മൈസൂരു സ്ഫോടനം: എൻഐഎ റിപ്പോർട്ട് നല്കും
Tuesday, August 9, 2016 6:52 AM IST
മൈസൂരു: മൈസൂരുവിൽ കോടതിവളപ്പിലെ ടോയ്ലറ്റിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ തിങ്കളാഴ്ചയാണ് സ്ഫോടനം നടന്നത്.

പിറ്റേദിവസം അന്വേഷണം ആരംഭിച്ച എൻഐഎ സംഘം കോടതിവളപ്പിൽ നിന്നു തെളിവുകൾ ശേഖരിച്ചിരുന്നു. സംഭവത്തിന് കൊല്ലത്തെയും ആന്ധ്രയിലെ ചിറ്റൂരിലെയും കോടതിവളപ്പിൽ നടന്ന സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് സംഘം കണ്ടെത്തി. ഇതേത്തുടർന്ന് കേരളത്തിൽ നിന്നും ആന്ധ്രയിൽ നിന്നുമുള്ള പ്രത്യേക സംഘങ്ങൾ മൈസൂരുവിലെത്തിയിരുന്നു.

സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്ഫോടനത്തിന്റെ ലക്ഷ്യത്തെക്കുറിച്ചോ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ചോ അന്വേഷണസംഘത്തിനു വിവരം ലഭിച്ചിട്ടില്ല.

തമിഴ്നാട്ടിലെ നിരോധിത സംഘടനയായ അൽ–ഉമ്മയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്ഫോടനത്തിനു പിന്നിൽ വൻ ഗൂഢാലോചന നടന്നതായി അന്വേഷണസംഘം സംശയിക്കുന്നുണ്ട്.