മിസ്റ്റർ, മിസിസ്, ഇനി മിക്സും
Wednesday, August 17, 2016 8:07 AM IST
ലണ്ടൻ: മിസ്റ്ററും മിസിസും മിസുമൊക്കെയുണ്ട്. ഇനി അതിനൊപ്പം ഒരു മിക്സ് കൂടിയാകാം. ഔദ്യോഗിക രേഖകളിൽ പേരിനു മുമ്പ് മിസ്റ്റർ, മിസിസ് എന്നിവയ്ക്കൊപ്പം മൂന്നാം ലിംഗക്കാർക്ക് മിക്സ് (എംഎക്സ്) എന്ന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന നിർദേശത്തിന് ദക്ഷിണ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ് പ്രാദേശിക കൗൺസിലിന്റെ അംഗീകാരം.

മൂന്നാം ലിംഗക്കാരെ സൂചിപ്പിക്കാൻ യുകെയിലെ സർവകലാശാലകളും ചില സർക്കാർ ഡിപ്പാർട്ടുമെന്റുകളും മിക്സ് എന്ന് ഉപയോഗിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു പ്രാദേശിക ഭരണകൂടം ഈ നിർദേശത്തിനു അംഗീകാരം നൽകുന്നത്.

കൗൺസിലിന്റെ സമത്വം വൈവിധ്യം പുനപരിശോധനാ സമിതിയാണ് ഇതു സംബന്ധിച്ച നിർദേശം സമർപ്പിച്ചത്. മൂന്നാം ലിംഗക്കാരെകൂടി ഉൾക്കൊള്ളുന്ന വിധം ജോലിസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിർദേശത്തിന് അംഗീകാരം നൽകിയതെന്ന് കൗൺസിലർ ടോം ഹയസ് വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ