ജിഎംഎഫിന്റെ പ്രവാസി സംഗമത്തിനു വർണോജ്വല സമാപനം
Monday, August 8, 2016 8:26 AM IST
കൊളോൺ: ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) അഞ്ചു ദിവസംകൊണ്ട് ആഘോഷമാക്കിയ പ്രവാസി സംഗമത്തിനു വർണോജ്വലമായ സമാപനം. ജൂലൈ 27 മുതൽ 31 വരെ കൊളോണിടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിലാണ് പരിപാടികൾ അരങ്ങേറിയത്.

സമ്മേളനത്തിന്റെ രണ്ടാം ദിവസം ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് സെമിനാറുകൾക്കു നേതൃത്വം നൽകി. മൂന്നാം ദിവസം രാവിലെ പ്രഫ. രാജപ്പൻ നായർ സെമിനാർ നയിച്ചു. വൈകുന്നേരം ഏഴിനു നടന്ന കലാസായാഹ്നം ജിഎംഎഫിന്റെ വിദേശപ്രതിനിധികളായ അഡ്വ. ജൂലപ്പൻ സേവ്യർ (സ്വിറ്റ്സർലൻഡ്) ഡോ. രാധാദേവി (യുഎസ്എ), ഡോ. കമലമ്മ പീറ്റർ (നെതർലാന്റ്സ്), ഡോ. ബേബി (ജർമനി) എന്നിവർ ചേർന്നു ഉദ്ഘാടനം ചെയ്തു.

തോമസ് ചക്യത്ത്, ശ്രീജ ചെറുകാട്, മാത്യു പാറ്റാനി, വില്യം പത്രോസ്, മാത്യു കണ്ണങ്കേരിൽ എന്നിവർ ഗാനം ആലപിച്ചു. പോൾ പ്ലാമൂട്ടിൽ, ചാക്കോ വാഴയിൽ, ജോസഫ് മാത്യു, മേരി വെള്ളാരംകാലായിൽ, ഫിലോമിന, ജോണി ചിറ്റിലപ്പള്ളി, ബാബു ഹാംബുർഗ്, ഡേവീസ് വടക്കുംചേരി എന്നിവരുടെ വിവിധ പരിപാടികൾ ഏബ്രഹാം, മോളി തേനാകര എന്നിവരുടെ സ്കെച്ച്, സാബു ആറാട്ടുകളത്തിന്റെ കാവ്യചൊൽക്കാഴ്ച തുടങ്ങിയവ സായാഹ്നത്തെ കൊഴുപ്പുള്ളതാക്കി.

ഏബ്രഹാം നടുവിലേടത്ത്, ഡോ.ജോർജ് അരീക്കൽ, ഡോ. സെബാസ്റ്റ്യൻ മുണ്ടിയാനപ്പുറത്ത് എന്നിവർ പ്രസംഗിച്ചു.

ഗ്രോസ് ഗെരാവു നവോദയാ സമാജം പ്രസിഡന്റ് ഏബ്രഹാം നടുവിലേടത്തിനെ ജിഎംഎഫ് ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ പൊന്നാടയണിയിച്ച് ആദരിച്ചു.മാത്യു തൈപ്പറമ്പിൽ, ജോൺസൺ ചാലിശേരി എന്നിവർ സംസാരിച്ചു. ഗ്രിഗറി മേടയിൽ, ബേബി കലയംകേരിൽ എന്നിവർ പരിപാടികളുടെ അവതാരകരായിരുന്നു.

നാലാം ദിവസമായ ജൂലൈ 30നു രാവിലെ നടന്ന സെമിനാറുകൾക്ക് അഡ്വ. ജൂലപ്പൻ സേവ്യർ (സ്വിറ്റ്സർലൻഡ്) നേതൃത്വം നൽകി. വിജ്‌ഞാനപ്രദമായ വിഷയങ്ങളെപ്പറ്റി ചർച്ചയിൽ പങ്കെടുത്തവർ കൂടുതൽ മൽസര ബുദ്ധിയോടെയാണ് സംസാരിച്ചത്.

വൈകുന്നേരം ഏഴിനു നടന്ന കലാസായാഹ്നം ജർമനിയിൽ എത്തിയിട്ട് 50 വർഷം തികഞ്ഞ ആന്റണി – കുഞ്ഞമ്മ പുലിക്കോട്ടിൽ, സാറാമ്മ ജോസഫ്, സെബാസ്റ്റ്യൻ – റേച്ചൽ മുണ്ടിയാനപ്പുറത്ത്, ജോസഫ് – എൽസമ്മ തെരുവത്ത്, കമലമ്മ – ബെർണി പീറ്റർ, ഡോ.ജോർജ് – അരീക്കൽ, കുഞ്ഞമ്മ പാറ്റാനി, ലില്ലി ചക്യത്ത് എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്

സെബാസ്റ്റ്യൻ കിഴക്കേടത്ത് പ്രാർഥനാഗാനം ആലപിച്ചു. തുടർന്നു മേരി ക്രീഗർ, മേരി പ്ലാമൂട്ടിൽ, ലില്ലി ചക്യത്ത്, ഫിലോമിന തടത്തിൽ, എൽസി വേലുക്കാരൻ, ജെമ്മ ഗോപുരത്തിങ്കൽ, എൽസി വടക്കുംചേരി,ആനി കുറുന്തോട്ടത്തിൽ എന്നിവരുടെ തിരുവാതിരയോടെ കലാപരിപാടികൾ ആരംഭിച്ചു.

ഇത്തവണത്തെ സാഹിത്യ അവാർഡിന് ഉടമയായ ജർമനിയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ജോസ് പുന്നാംപറമ്പിലിനു ഗ്ലോബൽ ചെയർമാൻ പോൾ ഗോപുരത്തിങ്കൽ അവാർഡ് സമ്മാനിച്ചു. ഡോ. ലിയോണി അരീക്കൽ, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. സിറിയക് ചെറുകാടും ശ്രീജയും ഗാനം ആലപിച്ചു. സാബു ജേക്കബ് ആറാട്ടുകളം കാവ്യചൊൽക്കാഴ്ച, സാറാമ്മ ജോസഫ്, മേരി കലയംകേരിൽ, ജോയി മാണിക്കത്ത്, ജോണി ചിറ്റിലപ്പിള്ളി, തോമസ് മാത്യു, പോൾ പ്ലാമൂട്ടിൽ എന്നിവരുടെ ഹാസ്യാവതരണം, ലൂസിയുടെ നേതൃത്വത്തിൽ അരങ്ങേറിയ ഡാൻസ് ആൻഡ് ഫാഷൻ ഷോ തുടങ്ങിയ പരിപാടികൾ കലാസായാഹ്നത്തെ ഏറെ ആസ്വാദ്യമാക്കി. സംഗമത്തിന്റെ അവലോകനം ഹാസ്യരൂപത്തിൽ ആന്റണി കുറന്തോട്ടത്തിൽ അവതരിപ്പിച്ചു.

തോമസ് ചക്യത്ത്, അപ്പച്ചൻ ചന്ദ്രത്തിൽ എന്നിവർ സംസാരിച്ചു. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികൾ മോഡറേറ്റ് ചെയ്തു. ജെൻസ് കുമ്പിളുവേലിൽ കാമറ കൈകാര്യം ചെയ്തു. എല്ലാ ദിവസവും വൈകിട്ട് യൂറോപ്പിലെ പ്രശസ്ത ഗായകൻ സിറിയക് ചെറുകാടും മകൾ ശ്രീജയും സംഗീതവിരുന്നു നടത്തി. കൂടാതെ ആരോഗ്യത്തെ കൂടുതൽ പരിപോഷിപ്പിക്കാൻ യോഗയും സംഗമദിവസത്തിലെ ഒഴിവു സമയങ്ങളിൽ നടത്തിയിരുന്നു.

സമാപനദിവസമായ 31നു രാവിലെ ഇന്ത്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ ദിവ്യബലി അർപ്പിച്ചു. തുടർന്നു കഴിഞ്ഞ ദിവസങ്ങളിലെ പരിപാടികളെപ്പറ്റിയുള്ള അവലോകനം നടന്നു. ജർമനിയിലെ ജോലിയിൽ നിന്നു വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്നവരായ ദമ്പതിമാർക്കും പങ്കെടുത്ത മറ്റുള്ളവർക്കും സംഗമം ഏറെ വിജ്‌ഞാനവും സന്തോഷകരവുമായിരുന്നുവെന്നു ഏവരും അഭിപ്രായപ്പെട്ടു.

അടുത്ത ഗ്ലോബൽ മീറ്റ് 2017 ജൂലൈ 26 മുതൽ 30 വരെ ജർമനിയിലെ കൊളോണിൽ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികൾക്കു തിരശീല വീണു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ