കേരള ആര്‍ടിസി പാലാ സര്‍വീസ് പുനരാരംഭിച്ചു
Wednesday, March 9, 2016 5:59 AM IST
ബംഗളൂരു: അപകടത്തെത്തുടര്‍ന്ന് റദ്ദാക്കിയ കേരള ആര്‍ടിസിയുടെ ബംഗളൂരു-പാലാ സൂപ്പര്‍ ഡീലക്സ് സര്‍വീസ് പുനരാരംഭിച്ചു. തൃശൂര്‍ ഡിപ്പോയില്‍ നിന്ന് പകരം ബസ് ഏര്‍പ്പാടാക്കിയാണ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് പുനരാരംഭിച്ചത്. ബുധനാഴ്ച രാവിലെയാണ് പാലായില്‍ നിന്നു ബംഗളൂരുവിലേക്കു പുറപ്പെട്ട ബസ് മലപ്പുറം പാണ്ടിക്കാട്ട് അപകടത്തില്‍പെട്ടത്. ഇതേത്തുടര്‍ന്ന് പാലായില്‍ നിന്നും ബംഗളൂരുവിലേക്കുള്ള സര്‍വീസ് തടസപ്പെട്ടിരുന്നു. അപകടത്തെത്തുടര്‍ന്ന് രണ്ടു ദിവസം ബംഗളൂരുവില്‍ നിന്നു പാലായിലേക്ക് ഉച്ചകഴിഞ്ഞു മൂന്നിനുള്ള സര്‍വീസുകളും റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ഒന്നിടവിട്ട ദിവസങ്ങളിലായി സര്‍വീസ് ക്രമീകരിക്കുകയായിരുന്നു. ഇതു യാത്രക്കാരെ വലച്ചതോടെയാണ് തൃശൂരില്‍ നിന്നു ബസ് എത്തിച്ച് സര്‍വീസ് പുനരാരംഭിച്ചത്.