സമൂഹബലി-രൂപതാ പ്രൊക്കുറേറ്റര്‍ ഫാ. പോള്‍ വാഴപ്പള്ളി മുഖ്യകാര്‍മികത്വം വഹിക്കും. രൂപതാ ചാന്‍സലര്‍ ഫാ. ജോമോന്‍ കോലഞ്ചേരി വചനസന്ദേശം നല്‍കും. ഉച്ചയ്ക്കു 12.30 ന് ഊട്ടുനേര്‍ച്ച. വൈകുന്നേരം നാലിന് കന്നഡ ഭാഷയില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന-മൈസൂരു സെന്റ് ജോസഫ്സ് കത്തീഡ്രല്‍ വികാരി ഫാ. എന്‍.ടി. ജോസഫ് മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു തിരുസ്വരൂപം രഥത്തിലേറ്റി ഹിങ്കല്‍ റിംഗ് റോഡ് ജംഗ്ഷനിലേക്ക് മെഴുകുതിരി പ്രദക്ഷിണം. രാത്രി 7.30 ന് ശിങ്കാരിമേളം, കരിമരുന്ന് കലാപ്രകടനം. രാത്രി എട്ടിന് കോഴിക്കോട് കലാഭവന്‍ അവതരിപ്പിക്കുന്ന നാടകം-മാധവന്റെ വീട് പറയുന്നത്.മുഖ്യതിരുനാള്‍ ദിനമായ 17 ന് ഉണ്ണൂശോയ്ക്ക് കിരീടസമര്‍പ്പണത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്െടന്ന് ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് കുമാര്‍, ജോയിന്റ് കണ്‍വീനര്‍മാരായ ബാസ്റ്റ്യന്‍ ജോസഫ്, പി.വി. ആന്റണി എന്നിവര്‍ അറിയിച്ചു.