സ്വകാര്യ ബസുകള്‍ക്ക് നഗരത്തില്‍ നിരോധനം; മലയാളികള്‍ വലയും
Friday, February 5, 2016 8:04 AM IST
ബംഗളൂരു: കര്‍ണാടക നിക്ഷേപക സംഗമത്തോടനുബന്ധിച്ച് സ്വകാര്യ ബസുകള്‍ക്ക് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തി. ഫെബ്രുവരി രണ്ടു മുതല്‍ ആറു വരെയാണ് സ്വകാര്യ ബസുകള്‍ക്ക് വിലക്ക്. വിദേശവ്യവസായികളടക്കം വിഐപികള്‍ പങ്കെടുക്കുന്ന നിക്ഷേപക സംഗമം നടക്കുന്ന സാഹചര്യത്തില്‍ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് പുതിയ പരിഷ്കാരം. രാവിലെ ആറു മുതല്‍ പത്തു വരെയാണ് നിയന്ത്രണം. അതേസമയം, സംസ്ഥാന ഗതാഗത കോര്‍പറേഷനുകളുടെ ബസുകള്‍ക്ക് വിലക്ക് ബാധകമല്ല.

ഇതോടെ കേരളത്തില്‍ നിന്നടക്കം സ്വകാര്യ ബസിലെത്തുന്ന യാത്രക്കാര്‍ക്ക് നഗരാതിര്‍ത്തിയില്‍ ഇറങ്ങിയ ശേഷം മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിവരും. മറ്റു സംസ്ഥാനങ്ങളിലേക്കും കര്‍ണാടകയുടെ വിവിധ മേഖലകളിലേക്കും പതിനായിരത്തിലേറെ സ്വകാര്യ ബസുകള്‍ നിലവില്‍ നഗരത്തില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. കേരളത്തിലേക്കും തിരിച്ചും ദിവസേന നൂറിലധികം സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

ബംഗളൂരുവില്‍ നിന്നു നാട്ടിലേക്കു പോകുന്ന യാത്രക്കാര്‍ക്ക് നഗരാതിര്‍ത്തിയിലെ ഹൊസൂരിലോ കെങ്കേരിയിലോ എത്തി യാത്ര തുടരേണ്ടി വരും. അതേസമയം, യാത്രക്കാരുടെ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നഗരാതിര്‍ത്തിയില്‍ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബിഎംടിസി ഫീഡര്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. നിക്ഷേപക സംഗമത്തോടനുബന്ധിച്ച് ചരക്കുവാഹനങ്ങള്‍ക്കും നഗരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.