സെബാസ്റ്യന്‍ ഇടാത്തിയുടെ പാര്‍ട്ടിയംഗത്വം നഷ്ടപ്പെടുത്താതെ കേസ് അവസാനിപ്പിച്ചു
Friday, February 12, 2016 10:18 AM IST
ബെര്‍ലിന്‍: ബാല ലൈംഗിക കേസില്‍ രാജിവച്ച മുന്‍ എംപി സെബാസ്റ്യന്‍ എടാത്തി ഒരിക്കല്‍ക്കൂടി ബെര്‍ലിനിലെത്തി. എസ്പിഡിയില്‍ നിന്നു പുറത്താക്കുന്നതുമായി ബന്ധപ്പെട്ട അവസാന നടപടിക്രമത്തിനായിരുന്നു ഇടാത്തിയുടെ വരവ്.

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കലിനെതിരേ ആര്‍ബിട്രേഷന്‍ കോടതിയില്‍ വാദിക്കാന്‍ അദ്ദേഹത്തിന് ഫെബ്രുവരി 12 നു (വെള്ളി) അവസരം ലഭിച്ചിരുന്നു. എന്നാല്‍, എല്ലാ തെളിവുകളും എതിരായിരിക്കെ ഇതൊരു നടപടിക്രമം മാത്രമായി അവസാനിപ്പിക്കാനായിരുന്നു സാധ്യതയെങ്കിലും പാര്‍ട്ടിയേയും നേതാക്കളേയും പ്രതിക്കൂട്ടിലാക്കിയ ഇടാത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാതെ കേസ് അവസാനിപ്പിച്ചിരിക്കുകയാണ്.

പാര്‍ട്ടിയംഗത്വം മൂന്നു വര്‍ഷത്തേയ്ക്കു സസ്പെന്‍സ് ചെയ്യപ്പെട്ടിരുന്നതിന്റെ കാലാവധി നീട്ടി അഞ്ചു വര്‍ഷമായി നീട്ടി നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് പാര്‍ട്ടി ഉന്നതാധികാര സമിതിയില്‍ പാര്‍ട്ടി ചെയര്‍മാന്‍ സീഗ്മാര്‍ ഗാബ്രിയേല്‍ ഉടാത്തിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മറ്റുള്ളവര്‍ മൃദുസമീപനം എന്ന ആവശ്യം ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടിയംഗത്വം നഷ്ടമായില്ല.

സംഭവത്തില്‍ എസ്പിഡി പാര്‍ട്ടിയും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് തോമസ് ഓപ്പര്‍മാന്‍ അടക്കമുള്ളവര്‍ എടാത്തിയുടെ കേസില്‍ നാണംകെട്ടിരുന്നു. ഒപ്പം മന്ത്രിമാരുടെ കസേരകളും ഇളകിയിരുന്നു.

ബാലലൈംഗിക കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ജര്‍മന്‍ എംപി സെബാസ്റ്യന്‍ ഇടാത്തി 2014 ഡിസംബര്‍ 18 ന് ജര്‍മന്‍ പാര്‍ലമെന്ററി കമ്മീഷന്‍ മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 23 ന് വെര്‍ഡന്‍ ജില്ലാകോടതിയില്‍ ഇടാത്തിയുടെ വിസ്താരവും നടന്നിരുന്നു. ഇതേ തുടര്‍ന്ന് കോടതി ഇദ്ദേഹത്തെ 5000 യൂറോ പിഴയായി ശിക്ഷിച്ചിരുന്നു. കൂടാതെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഇടാത്തിയുടെ പാര്‍ട്ടി അംഗത്വം മൂന്നു വര്‍ഷത്തേയ്ക്ക് മരവിപ്പിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍