സീഗെഹള്ളി മാലിന്യപ്ളാന്റിന് എതിരെ സമരം തുടരുന്നു
Monday, March 7, 2016 7:33 AM IST
ബംഗളൂരു: കന്നഹള്ളി, സീഗെഹള്ളി മാലിന്യ സംസ്കരണ പ്ളാന്റുകള്‍ക്കെതിരേ ഗ്രാമവാസികള്‍ നടത്തിവരുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്കു കടന്നു.

ഇരുപ്ളാന്റുകളിലേക്കും മാലിന്യങ്ങളുമായെത്തിയ ട്രക്കുകള്‍ ഗ്രാമീണര്‍ തടഞ്ഞു. സമീപത്തെ മറ്റു പ്ളാന്റുകളിലേക്ക് മാലിന്യങ്ങള്‍ മാറ്റി ബിബിഎംപി താത്കാലിക പരിഹാരം കണ്െടത്തിയെങ്കിലും മാലിന്യത്തിന്റെ അളവു കൂടിയതോടെ ഇതും പ്രതിസന്ധിയിലായി. പ്ളാന്റുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടായിരത്തോളം വരുന്ന ഗ്രാമീണരുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ബുധനാഴ്ച ഇതുമായി ബന്ധപ്പെട്ട് ബിബിഎംപി കമ്മീഷണര്‍ ജി. കുമാര്‍ നായിക്കുമായി നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതോടെയാണ് സമരത്തിലേക്കു നീങ്ങാന്‍ ഗ്രാമവാസികള്‍ തീരുമാനിച്ചത്.

പ്ളാന്റില്‍ നിന്നുള്ള അസഹ്യമായ ദുര്‍ഗന്ധം നിരവധി ആരോഗ്യപ്രശ്നങ്ങള്‍ വരുത്തിവയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. നിരവധി തവണ പ്രതിഷേധം നടത്തിയിട്ടും പ്ളാന്റില്‍ നിന്നുള്ള ദുര്‍ഗന്ധം തടയാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ലെന്ന് സമരസമിതി കുറ്റപ്പെടുത്തി. കൊതുകുശല്യവും വര്‍ധിച്ചതോടെ ഗ്രാമവാസികള്‍ രോഗങ്ങളുടെ പിടിയിലാണെന്നും അവര്‍ ആരോപിക്കുന്നു.

അതേസമയം, പ്ളാന്റുകളുടെ സ്ഥിതി പഠിച്ചുവരികയാണെന്നും പ്രശ്നം പരിഹരിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്നും ഖരമാലിന്യ സംസ്കരണ ജോയിന്റ് കമ്മീഷണര്‍ സര്‍ഫ്രാസ് ഖാന്‍ അറിയിച്ചു.