എയര്‍ ഹോണുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ നടപടി
Friday, February 19, 2016 8:06 AM IST
ബംഗളൂരു: നഗരത്തില്‍ ശബ്ദമലിനീകരണം ഉണ്ടാക്കുന്ന തരത്തില്‍ എയര്‍ഹോണ്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി പോലീസ് ആരംഭിച്ചു. ആദ്യദിനംതന്നെ ഇത്തരം ഹോണുകള്‍ ഉപയോഗിച്ച 31 വാഹനങ്ങള്‍ പിടികൂടുകയും 31,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഈ വാഹനങ്ങളിലെ എയര്‍ഹോണുകളും പോലീസ് പിടിച്ചെടുത്തു. വരുംദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കും.

നേരത്തെ എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നതിനെതിരേ നിരവധി തവണ പോലീസ് മുന്നറിയിപ്പ് നല്കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെട്ടിരുന്നില്ല. പരിശോധനയില്‍ പിടികൂടുന്ന വാഹനങ്ങളില്‍ നിന്നു പിഴയീടാക്കുകയും ചെയ്തിരുന്നില്ല. ഇതേത്തുടര്‍ന്ന് എയര്‍ഹോണുകളുടെ ഉപയോഗം ഗണ്യമായി വര്‍ധിച്ചതോടെയാണ് കര്‍ശന നടപടിക്കായി പോലീസ് തീരുമാനിച്ചത്.