നീസ് ഭീകരാക്രമണം: കൊല്ലപ്പെട്ടവരിലേറെയും മുസ്ലിംകളെന്ന് റിപ്പോർട്ട്
Wednesday, July 20, 2016 6:14 AM IST
പാരീസ്: ഫ്രാൻസിലെ നീസിൽ ട്രക്ക് ഇടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിലേറെയും മുസ്ലിംകളാണെന്ന് റിപ്പോർട്ട്. 84 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 30 പേർ ഇസ്ലാം മതവിശ്വാസികളാണെന്ന് ഫ്രഞ്ച്് പത്രമാണ് റിപ്പോർട്ടു ചെയ്തത്. ഇതിൽ ട്രക്ക് ഓടിച്ച മുഹമ്മദ് ലഹൂജി ബോലെൻ ഉൾപ്പെടെ 20 പേർ ടുണീസിയൻ പൗരന്മാരാണ്.

ഇക്കാര്യം നഗരത്തിലെ ഇമാം ഒട്മാനെ ഐസൗയ് സ്‌ഥിരീകരിച്ചു. കൊല്ലപ്പെട്ട മുസ്ലിംകളിൽ ചിലരെ പരിചയമുണ്ടെന്നും തന്റെ പള്ളിയിൽ വരുന്നവരാണെന്നും ഐസൗയ് കൂട്ടിച്ചേർത്തു.

തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീര നഗരമായ നീസിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചുള്ള വെടിക്കെട്ടു കാണാൻ തടിച്ചുകൂടിയ ജനക്കൂട്ടത്തിനിടയിലേക്കു കൂറ്റൻ ട്രക്ക് ഓടിച്ചു കയറ്റിയുള്ള ആക്രമണത്തിൽ 10 കുട്ടികളടക്കമാണ് 84 പേർ കൊല്ലപ്പെട്ടത്. അക്രമിയെ പോലീസ് അപ്പോൾ തന്നെ വെടിവച്ചുകൊല്ലുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിരുന്നു.