ജർമൻ വിദേശ നയത്തിനു പോളണ്ടിന്റെ വിമർശനം
Saturday, August 27, 2016 8:40 AM IST
വാഴ്സോ: ജർമനിയുടെ വിദേശ നയത്തിനെതിരേ പോളിഷ് വിദേശകാര്യ മന്ത്രിയുടെ രൂക്ഷ വിമർശനം. ജർമൻ ചാൻസലർ ആംഗല മെർക്കൽ പോളിഷ് തലസ്‌ഥാനം സന്ദർശിക്കുന്നതിനു തൊട്ടു മുൻപാണ് വിമർശനങ്ങളെന്നും ശ്രദ്ധേയമാണ്.

സ്വന്തം ലക്ഷ്യങ്ങൾക്കു പിന്നാലെ പായുക മാത്രമാണ് ജർമനി മിക്കവാറും ചെയ്യാറുള്ളതെന്നും അവരുടെ വിദേശ നയത്തിലും ഇതു തന്നെയാണ് പ്രതിഫലിക്കുന്നതെന്നും പോളിഷ് വിദേശകാര്യ മന്ത്രി വിറ്റോൾഡ് വാസികോവ്സ്കി. തീർച്ചയായും എല്ലാ രാജ്യങ്ങൾക്കും അവരവരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായുള്ള സമ്മർദങ്ങൾ ചെലുത്തുന്നതിനു അവകാശമുണ്ട്. എന്നാൽ, ചില സാഹചര്യങ്ങളിൽ മറ്റുള്ളവർ ചില വിട്ടുവീഴ്ചകൾ പ്രതീക്ഷിക്കും എന്നു കൂടി ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജർമനിയുടെ ഉദാരമായ അഭയാർഥി നയത്തിൽ പോളിഷ് സർക്കാരിന് കടുത്ത അതൃപ്തിയാണുള്ളത്. യൂറോപ്യൻ യൂണിയൻ അംഗ രാജ്യങ്ങൾ ക്വോട്ട സമ്പ്രദായത്തിൽ അഭയാർഥികളെ സ്വീകരിക്കണമെന്ന നിർദേശം നടപ്പാക്കാൻ ജർമനി ശക്‌തമായ സമ്മർദം തുടരുന്നതും പോളണ്ടിന്റെ കടുത്ത എതിർപ്പിനു കാരണമാകുന്നു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ