ആവർത്തിക്കുന്ന ആക്രമണങ്ങൾ: മെർക്കൽ വീണ്ടും വിമർശിക്കപ്പെടുന്നു
Saturday, July 23, 2016 8:18 AM IST
ബെർലിൻ: മ്യൂണിക്കിൽ നടന്ന കൂട്ടക്കൊലയെ ജർമൻ ചാൻസലർ അപലപിച്ചു. സംഭവത്തിൽ ജീവൻ വെടിഞ്ഞവരുടെ ആത്മാവിനു നിത്യശാന്തി നേർന്നതിനൊപ്പം സ്വന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അവർ പറഞ്ഞു. മെർക്കൽ മന്ത്രിസഭയുടെ അണിയന്തര യോഗം കൂടി സ്‌ഥിതിഗതികൾ വിലയിരുത്തി. അവധിക്കാലം ചെലവഴിക്കാനായി അമേരിക്കയിലായിരുന്ന ആഭ്യന്തരമന്ത്രി തോമസ് ഡി. മൈസിയർ സംഭവത്തെ തുടർന്നു ജർമനിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

അതേസമയം വൂർസ്ബർഗിനു പിന്നാലെ മ്യൂണിക്കിലും ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ അഭയാർഥി നയം വീണ്ടും രൂക്ഷമായ വിമർശനത്തിനു പാത്രമാകുകയാണ്. രണ്ടു സ്‌ഥലങ്ങളിലും അഭയാർഥികൾ തന്നെയായിരുന്നു ആക്രമണത്തിനു പിന്നിൽ. വൂർസ്ബർഗിൽ അഫ്ഗാൻ വംശജനും മ്യൂണിക്കിൽ ഇറാൻകാരനും. ഇരുവരും പതിനെട്ടു കടക്കാത്ത കൗമാരക്കാരും.

രാജ്യത്തിന്റെ വാതിലുകൾ മലർക്കെ തുറന്നിടുന്ന അഭയാർഥി നയമാണ് ഇത്തരം അക്രമങ്ങൾ അനിയന്ത്രിതമായി വർധിക്കാൻ കാരണമെന്നാണ് മെർക്കലിന്റെ എതിരാളികളും കുടിയേറ്റ – അഭയാർഥി വിരുദ്ധരും പറയുന്നത്.

നേരത്തെ, പുതുവർഷത്തലേന്ന് മ്യൂണിച്ചിൽ വടക്കൻ ആഫ്രിക്കക്കാർ ജർമൻ സ്ത്രീകൾക്കെതിരേ കൂട്ടമായി ലൈംഗിക അതിക്രമം നടത്തിയപ്പോഴും സമാനമായ വിമർശനവും അഭയാർഥികൾക്കെതിരായ ജനരോഷവും ഇത്രയേറെ ശക്‌തമായത്. അന്നു വടക്കൻ ആഫ്രിക്കക്കാർക്കെതിരേ ഉയർന്നതിനു സമാനമായ ജനരോഷമാണ് ഇനി അഫ്ഗാൻകാർക്കും ഇറാൻകാർക്കുമെതിരേ പ്രതീക്ഷിക്കാവുന്നത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ