അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് നികുതി: ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശം
Saturday, March 26, 2016 8:40 AM IST
ബംഗളൂരു: കര്‍ണാടകയിലെത്തുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ക്ക് 11 മാസത്തിനു ശേഷമേ ആജീവനാന്ത നികുതിയേര്‍പ്പെടുത്താന്‍ പാടുള്ളൂ എന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ എല്ലാ ആര്‍ടിഒകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കര്‍ണാടക ഗതാഗതമന്ത്രി ടി. രാമലിംഗറെഡ്ഡി നിര്‍ദേശം നല്കി.

മന്ത്രിക്കൊപ്പം കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ. തച്ചങ്കരി, കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാമെഗൌഡ, അഡീഷണല്‍ കമ്മീഷണര്‍മാര്‍, ആര്‍ടിഒകള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. വാഹനങ്ങളുടെ രേഖകള്‍ പിടിച്ചെടുത്തത് വിട്ടുകൊടുക്കാനും തീരുമാനമായിട്ടുണ്ട്.

ഹൈക്കോടതി വിധി വന്നിട്ടും സംസ്ഥാനത്ത് ഗതാഗത വകുപ്പിന്റെ പരിശോധന തുടര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കേരള ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് ടോമിന്‍ ജെ. തച്ചങ്കരി ബംഗളൂരുവിലെത്തിയത്.

കേരളത്തിലെയും കര്‍ണാടകയിലെയും നികുതിയിലുള്ള വ്യത്യാസവും മറ്റു ഗതാഗത പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസമാദ്യം ബംഗളൂരുവില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരുടെ യോഗം ചേരുമെന്നും ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു.

കര്‍ണാടകയിലെത്തുന്ന ഇതരസംസ്ഥാന വാഹനങ്ങള്‍ 30 ദിവസത്തിനുള്ളില്‍ ആജീവനാന്ത നികുതിയടയ്ക്കണമെന്ന വ്യവസ്ഥ ഈ മാസമാദ്യമാണ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയത്. നൂറു കോടിയോളം രൂപ നികുതിയിനത്തില്‍ പിരിച്ചെടുത്തിട്ടുണ്െടന്നാണ് കണക്കുകള്‍.

ഹൈക്കോടതി വിധിക്കെതിരേ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പിരിച്ചെടുത്ത പണം വാഹനയുടമകള്‍ക്കു തിരികെ നല്കുന്ന കാര്യത്തില്‍ പിന്നീടു മാത്രമേ തീരുമാനമാകൂ.