കർണാടക ബന്ദ് പൂർണം: ബസ്, മെട്രോ സർവീസുകൾ തടസപ്പെട്ടു; ജനജീവിതം സ്തംഭിച്ചു
Saturday, August 6, 2016 5:45 AM IST
ബംഗളൂരു: മഹാദായി നദീജല തർക്കത്തിൽ കർണാടകയ്ക്കെ തിരായ നദീജല ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകളും കന്നഡ സംഘടനകളും ആഹ്വാനം ചെയ്ത കർണാടക ബന്ദ് പൂർണം. കെഎസ്ആർടിസി, ബിഎംടിസി സർവീസുകൾ നിലച്ചു. തൊഴിലാളി സംഘടനകൾ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതോടെ ഓട്ടോറിക്ഷകളും ടാക്സികളും നിരത്തിലിറങ്ങിയില്ല. സ്കൂളുകളും കോളജുകളും സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു.

അതേസമയം, ബന്ദിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് കൂടുതൽ സുരക്ഷയേർപ്പെടുത്തിയിരുന്നു. സിനിമ തിയേറ്ററുകൾ, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, മാളുകൾ എന്നിവയും അടഞ്ഞുകിടന്നു. മൈസൂരു റോഡ് സ്റ്റേഷനിൽ നിന്നുള്ള മെട്രോ സർവീസും തടസപ്പെട്ടു. ഇന്നലെ രാവിലെ ആറു മണിയോടെ മുപ്പതോളം പേർ ടോക്കൺ വാങ്ങിയ ശേഷം സ്റ്റേഷനുള്ളിൽ മെട്രോ സർവീസിനെതിരേ മുദ്രാവാക്യം മുഴക്കുകയായിരുന്നു. സാമ്പിഗെ റോഡ് മല്ലേശ്വരം സ്റ്റേഷനിലും സമാനമായ രീതിയിൽ മെട്രോ സർവീസ് തടസപ്പെട്ടു.

ഹുബ്ബള്ളി–ധാർവാഡ് ജില്ലയിലെ യമനൂർ ഗ്രാമത്തിൽ കർഷകർ നടത്തിയ റാലി അക്രമാസക്‌തമായതിനെത്തുടർന്ന് പോലീസ് ലാത്തി വീശി. കൂടുതൽ സംഘർഷ സാധ്യത കണക്കിലെടുത്ത് ബിഎസ്എഫ്, ദ്രുതകർമസേന, സ്റ്റേറ്റ് റിസർവ് പോലീസ് എന്നിവയുടെ ബറ്റാലിയനുകളെ സ്‌ഥലത്ത് വിന്യസിച്ചു. നാലു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥരാണ് സ്‌ഥിതിഗതികൾ നിരീക്ഷിച്ചത്. ഗാന്ധിനഗറിൽ തുറന്നുകിടന്ന എടിഎം കൗണ്ടറിനു നേരെ പ്രതിഷേധക്കാർ കല്ലേറ് നടത്തി.ബംഗളൂരുവിൽ പ്രതിഷേധക്കാർ ടൗൺഹാളിൽ നിന്ന് ഫ്രീഡം പാർക്ക് വരെ പ്രകടനം നടത്തി. കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സും ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് സാരാ ഗോവിന്ദുവിന്റെ നേതൃത്വത്തിൽ ശ്രീകാന്ത്, താര അനുരാധ, ശ്രുതി, ജഗേഷ്. രംഗയാന രഘു, ശിവറാം തുടങ്ങിയ സിനിമാ താരങ്ങൾ സമരക്കാർക്ക് പിന്തുണയറിയിച്ചു.