രാജ്യസഭാ സീറ്റ്: പാര്‍ട്ടികളില്‍ ചര്‍ച്ചകള്‍ സജീവം
Tuesday, May 17, 2016 5:54 AM IST
ബംഗളൂരു: കര്‍ണാടകയില്‍ നിന്നും ഒഴിവു വരുന്ന നാലു രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രമുഖപാര്‍ട്ടികളില്‍ ചര്‍ച്ചകള്‍ സജീവമായി. ബിജെപി നേതാക്കളായ വെങ്കയ്യ നായിഡു, അയനൂര്‍ മഞ്ജുനാഥ, കോണ്‍ഗ്രസ് നേതാവ് ഓസ്കര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ കാലാവധിയാണ് അടുത്ത മാസം അവസാനിക്കുന്നത്. ഇതുകൂടാതെ കര്‍ണാടകയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട വ്യവസായി വിജയ് മല്യയെ പുറത്താക്കിയതു മൂലമുള്ള ഒരു ഒഴിവുമുണ്ട്.

രാജ്യസഭയിലേക്ക് ഒരംഗത്തെ വിജയിപ്പിക്കണമെങ്കില്‍ 45 എംഎല്‍എമാരുടെ പിന്തുണ വേണം. 123 എംഎല്‍എമാരുടെ പിന്തുണയുള്ള കോണ്‍ഗ്രസിന് രണ്ടുപേരെ വിജയിപ്പിക്കാം. 45 അംഗങ്ങളുള്ള ബിജെപിക്ക് ഒരാളെയും തെരഞ്ഞെടുക്കാം. ജെഡി-എസിന് 40 എംഎല്‍എമാരുടെ പിന്തുണയുണ്ട്. കൂടാതെ ഒമ്പതു സ്വതന്ത്ര എംഎല്‍എമാരും നിയമസഭയിലുണ്ട്. ജെഡി-എസ് സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെങ്കില്‍ മൂന്നാമത്തെ രാജ്യസഭാ സീറ്റ് സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് ശ്രമം നടത്തുന്നുണ്ട്. അതേസമയം, ജെഡി-എസിന്റെയും സ്വതന്ത്രരുടെയും പിന്തുണയോടെ രണ്ടാമത്തെ അംഗത്തെ വിജയിപ്പിക്കാന്‍ ബിജെപിയും ശ്രമിക്കുന്നു. കേന്ദ്രമന്ത്രിയായ വെങ്കയ്യ നായിഡുവിന് ബിജെപി ഒരു അവസരം കൂടി നല്കാനാണ് സാധ്യത. കോണ്‍ഗ്രസ് ഓസ്കര്‍ ഫെര്‍ണാണ്ടസിനും ഒരു അവസരം കൂടി നല്കിയേക്കും. പി. ചിദംബരം, ജയറാം രമേശ്, എസ്.എം. കൃഷ്ണ എന്നിവരാണ് രണ്ടാമത്തെ സീറ്റിനായി രംഗത്തുള്ളത്. അതേസമയം, രണ്ടാമത്തെ സീറ്റ് വനിതകള്‍ക്കായി നീക്കിവയ്ക്കണമെന്നും കോണ്‍ഗ്രസില്‍ ആവശ്യമുയരുന്നുണ്ട്. അങ്ങനെ വന്നാല്‍ മുന്‍ ലോക്സഭാ എംപി കൂടിയായ നടി രമ്യയ്ക്കാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്പിക്കുന്നത്.