ഐസിയു രോഗികള്‍ക്ക് ആഡംബര നികുതി: വിവാദ ഉത്തരവ് പിന്‍വലിച്ചു
Saturday, January 30, 2016 11:15 AM IST
ബംഗളൂരു: സംസ്ഥാനത്തെ ആശുപത്രികളിലെ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് ആഡംബര നികുതി ചുമത്താനുള്ള വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു. പൊതുജനങ്ങളില്‍ നിന്നും ആരോഗ്യ മേഖലയില്‍ നിന്നും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. നികുതി പിന്‍വലിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ധനവകുപ്പിന് നിര്‍ദേശം നല്കിയതായി ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ അറിയിച്ചു.

ആശുപത്രികളില്‍ ഒരു ദിവസത്തിന് 1000 രൂപയ്ക്കു മുകളില്‍ ഈടാക്കുന്ന ഐസിയു മുറികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് എട്ടു ശതമാനം ആഡംബര നികുതി ചുമത്താന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതുവഴി 15 മുതല്‍ 20 കോടി രൂപ വരെ അധിക വരുമാനം ലഭിക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നത്.

എന്നാല്‍, ഇതു വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവച്ചു. ഉത്തരവ് പിന്‍വലിക്കണമെന്ന് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ഒന്നടങ്കം ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഉത്തരവ് പിന്‍വലിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിജ്ഞാപനം ഇറക്കുന്നതിന് സമയമെടുക്കും. എന്നാല്‍, വിജ്ഞാപനം ഉടന്‍ ഇറങ്ങിയില്ലെങ്കിലും നികുതി ചുമത്തില്ലെന്ന് യു.ടി. ഖാദര്‍ അറിയിച്ചു