ചൂടില്‍ ഉരുകി സംസ്ഥാനം
Tuesday, April 5, 2016 4:52 AM IST
ബംഗളൂരു: സംസ്ഥാനത്തിന്റെ അതിര്‍ത്തിമേഖലകള്‍ കൊടുംചൂടിന്റെ പിടിയില്‍. തെലുങ്കാന-കര്‍ണാടക, മഹാരാഷ്ട്ര- കര്‍ണാടക അതിര്‍ത്തി മേഖലകളിലാണ് കഠിനമായ ചൂട് അനുഭവപ്പെടുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞയാഴ്ച കാലാബുരാഗിയില്‍ 41.2 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തെ ഉയര്‍ന്ന താപനിലയിലും കൂടുതലാണിത്. ബല്ലാരിയില്‍ 41 ഡിഗ്രി സെല്‍ഷ്യസും റായ്ച്ചുര്‍, ബിദാര്‍ എന്നിവിടങ്ങളില്‍ 40 ഡിഗ്രി സെല്‍ഷ്യസുമാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര അതിര്‍ത്തിയിലെ വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ 39 ഡിഗ്രി സെല്‍ഷ്യസും ഗദഗില്‍ 37 ഡിഗ്രി സെല്‍ഷ്യസുമാണ് താപനില രേഖപ്പെടുത്തിയത്.

കുടിവെള്ളപ്രതിസന്ധി രൂക്ഷം

മൈസൂരു: ചൂട് കനത്തതോടെ സംസ്ഥാനത്ത് പലയിടങ്ങളിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമായി. ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് കുടിവെള്ളക്ഷാമം കൂടുതലായി അനുഭവപ്പെടുന്നത്. പലയിടങ്ങളിലും ഭൂഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. സംസ്ഥാനത്തെ പ്രധാനപ്പെട്ട 13 അണക്കെട്ടുകളിലുംകൂടി ആകെയുള്ളത് 220 ടിഎംസി അടി ജലമാണ്.

കഴിഞ്ഞ വര്‍ഷം ഇതേസമയം 329 ടിഎംസി അടി ജലമുണ്ടായിരുന്നു. കബനി അണക്കെട്ടില്‍ 6.45 ടിഎംസിയും കൃഷ്ണരാജസാഗറില്‍ 12.22 ടിഎംസിയും മാത്രമാണ് അവശേഷിക്കുന്നത്. കാലവര്‍ഷത്തില്‍ 26 ശതമാനത്തിന്റെ കുറവുണ്ടായതാണ് ക്ഷാമത്തിനിടയാക്കിയത്. നിലവില്‍ കുടിവെള്ളത്തിനു മാത്രമാണ് അണക്കെട്ടുകളിലെ ജലം ഉപയോഗിക്കുന്നത്.